31 March Tuesday

കൊറോണ സംഭരണിയായി ജപ്പാനിലെ കപ്പല്‍ ; ആറ് ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

യോകോഹോമ
ചൈനയ്‌ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗബാധിതരുള്ള ജപ്പാന്‍ തീരത്തെ ആഡംബരക്കപ്പലിലെ രോഗപരിചരണരീതിയില്‍ സംശയം പ്രകടിപ്പിച്ച് ആഗോള ആരോഗ്യവിദഗ്ധര്‍. 138 ഇന്ത്യക്കാരടക്കം മൂവായിരത്തിലേറെ യാത്രക്കാര്‍ രണ്ടാഴ്ചയായി ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ കഴിയുകയാണ്.

542 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മാത്രം 88 പേരുടെ രോഗം സ്ഥിരീകരിച്ചു. യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കാത്തത് രോഗം കൂടുതല്‍ പേരിലേക്ക് പരക്കാന്‍ ഇടയാക്കിയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സംശയിക്കുന്നു. യാത്രക്കാര്‍ കപ്പലിലെ ക്യാബിനില്‍ കഴിയുകയാണ്. ഭക്ഷണം എത്തിച്ചുനല്‍കുന്നു. എന്നാല്‍, കപ്പലിലെ ജീവനക്കാര്‍ക്ക് മുഖാവരണം അണിഞ്ഞുകൊണ്ട് ഒന്നിച്ച് ജോലിചെയ്യുകയും പൊതുശൗചാലയം ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് രോഗം പടരാന്‍ കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചവരെ കപ്പലില്‍നിന്നു പുറത്തേക്ക് മാറ്റാനുള്ള നടപടി വൈകിയെങ്കിലും ആരംഭിച്ചിട്ടുണ്ട്. കപ്പലിലെ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി. രോഗബാധിതരടക്കം 300 അമേരിക്കന്‍ പൗരന്മാരെ അമേരിക്ക നാട്ടിലേക്ക് കൊണ്ടുപോയിതുടങ്ങി. ക്യാനഡ, ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളും പൗരന്മാരെ ഒഴിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

3711 യാത്രക്കാരുള്ള കപ്പലിലെ ജീവനക്കാരില്‍ 132 പേര്‍ ഇന്ത്യക്കാരാണ്. ആറ് ഇന്ത്യന്‍ യാത്രികരും കപ്പലിലുണ്ട്.  ആറ് ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കം അധികൃതരില്‍നിന്നും ആരംഭിച്ചിട്ടില്ല. ജപ്പാനില്‍ ഇതുവരെ 74 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇവരില്‍ പലരും അടുത്തിടെ ചൈന സന്ദര്‍ശിച്ചവരല്ല.

സ്ഥിതി അപകടകരം: യുഎന്‍
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ സാധിക്കുമെങ്കിലും ഇപ്പോഴത്തെ സ്ഥിതി അപകടകരമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍  അന്റോണിയോ ഗുട്‌റെസ്. ധാരാളം പ്രതിസന്ധികളുണ്ട്. ലോകമൊന്നടങ്കം ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്.


പ്രധാന വാർത്തകൾ
 Top