29 February Saturday

കൊറോണ വൈറസ്: ചൈനയില്‍ മരണം എണ്‍പതായി

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

ബീജിംഗ്> ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 80 ആയി.വൈറസ് ബാധയില്‍ മരിച്ച 80 പേരില്‍ 76 പേരും കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബൈ  പ്രവിശ്യയില്‍ നിന്നുള്ളവരാണ്.

വൈറസ് ബാധ ക്രമാതീതമായി പടരുന്നതിനാല്‍ ഹുബൈയില്‍ യാത്രാ നിരോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ചൈനയിലെ 12 നഗരങ്ങളിലാണ് യാത്രാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.2,744 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 300 പേരുടെ നില ഗുരുതരമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അടിയന്തരസാഹചര്യത്തിലല്ലാതെ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനുള്ള പുതിയ യാത്രാനിര്‍ദേശം ഇന്ത്യ ശനിയാഴ്ച പുറത്തിറക്കി. കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വൂഹന്‍ ഉള്‍പ്പെടെ ചൈനയുടെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യാക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.

യുഎസ്, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും പൗരരെ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.അതിവേഗം പടരുന്ന കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ പ്രതിരോധ നടപടികള്‍ഊര്‍ജിതമാക്കിയതായി ചൈന അറിയിച്ചു.

പ്രതിരോധ-നിയന്ത്രണ നടപടികളുടെ നിരീക്ഷണത്തിനായി കമ്മിറ്റി  രൂപീകരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശനിയാഴ്ച നടന്ന യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഹ്യൂബായ് ഉള്‍പ്പെടെ രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ അടിയന്തരമായി കൂടുതല്‍  മെഡിക്കല്‍ സംഘങ്ങളെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

 





 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top