03 June Wednesday

കോവിഡ്‌ 57 രാജ്യങ്ങളിൽ; എണ്ണവില 4 ശതമാനം ഇടിഞ്ഞു,ഇറാനിൽ മരണസംഖ്യ 34

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

ബീജിങ്‌/ലണ്ടൻ> ആറ്‌ രാജ്യങ്ങളിൽക്കൂടി ആദ്യ കൊറോണ വൈറസ്‌ ബാധ (കോവിഡ്‌–-19) സ്ഥിരീകരിച്ചതോടെ രോഗം എത്തിയ രാജ്യങ്ങളുടെ എണ്ണം 57 ആയി. ന്യൂസിലൻഡ്‌, നെതർലൻഡ്‌സ്‌, നൈജീരിയ, ലിത്വാനിയ, ബെലാറസ്‌, അസർബൈജാൻ എന്നീ രാജ്യങ്ങളാണ്‌ പുതുതായി കോവിഡ്‌ ബാധിത രാജ്യങ്ങളുടെ പട്ടികയിലായത്‌. ചൈനയിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2788 ആയി. 78824 പേർക്കാണ്‌ ഇവിടെ രോഗബാധ. ചൈനയ്‌ക്കുപുറത്ത്‌ ദക്ഷിണ കൊറിയയിലാണ്‌ ഏറ്റവുമധികം രോഗബാധിതർ. 2337 പേർ.

ഇതിനിടെ കോവിഡ്‌ ഭീതി അസംസ്‌കൃത എണ്ണയുടെ ആവശ്യം ഇടിച്ചേക്കുമെന്ന  ആശങ്കയ്‌ക്കിടെ എണ്ണവിപണിയിൽ നാല്‌ ശതമാനം വിലയിടിഞ്ഞു. ഏപ്രിലിൽ വിതരണത്തിനുള്ള ബ്രെന്റ്‌ ഓയിൽ വീപ്പ ഒന്നിന്‌ വെള്ളിയാഴ്‌ച രാവിലെ 50.05 ഡോളറിനാണ്‌ ഇടപാട്‌ നടന്നത്‌. ഒരു വർഷത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവാണിത്‌. ന്യൂയോർക്കിലെ ഡബ്ല്യുടിഐ ക്രൂഡിന്‌ ഏപ്രിലിലേക്ക്‌ 44.95 ഡോളറായിരുന്നു വില.

കോവിഡ്‌ നേരിടുന്നതിന്‌ ആവശ്യമുള്ള രാജ്യങ്ങൾക്ക്‌ അടിയന്തര സഹായം നൽകാൻ ലോകബാങ്കും ഐഎംഎഫും തയ്യാറാണെന്ന്‌ വക്താവ്‌ അറിയിച്ചു. ഇതിന്‌ രാജ്യങ്ങൾ അപേക്ഷ നൽകണം. ലോകത്താകെ 83000ലധികമാളുകൾക്കാണ്‌ രോഗമുള്ളത്‌.

ചൈനയ്‌ക്കുപുറത്ത്‌ ഏറ്റവുമധികം മരണം ഇറാനിലാണ്‌. 34 പേർ. 388പേർക്കാണ്‌ അവിടെ രോഗം. 650 രോഗികളുള്ള ഇറ്റലിയിൽ 15 പേർ മരിച്ചു. ദക്ഷിണ കൊറിയയിൽ 13 പേരാണ്‌ മരിച്ചത്‌. ജപ്പാനിലെ കപ്പലിലുണ്ടായിരുന്ന രോഗികളിൽ ഒരു ബ്രിട്ടീഷുകാരൻകൂടി മരിച്ചു. നേരത്തെ കപ്പലിലുണ്ടായിരുന്ന അഞ്ച്‌ ജപ്പാൻകാർ മരിച്ചിരുന്നു.

അമ്പത്‌ പേർക്ക്‌ രോഗം സ്ഥിരീകരിച്ച ജർമനിയിൽ ആയിരത്തോളമാളുകളെ ഏകാന്തവാസത്തിലാക്കി. സ്വിറ്റ്‌സർലൻഡ്‌ മാർച്ച്‌ 15വരെ ആയിരംപേരിലധികം പങ്കെടുക്കുന്ന എല്ലാ പരിപാടികളും റദ്ദാക്കി. ജപ്പാനിൽ ഹക്കൈദോ മേഖലയിൽ ജനങ്ങളോട്‌ വീടിനുള്ളിലിരിക്കാൻ നിർദേശം നൽകി. വിവിധ രാജ്യങ്ങൾ വിസ വിലക്കടക്കം വിവിധ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top