25 May Monday

കോവിഡ്-19: കുവൈത്തില്‍ മരിച്ചത് ഗുജറാത്ത് സ്വദേശി; ജിദ്ദയില്‍ ഏഴിടങ്ങളില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ

അനസ് യാസിന്‍Updated: Sunday Apr 5, 2020


മനാമ> കൊറോണവൈറസ് ബാധിച്ച് കുവൈത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ഗുജറാത്ത് സ്വദേശി വിനയകുമാറാ(46)ണ് ജാബിര്‍ ആശുപത്രിയില്‍ മരിച്ചത്. കോവിഡ്മൂലമുള്ള രാജ്യത്തെ ആദ്യ മരണമാണിത്. ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തിയിരുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
165 ഇന്ത്യക്കാര്‍ കുവൈത്തില്‍ ചികിത്സയിലുണ്ട്. ശനിയാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ച 62 പേരില്‍ 50 പേരും ഇന്ത്യക്കാരാണ്.

കഴിഞ്ഞ ദിവസം കുവൈത്തില്‍ നിരീക്ഷണത്തിലായിരുന്ന മറ്റൊരു ഇന്ത്യക്കാരന്‍ ആശുപത്രിയിലേക്കുള്ള വഴി മരിച്ചിരുന്നു. മരണകാരണം ഹൃദയാഘാതമാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും പരിശോധനയില്‍ കൊറോണവൈറസ് കണ്ടെത്തിയിരുന്നു. ഈ മരണം കോവിഡില്‍ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ കുവൈത്ത് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം കാത്തിരിക്കയാണ്.

ശനിയാഴ്ച ഗള്‍ഫില്‍ പുതുതായി 731 കോവിഡ് കേസുകളും ആറു മരണങ്ങങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത്-62, സൗദി- 140, ബഹ്‌റൈന്‍- 15, യുഎഇ- 241, ഖത്തര്‍- 250, ഒമാന്‍ 25 എന്നിങ്ങനെയാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. കുവൈത്തിനു പുറമേ സൗദിയില്‍ നാലു മരണവും യുഎഇയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. യുഎഇയില്‍ 53 വയസുള്ള അറബ് വനിതയാണ്  മരിച്ചത്. ഇതോടെ എമിറേറ്റ്‌സില്‍ കോവിഡ് ബാധിത മരണം 10 ആയി.

അതിനിടെ, ജിദ്ദ ഗവര്‍ണറേറ്റില്‍ ഏഴ് ഇടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ചുമത്തി. ജിദ്ദ മേഖലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന വ്യാപനം തടയാനായാണ് മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ജിദ്ദയിലെ സൗത്ത് കിലോ 14, നോര്‍ത്ത് കിലോ 14, അല്‍മഹ്ജര്‍, ഗലീല്‍, അല്‍ ഖുറയാത്ത, കിലോ 13, പട്രോമിന്‍ എന്നിവടങ്ങളില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു.ഭക്ഷണം, ആശുപത്രി എന്നീ അത്യാവശ്യങ്ങള്‍ക്കായി രാവിലെ ആറു മുതല്‍ ഉച്ചക്ക് ശേഷം മൂന്നുവരെ പുറത്തിറങ്ങാന്‍ അനുവാദമുണ്ട്.

കര്‍ഫ്യൂ ലംഘിച്ചതിന് കുവൈത്തിലെ ഫര്‍വാനിയായില്‍നിന്ന് നാടന്‍ മദ്യം സഹിതം മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.





 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top