07 April Tuesday

തടവുകാർക്ക് പരോളോ ജാമ്യമോ അനുവദിക്കണം: സുപ്രീംകോടതി

പി ആർ ചന്തുകിരൺUpdated: Tuesday Mar 24, 2020

ന്യൂഡൽഹി
കോവിഡ് ഭീഷണിയിൽ ജയിലുകളിലെ തിരക്ക് കുറയ്‌ക്കാൻ തടവുകാർക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാൻ സുപ്രീംകോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു. തടവുകാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. പരോൾ - ജാമ്യ കാലാവധി നാലുമുതൽ ആറ് ആഴ്ചവരെയാകാമെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഏഴുവർഷംവരെയുള്ള തടവുശിക്ഷ അനുഭവിക്കുന്നവർക്കും വിചാരണത്തടവുകാർക്കുമാണ് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാൻ നിർദേശം.

പരോൾ  സംബന്ധിച്ച് മാനദണ്ഡവും പട്ടികയും തയ്യാറാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം. സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി ചെയർമാനാണ് അധ്യക്ഷൻ. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിലുകളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ എന്നിവരാണ്‌ അംഗങ്ങൾ. വിചാരണത്തടവുകാരെ കോടിതിയിൽ നേരിട്ട് ഹാജരാക്കേണ്ടതില്ല. വീഡിയോ കോൺഫറൻസ് ഉപയോഗിക്കണം. തിരക്കൊഴിവാക്കുന്നതിനല്ലാതെ തടവുകാരെ ജയിൽ മാറ്റേണ്ട.
തടവുകാർക്ക് വീഡിയോ കോൺഫറൻസിലൂടെ കുടുംബാംഗങ്ങളുമായി സംസാരിക്കാൻ സൗകര്യം ഒരുക്കുമെന്ന് കേരളം  സുപ്രീംകോടതിയെ അറിയിച്ചു. തടവുകാരുടെ അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, കുട്ടികൾ എന്നിവർക്കാണ് സൗകര്യം.

തടവുകാർക്ക് സാനിറ്റൈസർ, മാസ്‌ക് എന്നിവ ലഭ്യമാക്കുക, ജയിലിനുള്ളിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുക എന്നിവ രാജ്യത്തെ ജയിലുകളിൽ നടപ്പാക്കാൻ കോടതി നിർദേശിച്ചു. രാജ്യത്ത് 1339 ജയിലിലായി 4,66,084 തടവുകാരാണുള്ളത്. ഉത്തർപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ ജയിലുകളിലാണ് ഏറ്റവും കൂടുതൽ തടവുകാർ.


പ്രധാന വാർത്തകൾ
 Top