26 May Tuesday

യുഎഇക്ക്‌ പുറത്തേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിർദ്ദേശം; സൗദിയില്‍ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 5, 2020

ദുബായ്‌> കൊറോണ രോഗബാധയായ കോവിഡ് 19 വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് യുഎഇയിലുള്ള സ്വദേശികളും വിദേശികളും രാജ്യത്തിനു പുറത്തേക്കു യാത്ര ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിര്‍ദേശം ലംഘിച്ചു യാത്ര പോവുന്നവര്‍ തിരിച്ചു വരുമ്പോള്‍ പ്രതിരോധ നടപടികള്‍ക്ക് വിധേയമാവേണ്ടി വരും.

തിരിച്ചു വരുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധനക്കു വിധേയമാക്കി  വീടുകളിൽ നിരീക്ഷണത്തിലാക്കും. രോഗമുണ്ടെങ്കിൽ  ആരോഗ്യ കേന്ദ്രത്തിലെ ബന്ധപ്പെട്ട വിഭാഗത്തിലേക്കു മാറ്റും . മറ്റുള്ളവരുമായി ഇടപഴകാതിരിക്കാനും രോഗം പടരാതിരിക്കാനുമാണ് ഈ നടപടി

സൗദിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഉംറ കര്‍മ്മം നിര്‍വഹിക്കുന്നതും മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നതിനും തത്കാലികമായി നിറുത്തി വെക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ മക്കയിലുള്ളവര്‍ക്ക് വിലക്ക് ബാധകമാവില്ലന്ന് ഹ്ജ്ജ് മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ സൗദിയില്‍ പുതുതായി ഒരാള്‍ക്ക് കൂടി രോഗം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. അടുത്തിടെ ഇറാനില്‍ നിന്നും തിരിച്ചെത്തിയ സ്വദേശി പൗരനാണ് രോഗം പടര്‍ന്നതായി പരിശോധനയില്‍ കണ്ടെത്തിയത്. ഇതോടെ സൗദിയില്‍ കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം രണ്ടായി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top