31 March Tuesday

കുവൈത്തില്‍ 43 പേര്‍ക്കും ബഹ്‌റൈനില്‍ 33 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു

അനസ് യാസിന്‍Updated: Thursday Feb 27, 2020

മനാമ > കുവൈത്തില്‍ 43 പേര്‍ക്കും ബഹ്‌റൈനില്‍ 33 പേര്‍ക്കും കൊറോണവൈറസ് (കോവിഡ് 19) സ്ഥിരീകരിച്ചു. കുവൈത്തില്‍ 15 പേര്‍ക്കും ബഹ്‌റൈനില്‍ ഏഴുപേര്‍ക്കുമാണ് വ്യാഴാഴ്ച പുതുതായി രോഗം കണ്ടെത്തിയത്. ഇറാനില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരായ മുഴുവന്‍ പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി വിദഗ്ദചികില്‍സ നല്‍കുന്നുണ്ട്.

വൈറസ്  ബാധയുടെ വ്യാപനം തടയാനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും ഊര്‍ജ്ജിതമാക്കി. കുവൈത്തില്‍ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ അവരുടെ വീടുകളില്‍ ഐസൊലേഷനിലാണെന്നും ഇവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് പഞ്ചിംഗിനായി ഏര്‍പ്പെടുത്തിയിരുന്ന ബയോമെട്രിക വിരലടയാള സംവിധാനം മാര്‍ച്ച് ഒന്ന് മുതല്‍ നിര്‍ത്തിവെക്കാന്‍ കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു.

രാജ്യത്തെ സ്‌കൂളുകളിലെ ഫൈനല്‍ പരീക്ഷകള്‍ ഈദ് അവധിക്കുശേഷം നടത്തുന്ന രീതിയില്‍ മാറ്റിയതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഷെഡ്യൂളുകളിലെ മാറ്റം അനുസരിച്ച് അധ്യാപന പാഠ്യപദ്ധതിയും ക്രമീകരിക്കും, സ്‌കൂളില്‍ വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍എല്ലാ സ്‌കൂളുകളിലും നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കുവൈറ്റിലും ബഹ്‌റൈനിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടാഴ്ച അവധി നല്‍കിയിട്ടുണ്ട്.

ബഹ്‌റൈനില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ 14 ദിവസത്തേക്ക് നിരക്ഷണത്തില്‍ വെക്കുന്നുണ്ട്. പ്രത്യേകം വാര്‍ഡുകളാണ് ഇവര്‍ക്കായി സജ്ജീകരിച്ചത്. വിമാനതാവളങ്ങളില്‍ പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് ഈ മാസം 29 വരെ ദീര്‍ഘിപ്പിച്ചതായി ബഹ്‌റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സര്‍വീസ് തിങ്കളാഴ്ച 48 മണിക്കൂര്‍ നിര്‍ത്തിവെച്ചിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ഉപയോഗിക്കാനും നിര്‍ദേശിച്ചു.

ഇറാനില്‍ നിന്നും ഖത്തര്‍, കുവൈത്ത് പൗരന്‍മാരെ തിരിച്ചുകൊണ്ടുവരാന്‍ ഖത്തര്‍ അമീര്‍ നിര്‍ദേശം നല്‍കി. ഖത്തറിലും സൗദിയിലും ഇതുവരെ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈറസ് ഇറാനില്‍ ഇതുവരെ 19 പേരുടെ മരണത്തിനിടയാക്കി. 139 പേര്‍ക്ക് രോഗം ബാധിച്ചു. അടുത്ത ബന്ധുക്കളോ, മാതാപിതാക്കളോ കൊറോണവൈറസ് പടര്‍ന്നുപിടിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം വിദ്യാര്‍ഥികള്‍ അറിയിക്കണമെന്ന് ദുബായ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക ട്രവല്‍ ഡിക്ലറേഷന്‍ ഫോം നല്‍കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top