02 July Thursday

ഗള്‍ഫില്‍ മരണം 200 കടന്നു; രോഗം സ്ഥിരീകരിച്ചവര്‍ 33,995

അനസ് യാസിന്‍Updated: Wednesday Apr 22, 2020

മനാമ > കെറോണവൈറസ് ബാധിച്ച് ഗള്‍ഫില്‍ ബുധനാഴ്ച ഒന്‍പത് പ്രവാസികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. പുതുതായി 2,542 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികള്‍ 33,995 ആയി. മരണം 204 ആയി ഉയര്‍ന്നു.ബുധനാഴ്ച യുഎഇയില്‍ ആറ് പേരും സൗദിയില്‍ അഞ്ചു പേരും കുവൈത്തില്‍ രണ്ടു പേരും ഖത്തറില്‍ ഒരാളുമാണ് മരിച്ചത്.

യുഎഇയിൽ  ആറു മരണം; 483 പേര്‍ക്കുകൂടി രോഗം

കൊറോണവൈറസ് ബാധിച്ച് യുഎഇയില്‍ ബുധനാഴ്ച ആറു പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരണ നിരക്ക് 52 ആയി. 483 പേര്‍ക്ക് കൂടി പുതുതായി രോഗം കണ്ടെത്തി, ഇതോടെ സ്ഥിരീകരിച്ച കേസുകള്‍ 8,238 ആയി. ഇതില്‍ 1,546 പേര്‍ക്ക് രോഗം ഭേദമായി.

യുഎഇയില്‍ മരിച്ചവരില്‍ ഒരാള്‍ ഗുരുവായൂര്‍ കോട്ടപ്പടി താഴിശ്ശേരി സ്വദേശി ബാബുരാജ്(55) ആണെന്ന് സ്ഥിരീകരിച്ചു. റെന്റ് എ കാര്‍ കമ്പനി ജീവനക്കാരനായിരുന്നു. ആറു മാസം മുന്‍പ് നാട്ടില്‍ പോയി വന്നതാണ്.

സൗദിയില്‍ അഞ്ച് പ്രവാസികള്‍ മരിച്ചു; 1,141 പേര്‍ക്ക് രോഗം

കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ അഞ്ച് പ്രവാസികള്‍ മരിച്ചു. ഇതോടെ ആകെ മരണം 114 ആയി. പുതുതായി 1141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 12,772 ആയി. നിലവില്‍ 10,846 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കുവൈത്തില്‍ രണ്ടു ഇന്ത്യക്കാര്‍ മരിച്ചു
കൊറോണവൈറസ് ബാധിച്ച് കുവൈത്തില്‍ രണ്ടു ഇന്ത്യക്കാര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്  മരണം പതിമൂന്നായി. 57 വയസ്സും 75 വയസ്സും പ്രായമുള്ളവരാണ് മരിച്ചത്. ഇതുവരെ അഞ്ച് ഇന്ത്യക്കാരാണ് കോവിഡ് മൂലം മരിച്ചത്.

80 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 168 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ 2,248 ആയി. രാജ്യത്ത് ഇതുവരെ 1249 ഇന്ത്യക്കാരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഖത്തറില്‍ പ്രവാസി മരിച്ചു
കൊറോണവൈറസ് ബാധിച്ച് ഖത്തറില്‍ ഒരാള്‍കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിത മരണം 10 ആയി.
55 കാരനായ പ്രവാസിയാണ് മരിച്ചത്.ബുധനാഴ്ച പുതുതായി 608 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 7,141  ആയി.

ബഹ്‌റൈനില്‍ 242 പേര്‍ക്ക് രോഗമുക്തി
ബഹ്‌റൈനില്‍ ബുധനാഴ്ച 242 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമക്തി നേടുന്നവര്‍ 1,026 ആയി. 976 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 36 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ഒമാനില്‍ 106 പേര്‍ക്കുകൂടി രോഗം

ഒമാനില്‍ ബുധനാഴ്ച 106 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതര്‍ 1,614 ആയി. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 71 പേരും വിദേശികള്‍. പുതിയ രോഗികളില്‍ 74 പേര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവര്‍.  238 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. മലയാളിയടക്കം എട്ടുപേര്‍ മരിച്ചു. 1,368 പേരാണ് ചികില്‍സയില്‍.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top