27 May Wednesday

യുഎഇയില്‍ രണ്ടു കോവിഡ് മരണം; ഗള്‍ഫില്‍ കേസുകള്‍ വര്‍ധിച്ചു

അനസ് യാസിന്‍Updated: Thursday Apr 2, 2020

മനാമ> യുഎഇയില്‍ കൊറോണവൈറസ് ബാധിച്ച് ബുധനാഴ്ച രണ്ടുപേര്‍ കൂടി മരിച്ചു. 150 പേര്‍ക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.62 കാരനായ ഏഷ്യക്കാരനും 78 കാരനായ ഗള്‍ഫ് പൗരനുമാണ് മരിച്ചത്. ഹൃദ്രോഗമടക്കം വിട്ടുമാറാത്ത അസുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നതായും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ എട്ടായി. ചൊവ്വാഴ്ചയും വൈറസ് ബാധിച്ച് യുഎഇയില്‍ ഒരാള്‍ മരിച്ചിരുന്നു. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 814 ആയി ഉയര്‍ന്നു.ഗള്‍ഫില്‍ ഇതുവരെ 4465 കൊറോണ വൈറസ് കേസുകളും 31 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

 അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ബുധനാഴ്ച മാത്രം 409 പുതിയ കേസുകള്‍ സ്ഥീരീകരിച്ചു, എട്ട് മരണങ്ങളും. 773 പേര്‍ രോഗമുക്തരായി.കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ ബുധനാഴ്ച അഞ്ച് പ്രവാസികളടക്കം ആറു പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിത മരണം 16 ആയി.

 157 പുതിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികള്‍ 1720 ആയി ഉയര്‍ന്നു. ഇതില്‍ 30 പേര്‍ അത്യാസന്ന നിലയിലാണ്. ബുധനാഴ്ച 99 പേര്‍ക്ക് രോഗം ദേദമായി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവര്‍ 264 ആയി.

കുവൈത്തില്‍ 24 ഇന്ത്യക്കാരടക്കം 28 പേര്‍ക്ക് ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിതര്‍ 317 ആയി. ഇതുവരെ 59 ഇന്ത്യക്കാര്‍ക്ക് രോഗം പിടിപ്പെട്ടു. ഫഹീലില്‍ 440 ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം കര്‍ശന നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ 18 പേര്‍ക്ക് കൂടി ബുധനാനാഴ്ച രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതര്‍ 210 ആയി. 34 പേര്‍ക്ക് രോഗം ഭേദമായി.സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അത്യാവശ്യക്കാര്‍ അല്ലാത്തവര്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അധികൃതര്‍ നിയന്ത്രണങ്ങര്‍ കൂടുതല്‍ കടുപ്പിച്ചു. കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത മത്ര മേഖലയിലേക്കുള്ള റോഡുകള്‍ പൂര്‍ണമായും അടച്ചു.

അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം. ഹമരിയ, ദാര്‍സൈത്ത്, വാദി കബീര്‍, അല്‍ ബുസ്താന്‍ എന്നിവിടങ്ങളിലും ചെക്ക്‌പോയിന്റുകള്‍ ഏര്‍പ്പെടുത്തി യാത്ര നിയന്ത്രിക്കുന്നുണ്ട്.മസ്‌കത്ത്, റൂവി ഭാഗങ്ങളിലും യാത്രാ നിയന്ത്രണം ഉണ്ട്. മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത കുരുക്കിന് ഇത് കാരണമായി.

ജോലിക്ക് പോകുന്നവര്‍ അത്യാവശ്യം കാണിക്കുന്ന  ഓഫീസില്‍ നിന്നുള്ള കത്ത് ഹാജരാക്കാണമെന്ന് പൊലിസ് നിര്‍ദേശിച്ചു.ഖത്തറില്‍ 54 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് രോഗികള്‍ 835 ആയി ഉയര്‍ന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്  രോഗ ബാധിതരില്‍ ഏറെയും. ബുധനാഴ്ച ഒന്‍പത് പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവര്‍ 71 ആയി.  രാജ്യത്ത് ഇതുവരെ 24,825 പേരുടെ പരിശോധന നടത്തി.

ബഹ്റൈനില്‍ 21 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടിയവര്‍ 337 ആയി ഉയര്‍ന്നു.228 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരം. ബുധനാഴ്ച പുതുതായി രണ്ടുപേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. അതേസമയം, ബഹ്റൈനില്‍ പ്രവാസികള്‍ക്കിടയില്‍ വൈറസ് വ്യാപനം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 47 വിദേശ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ പ്രചാരണത്തെതുടര്‍ന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പ്രചരിക്കുന്ന രീതിയിലുള്ള വ്യാപനം ഇല്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.








 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top