27 May Wednesday
ഒമാനില്‍ കോവിഡ് ബാധിതര്‍ 331

സൗദിയില്‍ നാലു മരണം കൂടി; കുവൈത്തില്‍ 79 ഇന്ത്യക്കാര്‍ക്കുകൂടി കോവിഡ്

അനസ് യാസിന്‍Updated: Monday Apr 6, 2020


മനാമ> കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ ഇന്ന് നാലു പേര്‍ മരിച്ചു. ഇതോടെ കോവിഡ് മൂലമുള്ള രാജ്യത്തെ മരണ സംഖ്യ 38 ആയി. 24 മണിക്കൂറിനിടെ 138 പേര്‍ക്കു കൂട പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദല്‍ അലി അറിയിച്ചു.ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,523 ആയി.

63 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവര്‍ 551 ആയി. 1934 പേര്‍ ചികിത്സയില്‍ കഴിയുന്നു.
ഇതില്‍ 39 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.അതിനിടെ സൗദിയിലെ ദവാത്മിയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിഞ്ചു കുഞ്ഞ് സുഖം പ്രാപിച്ചതായി ദവാത്മി ജനറല്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിയെ ഗാര്‍ഹിക ഐസലേഷനിലേക്ക് മാറ്റി.

ഒമാനില്‍ കോവിഡ് ബാധിതര്‍ 331
ഒമാനില്‍ 33 പേര്‍ക്ക് കൂടി തിങ്കളാഴ്ച കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഒമാനില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗബാധയാണിത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവര്‍ എണ്ണം 331 ആയി ഉയര്‍ന്നു. ഇതില്‍ മസ്‌കത്ത് മേഖലയില്‍ ചികിത്സയിലിരുന്ന രണ്ടു സ്വദേശികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു. 61 പേര്‍ രോഗമുക്തരായി.

പുതിയ 33 കേസുകളില്‍ 31 ഉം തലസ്ഥാനമായ മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്. ഒമാനിലെ 75 ശതമാനം വൈറസ് ബാധിതരും മസ്‌കത്ത് മേഖലയിലാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

കുവൈത്തില്‍ 304 ഇന്ത്യക്കാര്‍ ചികിത്സയില്‍
കുവൈത്തില്‍ 79 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പുതുതായി 109 പേര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 665 ആയി. നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് 79 ഇന്ത്യക്കാര്‍ക്കും രോഗം പകര്‍ന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ എട്ടു കുവൈത്ത് പൗരന്മാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

103 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. നിലവില്‍ 561 പേരാണ് ചികിത്സയില്‍ ഉള്ളത്. ഇതില്‍ 304 പേര്‍ ഇന്ത്യക്കാരാണ്. തിവ്ര പരിചരണ വിഭാഗത്തില്‍ 20 പേര്‍ ചികിത്സയിലാണ്. ഇതില്‍ ഏഴ് പേരുടെ നിലഗുരുതരമാണെന്നും ആരോഗ്യമന്ത്രാലം അറിയിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top