28 May Thursday

ഗൾഫിൽ കടുത്ത നിയന്ത്രണം; കുവൈറ്റില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

അനസ് യാസിന്‍Updated: Sunday Mar 22, 2020

മനാമ > കൊറോണവൈറസ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ഗള്‍ഫ്. കുവൈത്തില്‍ വൈകീട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ നാല് വരെ അനിശ്ചിതകാല കര്‍ഫ്യു ഏര്‍പ്പെടുത്തി. താമസ സ്ഥലത്തു തന്നെ തുടരാന്‍ സൗദി ജനങ്ങളോട് ആവശ്യപ്പെട്ടു. ഒമാനില്‍ പത്രങ്ങളടക്കം എല്ലാ പ്രസിദ്ധീകരണങ്ങളുടെയും അച്ചടിയും വിതരണവും നിര്‍ത്തി. ഒമാനും ഖത്തറും പൊതു ഇടങ്ങളിലെ ഒത്തു ചേരലും നിരോധിച്ചു. യുഎഇയില്‍ ബീച്ചുകള്‍ ഉള്‍പ്പെടെ ആളുകള്‍ ഒത്തുചേരുന്ന പൊതു കേന്ദ്രങ്ങള്‍ 15 ദിവസത്തേക്ക് അടച്ചു.

കുവൈത്ത് മന്ത്രിസഭയുടെ അടിയന്തിര യോഗമാണ് രാജ്യത്ത് 11 മണിക്കൂര്‍ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പുറത്തിറങ്ങരുതെന്ന നിര്‍ദേശം ആളുകള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് കര്‍ഫ്യു തീരുമാനമെന്ന് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹ് വ്യക്തമാക്കി. കര്‍ഫ്യൂ ഞായറാഴ്ച നിലവില്‍ വന്നു. കര്‍ഫ്യു ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും പതിനായിരം കുവൈത്തി ദിനാര്‍ പിഴയും ശിക്ഷയായി ലഭിക്കും. പൊതുമേഖല ജീവനക്കാരുടെ അവധി ഏപ്രില്‍ 9 വരെ നീട്ടി. കുവൈത്തില്‍ സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ ഒഴികെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളും ലബോറട്ടറികളും അടച്ചിടും.

25-മാത് ദുബായ് ലോകകപ്പ് 2020 അടുത്തവര്‍ഷത്തേക്ക് മാറ്റി. പരമാവധി വീടുകളില്‍ തങ്ങാനും പുറത്തുള്ള യാത്രകള്‍ ഒഴിവാക്കാനും യുഎഇ ആവശ്യപ്പെട്ടു. പൊതു-സ്വകാര്യ ബീച്ചുകള്‍, നീന്തന്‍ കുളങ്ങള്‍, പൊതു പാര്‍ക്കുകള്‍, കായിക ക്ഷമതാ കേന്ദ്രങ്ങള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവ് അടച്ചു. റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനത്തിന് കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. 20 ശതമാനം ഉപഭോക്താക്കളെ മാത്രമേ അകത്ത് പ്രവേശിപ്പിക്കാവൂ. ഉപഭോക്താക്കളെ തമ്മില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ ഇരുത്തണമെന്നും യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

കോവിഡ്-19 പടരുന്നത് തടയാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി നടപടികള്‍ ശക്തമാക്കി. രാജ്യത്തെ എല്ലാ മണി എക്‌സ്‌ചേഞ്ചുകളും അടക്കണം. പകരം ബാങ്കുകള്‍ ഈ സേവനം നല്‍കണം. ജീവനക്കാരുടെ എണ്ണം പരാമാവധി കുറച്ച് വീട്ടിലിരുന്ന് ജോലി വര്‍ധിപ്പിക്കണം. രോഗസാധ്യതയുള്ളതിനാല്‍ നോട്ടുകള്‍ക്ക് പകരം ഇലക്‌ട്രോണിക് പേയ്‌മെന്റ് വ്യാപകമാക്കണം. ഒമാനിലെ വിദേശ തൊഴിലാളികളോട് ജോലി സമയം കഴിഞ്ഞാല്‍ വീട്ടില്‍ തന്നെ കഴിയാന്‍ മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശിച്ചു. അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്ത് ഇറങ്ങരുത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകും.
രോഗം വര്‍ധിച്ച പാശ്ചാത്തലത്തില്‍ സൗദിയില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു. ശനിയാഴ്ച മുതല്‍ സൗദിയില്‍ പൊതുഗതാഗതം നിലച്ചിരിക്കയാണ്.

ഖത്തറില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ 80 ശതമാനം ജീവനക്കാരും വീട്ടിലിരുന്ന് ജോലി ആരംഭിച്ചു. 20 ശതമാനം മാത്രമാണ് ഓഫീസുകളില്‍ ഹാജരാകുക. വിവിധ മേഖലകളില്‍ ഹോട്ടലുകളും കഫേകളും അടച്ചിടും. പൊതു സ്ഥലങ്ങളില്‍ ഒത്തുചേരല്‍ ഉത്തരവ് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും. എന്നാല്‍, കാര്‍, ബസ്, ട്രക്ക് എന്നിവയിലെ യാത്രക്ക് വിലക്കില്ല.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top