01 April Wednesday

കൊറോണ വൈറസ്: സൗദിയില്‍ 30 മലയാളി നേഴ്‌‌സുമാര്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

ജിദ്ദ > സൗദി അറേബ്യയില്‍ കൊറോണ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച മലയാളി നേഴ്‌സുമാര്‍ നിരീക്ഷണത്തില്‍. അബഹയില്‍ ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച 30 മലയാളി നേഴ്സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൊരാള്‍ക്ക് പനി അടക്കമുളളതിനാല്‍ വൈറസ് ബാധ സംശയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നേഴ്സുമാരുടെ മൂക്കില്‍ നിന്നെടുത്ത സ്രവം പരിശോധനയക്കച്ചു. ഇതിന്റെ ആദ്യ ഘട്ട ഫലം പുറത്ത് വന്നപ്പോള്‍ ഇവര്‍ക്ക് രോഗബാധയേറ്റിട്ടില്ലെന്നാണ് വിവരം. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുളളവരാണ് മലയാളി നേഴ്‌സുമാര്‍.

അതിനിടെ, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയതായി അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യം സൂക്ഷ്മമായി വിലയിരുത്താന്‍ വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി യോഗം ചേരും. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ തീരുമാനമെടുത്തിരുന്നില്ല.

ചൈനയുടെ ദേശീയ ആരോഗ്യ കമീഷന്‍ ചൊവ്വാഴ്ച വൈറസിനെ ക്ലാസ് ബി കൊറോണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. വൈറസ് കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ ലോക രാജ്യങ്ങള്‍ ജാഗ്രതയിലാണ്.  ഉത്തര കൊറിയയില്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ആശങ്കയുയര്‍ന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന പോലുള്ള അന്താരാഷ്ട്ര സംഘടനകളില്‍നിന്ന് തായ്വാനെ മാറ്റിനിര്‍ത്തരുതെന്ന് തായ്വാന്‍ പ്രസിഡന്റ് സായ് ഇങ്ക്വന്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലും ഏഴ് വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാണ്. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതതു ജില്ലാ മെഡിക്കല്‍ ഓഫിസറുമായി ബന്ധപ്പെടണം.

മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുമെന്ന് കണ്ടെത്തിയതോടെ രോഗപ്രതിരോധ--നിയന്ത്രണമാര്‍ഗങ്ങള്‍ ചൈന ശക്തമാക്കി. ശ്വാസകോശ സംബന്ധമായാണ് രോഗം പകരുന്നതെന്നതിന് തെളിവ് ലഭിച്ചെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top