02 July Thursday

കോവിഡ്-19: ഗൾഫ്‌ മേഖലയിൽ 74,844 കേസുകള്‍; മരണം 419

അനസ് യാസിന്‍Updated: Wednesday May 6, 2020


മനാമ>  കൊറോണവൈറസ് കേസുകള്‍ ജിസിസിയില്‍ ഗണ്യമായി വര്‍ധിക്കുന്നു. ഇതുവരെ 74,844 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 419 പേര്‍ മരിച്ചു. 15,160 പേര്‍ക്ക് രോഗം ഭേദമായി.

സൗദിയില്‍ രോഗബാധിതര്‍ 30,000 കടന്നു. തൊട്ടു പിന്നില്‍ ഖത്തറും മൂന്നാം സ്ഥാനത്ത് യുഎഇയുമാണ്. സൗദി-30,251, ഖത്തര്‍-17,142, യുഎഇ-15,192, കുവൈത്ത്-5,804, ബഹ്‌റൈന്‍-3,720, ഒമാന്‍-2,735 എന്നിങ്ങനെയാണ് ഇതുവരെ സ്ഥിരീകരിച്ച കേസുകള്‍. വിവിധ രാജ്യങ്ങളില്‍ രോഗ ബാധിതരില്‍ വലിയൊരു ഭാഗം പ്രവാസികളാണ്.

മരണത്തിലും പ്രവാസികളാണ് മുന്നില്‍. സൗദിയില്‍ മരണ സംഖ്യ 200 കടന്നു. യുഎഇയില്‍ 146 പേര്‍ ഇതുവരെ മരിച്ചു. കുവൈത്ത് 40, ഒമാന്‍ 13, ഖത്തര്‍ 12, ബഹ്‌റൈന്‍ എട്ട് എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണ സംഖ്യ.ചൊവ്വാഴ്ച സൗദിയിലും യുഎഇയിലുമായി 18 പേര്‍ മരിച്ചു. ഒമാനില്‍ ചൊവ്വാഴ്ച രാത്രി ഒരാള്‍ മരിച്ചു.
റു ഗള്‍ഫ് രാജ്യങ്ങളിലായി 3673 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സൗദിയില്‍ ഒന്‍പത് മരണം; ഒറ്റ ദിവസം 955 പേര്‍ക്ക് രോഗ മുക്തി

സൗദിയില്‍ ചൊവ്വാഴ്ച എട്ട് പ്രവാസികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ ഇരുന്നൂറായി. 1,595 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 30,251. ഇതില്‍ 200 പേര്‍ മരിച്ചു. 5431 പേര്‍ക്ക് രോഗം ഭേദമായി. 24,620 പേരാണ് ചികിത്സയില്‍. ഇതില്‍ 143 പേര്‍ അത്യസന്ന നിലയിലാണ്. ചൊവ്വാഴ്ച 955 പേര്‍ രോഗമുക്തരായി. ഇത് ഗള്‍ഫില്‍ തന്നെ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന റെക്കോര്‍ഡ് രോഗമുക്തിയാണ്.

യുഎഇയില്‍ മരണം 146; വൈറസ് ബാധിതര്‍ 15,192

യുഎഇയില്‍ ചൊവ്വാഴ്ച ഒന്‍പത് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ  മരണസംഖ്യ 146 ആയി. 462 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. ഇതോടെ വൈറസക് സ്ഥിരീകരിച്ചവര്‍ 15,192 ആയി. ഇതില്‍ 3,153 പേര്‍ രോഗമുക്തരായി. ചൊവ്വഴ്ച മാത്രം 187 പേര്‍ക്ക് രോഗമുക്തി.  12,039 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.

ഖത്തറില്‍ 951 പേര്‍ക്കുകൂടി രോഗം; രോഗബാധിതര്‍ 17,142

ഖത്തറില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവര്‍ 17,142 ആയി. ചൊവ്വാഴ്ച പുതുതായി 951 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗികളില്‍ ഭൂരിഭാഗവും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
114 പേര്‍ക്ക് ചൊവ്വാഴ്ച രോഗം ഭേദമായതോടെ ആകെ രോഗവിമുക്തി 1924 ആയി. 12 പേര്‍ ഇതുവരെ മരിച്ചു.

കുവൈത്തില്‍ വൈറസ് ബാധിതര്‍ 5,804
കുവൈത്തില്‍ 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 526 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതര്‍ 5,804 ആയി. ഇതില്‍ 2,492 പേര്‍ ഇന്ത്യക്കാരാണ്. പുതുതായി 85 പേര്‍ക്ക് രോഗം ഭേദമായതോടെ ആകെ രോഗമുക്തി 2,032 ആയി. ഇതുവരെ 40 പേര്‍ മരിച്ചു. 3,732 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 90 പേര്‍ അത്യസന്ന നിലയിലാണെന്ന്  ആരോഗ്യമന്ത്രലായം അറിയിച്ചു.

ബഹ്‌റൈനില്‍ 1762 പേര്‍ക്ക് രോഗമുക്തി

ബഹ്‌റൈനില്‍ 34 പ്രവാസികള്‍ ഉള്‍പ്പെടെ 41 പേര്‍ക്ക് ചൊവ്വാഴ്ച പുതുതായി രോഗം കണ്ടെത്തി. ഇതോടെ രാജ്യത്തെ ആകെ സ്ഥിരീകരിച്ച കൊറോണവൈറസ് കേസുകള്‍ 3,720 ആയി. ഇതില്‍ 1762 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ എട്ടു പേര്‍ മരിച്ചു. 1950 പേരാണ് ചികിത്സയില്‍. 155501 കോവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ ഒരു മരണം; 52 പ്രവാസികള്‍ക്കു കൂടി കോവിഡ്
ഒമാനില്‍ ചൊവ്വാഴ്ച രാത്രി 67 കാരനായ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മരണ സംഖ്യ 13 ആയി.
52 പ്രവാസികള്‍ ഉള്‍പ്പെടെ 98 പേര്‍ക്ക് കൂടി രോഗം കണ്ടതോടെ രാജ്യത്തെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 2,735 ആയി. രോഗമുക്തി നേടിയവര്‍ 858.  1,865 പേരാണ് നിലവില്‍ ചികിത്സയില്‍. ഭൂരിഭാഗം കേസുകളും തലസ്ഥാനമായ മസ്‌കത്തിലാണ് കണ്ടെത്തിയത്. 1,958 കോവിഡ് കേസുകളാണ് മസ്‌കത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top