29 February Saturday

കൊറോണ വൈറസ്‌: ചൈനയിൽ യുദ്ധകാല നടപടികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

ബീജിങ്‌> കൊറോണ വൈറസ്‌(സിഒവി) ബാധ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്ന രോഗികളെ ചികിത്സിയ്‌ക്കാൻ 1000 കിടക്കയുള്ള ആശുപത്രിയുടെ നിർമാണം തുടങ്ങി. 10 ദിവസം കൊണ്ട്‌ പൂർത്തിയാക്കാനുദ്ദേശിച്ച്‌ തീവ്രവേഗത്തിലാണ്‌ നിർമാണം. ചികിത്സിയ്‌ക്കാൻ മറ്റ്‌ ഡോക്ടർമാർക്ക്‌ പുറമേ സേനാ ഡോക്ടർമാരുടെ ഒരു സംഘത്തെയും രംഗത്തിറക്കി. രോഗം പടരുന്നത്‌ നിയന്ത്രിക്കാൻ സിഒവിയുടെ പ്രഭവകേന്ദ്രമായ വുഹാൻ നഗരമടങ്ങുന്ന ഹൂബെയ്‌ പ്രവിശ്യയിൽ 13 നഗരങ്ങളിൽ ഗതാഗതം നിരോധിച്ചു. ഇതിനകം സിഒവി ബാധിച്ച 26 പേർ മരിച്ചിട്ടുണ്ട്‌. 880പേർക്ക്‌ വൈറസ്‌ബാധയുണ്ട്‌.

വുഹാനിലും സമീപ നഗരങ്ങളിലുമാണ്‌ ഗതാഗതനിരോധനം. ഹൂബെയ്‌ക്ക്‌ പുറമേ 28 പ്രവിശ്യകളിൽ കൂടി വൈറസ്‌ബാധ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ ഗതാഗതനിരോധനമില്ല. നാല്‌ കോടിയിൽപരം ആളുകളെ ബാധിക്കുന്നതാണിത്‌. തലസ്ഥാനമായ ബീജിങ്ങിൽ 34 പേർക്ക്‌ വൈറസ്‌ബാധ സ്ഥിരീകരിച്ചിട്ടുണ്ട്‌. വുഹാനിലേക്ക്‌ അടുത്തൊന്നും യാത്ര ചെയ്‌തിട്ടില്ലാത്തവർക്കും വൈറസ്‌ ബാധിച്ചിട്ടുണ്ട്‌.

ചൈനയുടെ പ്രധാന അവധിക്കാലമായ ചാന്ദ്ര പുതുവർഷാഘോഷം ആരംഭിച്ച വെള്ളിയാഴ്‌ച മുതലുള്ള ദിനങ്ങൾ ചൈനക്കാർ ഏറ്റവും യാത്ര ചെയ്യുന്ന ദിനങ്ങളാണ്‌. എന്നാൽ ആഘോഷപരിപാടികൾ പലതും റദ്ദാക്കുകയും കടകളും ഓഫീസുകളും ഷാങ്‌ഹായിയിലെ ഡിസ്‌നിലാൻഡ്‌ അടക്കമുള്ള ഉല്ലാസകേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്‌. വിദ്യാലയങ്ങളിൽ പുതിയ സെമസ്‌റ്റർ ആരംഭിക്കുന്നത്‌ മാറ്റിവച്ചു.

ബ്രിട്ടനിൽ 14 പേർക്ക്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുള്ള രാജ്യങ്ങളുടെ എണ്ണം എട്ടായി. അമേരിക്ക, സൗദി അറേബ്യ, തായ്‌ലൻഡ്‌, ദക്ഷിണ കൊറിയ, ജപ്പാൻ, വിയത്‌നാം, സിംഗപ്പുർ എന്നിവിടങ്ങളിലാണ്‌ നേരത്തേ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്‌. പ്രധാന കരഭാഗത്തിന്‌ പുറത്തുള്ള ചൈനയുടെ പ്രദേശങ്ങളായ ഹോങ്‌കോങ്‌, മക്കാവു, തായ്‌വാൻ എന്നിവിടങ്ങളിലും രോഗബാധയുണ്ട്‌.

നിലവിൽ ചികിത്സയില്ലാത്ത രോഗത്തിന്‌ വാക്‌സിൻ വികസിപ്പിക്കാൻ ചൈനയുടെയും അമേരിക്കയുടെയും ഗവേഷകർ സംയുക്തശ്രമത്തിലാണെന്ന്‌ ഹോങ്‌കോങ്ങിലെ സൗത്ത്‌ ചൈനാ മോണിങ്‌ പോസ്‌റ്റ്‌ റിപ്പോർട്ട്‌ ചെയ്‌തു. നൈനീസ്‌ വിദഗ്ധർ കണ്ടെത്തിയ വുഹാൻ കൊറോണ വൈറസിന്റെ ചിത്രവും വിവരങ്ങളും വെള്ളിയാഴ്‌ച അധികൃതർ പുറത്തുവിട്ടിട്ടുണ്ട്‌. രോഗം പടരുന്നത്‌ തടയാൻ ഹൂബെയ്‌ അധികൃതർക്ക്‌ ഉപയോഗിക്കുന്നതിന്‌ ചൈനീസ്‌ ധനമന്ത്രാലയം 100 കോടി യുവാൻ(ഉദ്ദേശമ 1027 കോടി രൂപ) അനുവദിച്ചു. ചൈന സ്വീകരിക്കുന്ന നടപടികളിൽ തൃപ്തി പ്രകടിപ്പിച്ച ലോകാരോഗ്യ സംഘടന സിഒവിയെ അടിയന്തിര ആഗോള പൊതുജനാരോഗ്യ പ്രശ്‌നമായി പ്രഖ്യാപിച്ചിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top