11 August Tuesday
ആറ്‌ യൂറോപ്യൻ രാജ്യങ്ങളിൽ മരണം ആയിരം കടന്നു

മഹാമാരി വിഴുങ്ങി 50,000 ജീവൻ ; അമേരിക്കയിൽ 6000 മരണം

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

മാഡ്രിഡ്‌/റോം
രണ്ടാം ലോകയുദ്ധത്തിന്‌ ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 10 ലക്ഷത്തോളമായി. ഇതനുസരിച്ച്‌ 5 ശതമാനത്തോളമാണ്‌ ആഗോള മരണനിരക്ക്‌. എന്നാൽ മരണസംഖ്യയിൽ മൂന്നിൽരണ്ടും യൂറോപ്പിലായതിനാൽ അവിടെയാണ്‌ ഇപ്പോൾ മരണനിരക്ക്‌ ഏറ്റവും കൂടുതൽ. ഇതുവരെ രണ്ടേകാൽ ലക്ഷം പേർക്ക്‌ രോഗം ബാധിച്ച അമേരിക്കയിൽ ബുധനാഴ്‌ച മാത്രം ആയിരത്തിലധികമാളുകൾ മരിച്ചത്‌ അവിടെയും സ്ഥിതി ആശങ്കപ്പെടുത്തുന്നതാക്കി.

മരണസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള സ്‌പെയിനിൽ വ്യാഴാഴ്‌ച അറിയിച്ച മരണസംഖ്യ അവിടത്തെ റെക്കോഡാണ്‌. 24 മണിക്കൂറിനിടെ 950 പേർ കൂടി മരിച്ചപ്പോൾ സ്‌പെയിനിലും മരണസംഖ്യ 10000 കടന്നു. 10003 പേരാണ്‌ മരിച്ചത്‌. ഏറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിൽ 760 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 13915 ആയി. ഇറ്റലിയിൽ ആദ്യമായി ജയിലിലും കോവിഡ്‌ ബാധിച്ച്‌ മരണമുണ്ടായി.ബെൽജിയത്തിൽ 183 പേർ കൂടി മരിച്ചപ്പോൾ മരണസംഖ്യ 1011 ആയി. മരണം ആയിരം കടന്ന ആറാമത്തെ യൂറോപ്യൻ രാജ്യമാണിത്‌. നെതർലൻഡ്‌സിൽ 166 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1339 ആയി.


 

ഫ്രാൻസിൽ 4032 ആണ്‌ ബുധനാഴ്‌ച വൈകിട്ട്‌ വരെയുള്ള മരണസംഖ്യ. ബ്രിട്ടനിൽ 569 പേർ കൂടി മരിച്ചപ്പോൾ മരണസംഖ്യ 2921 ആയി. യൂറോപ്പിൽ രണ്ട്‌ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികവും മൂന്ന്‌ രാജ്യങ്ങളിൽ അരലക്ഷത്തിലധികവുമാണ്‌. ഡിസംബർ അവസാനം രോഗം ആദ്യം കണ്ട ചൈനയിൽ ആറ്‌ പേർ കൂടി മരിച്ചതോടെ മരണസംഖ്യ 3318 ആയി. ഇവിടെ വിദേശത്ത്‌ നിന്ന്‌ വന്ന 35 പേർക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചു. ചൈനയിൽ രോഗം ബാധിച്ച 81589 പേരിൽ76408 പേർ സുഖം പ്രാപിച്ചു. ഗൾഫ്‌ മേഖലയിൽ ഏറ്റവുമധികം രോഗികളും മരണവും രേഖപ്പെടുത്തിയ ഇറാനിൽ രോഗികളുടെ എണ്ണം അര ലക്ഷം കടന്ന്‌ 50468 ആയി. 124 പേർ കൂടി മരിച്ചതോടെ ഇവിടെ മരണസംഖ്യ 3160 ആയി. സൗദി അറേബ്യ മെക്കയിലും മദീനയിലും 24 മണിക്കൂർ കർഫ്യു ഏർപ്പെടുത്തി. കോവിഡ്‌ മൂലം ലോകത്താകെ 390 കോടിയിലധികമാളുകൾ അടച്ചുപൂട്ടലിലാണ്‌.

ലോകജനസംഖ്യയിൽ പകുതിയിലധികമാണ്‌ ഇത്‌. രോഗം ഇപ്പോൾ ഏറ്റവും ഭീകരമായി ജീവനെടുക്കുന്ന അമേരിക്കയിലും യൂറോപ്പിലും അടുത്ത രണ്ടാഴ്‌ചയോടെ ഇതിന്റെ രൂക്ഷത പാരമ്യത്തിലെത്തുമെന്നും പിന്നീട്‌ താഴുമെന്നുമാണ്‌ ഭരണാധികാരികൾ പ്രതീക്ഷിക്കുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top