25 May Monday

കുവൈറ്റിൽ 363 ഇന്ത്യക്കാർ കൊറോണ ബാധിതർ

ടി വി ഹിക്മത്ത്Updated: Tuesday Apr 7, 2020


കുവൈറ്റ്‌ സിറ്റി> രാജ്യത്ത് കൊറോണ വൈറസ് ബാധിതരാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവ്‌ പ്രവാസി സമൂഹത്തില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഇന്ന് മാത്രം എഴുപത്തിഎട്ടു കേസുകളാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട്‌  ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ അന്‍പത്തി ഒന്‍പത് പേരും ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ ആകെ രോഗാബാധിതരുടെ എണ്ണം 743 ആയി ഉയര്‍ന്നു. നൂറ്റി അഞ്ചു പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

 പ്രതിരോധ പ്രവർത്തനങ്ങളുടെ  ഭാഗമായി പതിമൂന്നു മണിക്കൂര്‍ രാജ്യവ്യാപക കര്‍ഫ്യുവിനു പുറമേ പ്രവാസികള്‍ കൂടുതലായി താമസിക്കുകയും രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയും ചെയ്ത ജലീബ് അല്‍ ശുഐഖ്, മഹബുള്ള തുടങ്ങിയ പ്രദേശങ്ങളില്‍ പൂര്‍ണ്ണമായ ലോക് ടൌണും ഇന്നലെ മുതല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങളുടെ ചുമതല സൈന്യത്തിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കർഫ്യൂ പാസുള്ളവർ, ആരോഗ്യ പ്രവർത്തകർ എന്നിവര്‍ക്ക് മാതമാണ് ഈ പ്രദേശങ്ങളില്‍ നിന്നും പുറത്തുപോകാന്‍ അനുമതിയുള്ളൂ.

രാജ്യത്തിന്‍റെ മറ്റു പ്രദേശങ്ങളിലെക്കും രോഗം പടരുന്നതയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. രോഗാബാധ തടയുന്നതിന് രാജ്യവ്യാപകമായ കര്‍ഫ്യു ഏര്‍പ്പെടുതണമെന്നാണ് സഫ അല്‍ ഹാഷിമിനെ പോലുള്ള എം.പിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ അത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ ഇത് വരെ എത്തിചേര്‍ന്നിട്ടില്ല.

 ഇതേ സമയം സ്വദേശി മേഖലകളിൽ കുടുംബത്തോടപ്പമല്ലാതെ താമസിക്കുന്ന വിദേശികളായ ബാച്ച്ലേര്‍സിനെ കണ്ടെത്തുന്നതിന് മുൻസിപ്പൽ അധികൃതരും ശക്തമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്‌. ഇത്തരം നിരവധി വീടുകളിൽ ജല വൈദ്യുതി ബന്ധം വിച്ഛേദിക്കുവാനും അധികൃതർ ജല വൈദ്യുതി മന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്.


പ്രധാന വാർത്തകൾ
 Top