25 May Monday

മുൾമുനയിൽ: സൗദിയിലും കോവിഡ്‌; ഇറാനിൽ മരണം 77

അനസ് യാസിന്‍Updated: Wednesday Mar 4, 2020

മനാമ
ഗൾഫിലെ ആറു രാജ്യങ്ങളിലും കോവിഡ്‌–-19 സ്ഥിരീകരിച്ചതോടെ നിയന്ത്രണനടപടികള്‍ തീവ്രമാക്കി. സൗദിയിൽ ഒരാൾക്ക് വൈറസ് ബാധ കണ്ടെത്തി. കുവൈത്തിൽ 56 പേർക്കും ബഹ്‌റൈനിൽ 49 പേർക്കും രോ​ഗം  സ്ഥിരീകരിച്ചു. യുഎഇ 21, ഖത്തർ- എട്ട്‌, ഒമാൻ -ആറ്‌ എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇറാനിൽ കോവിഡ്‌ പിടിപെട്ട്‌ മരിച്ചവരുടെ എണ്ണം 77 ആയി. 2,336 പേർക്ക് വൈറസ് ബാധയുണ്ട്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 835 കേസിൽ 11 പേർ മരിച്ചു.

കോവിഡ്‌ പകർച്ചയെക്കുറിച്ച്‌ കിംവദന്തി പ്രചരിപ്പിക്കുന്നവർക്ക് അഞ്ചു വർഷംവരെ തടവും 30 ലക്ഷം റിയാൽവരെ പിഴയും ലഭിക്കുമെന്ന് സൗദി സർക്കാർ മുന്നറിയിപ്പ് നൽകി. സൗദിയിൽ മെഡിക്കൽ മാസ്‌കുകളുടെ വില ഏഴിരട്ടിവരെ വർധിച്ചു. വ്യക്തികൾക്ക് മൂന്ന്‌ ബോക്‌സിൽ കൂടുതലും ആശുപത്രികൾക്കും ഹെൽത്ത് സെന്ററുകൾക്കും 10 കാർട്ടനിൽ കൂടുതലും മാസ്‌കുകൾ വിൽക്കരുതെന്ന് വാണിജ്യ മന്ത്രാലയം നിർദേശിച്ചു.

യമനിൽ ആദ്യ കൊറോണ അൽ മുകല്ലയിൽ റിപ്പോർട്ട് ചെയ്തു. വിദേശയാത്ര കഴിഞ്ഞെത്തിയ സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്.  ഇയാൾ ആശുപത്രിയിൽനിന്ന്‌ മുങ്ങി.

പരിഭ്രമിക്കേണ്ടെന്ന്‌ പ്രധാനമന്ത്രി


ന്യൂഡൽഹി

കോവിഡ്‌ 19 രോഗം വീണ്ടും സ്ഥിരീകരിച്ചതിൽ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. രോഗവ്യാപനം തടയാൻ കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഒരുമിച്ചുപ്രവർത്തിക്കുമെന്നും  ചൊവ്വാഴ്ച ട്വിറ്ററിലൂടെ  മോഡി അറിയിച്ചു.
രോഗപ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രധാനമന്ത്രി  പങ്കുവച്ചു.ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളുമായി പ്രധാനമന്ത്രി ചർച്ച നടത്തി.

രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക രംഗത്തെ തകർക്കുന്ന വൈറസിനെ നിയന്ത്രിക്കാൻ ഒരു യഥാർഥ നേതാവ്‌ ശ്രമിക്കണമെന്നാണ്‌ കോൺഗ്രസ്‌ നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ പ്രതികരണം.


വിമാനത്താവളങ്ങളിൽ മാസ്കും കൈയുറയും വിതരണം ചെയ്യാൻ നിർദേശം


ന്യൂഡൽഹി

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ജീവനക്കാർക്കും യാത്രക്കാർക്കും  മുഖാവരണം,  കൈയുറ, ഒറ്റത്തവണ ഉപയോഗിച്ച്‌ കളയുന്ന ഷൂകവറുകൾ എന്നിവ വിതരണം ചെയ്യാൻ വ്യോമമന്ത്രാലയം ഡയറക്ടർ (ഡിജിസിഎ) നിർദേശിച്ചു. കോവിഡ്‌–-19 വൈറസ്‌ ബാധിച്ചവരുടെ എണ്ണം രാജ്യത്ത്‌ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ്‌. ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങളിൽ ഓരോ സർവീസിനുശേഷവും അണുനശീകരണം നടത്താനും നിർദേശിച്ചിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top