26 May Tuesday
52,045 പേർ ആശുപത്രി വിട്ടു ; അമേരിക്കയിൽ വാഷിങ്‌ടണിനു പുറത്തും മരണം

കൊറോണ വൈറസ്‌ : ഇറ്റലി , ഇറാൻ മരണം 107 ; ചൈനയിൽ മരണസംഖ്യ 3000 കടന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 6, 2020

ദുബായ്‌/റോം/വാഷിങ്‌ടൺ/ ബീജിങ്‌
കൊറോണ വൈറസ്‌ (കോവിഡ്‌–-19) ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ചൈനയിൽ 3000 കടന്നപ്പോൾ ഇറ്റലിയിലും ഇറാനിലും മരണനിരക്ക്‌ കുതിച്ചുയർന്നു. രണ്ടിടത്തും ഇതുവരെ 107 പേർ വീതം മരിച്ചു. അമേരിക്കയിൽ മരണം 11. ദക്ഷിണാഫ്രിക്ക, ബോസ്‌നിയ എന്നീ രാജ്യങ്ങളിലും ആദ്യമായി രോഗം സ്ഥിരീകരിച്ചു. സ്വിറ്റ്‌സർലൻഡിൽ കോവിഡ്‌ ബാധിച്ച്‌ ആദ്യ മരണവും വ്യാഴാഴ്‌ചയുണ്ടായി.

ഇറാനിൽ 3740 പേർക്ക്‌ രോഗമുണ്ട്‌. 20ന്‌ പേർഷ്യൻ പുതുവർഷമായ നവ്‌റൂസ്‌ വരെ സർവകലാശാലകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. ഒറ്റദിവസത്തിനിടെ 28 പേർ മരിച്ച ഇറ്റലിയിൽ സർവകലാശാലകളും സ്‌കൂളുകളും 15 വരെ അടച്ചു. 587 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 3089 ആയി. 3.5 ആണ്‌ ഇറ്റലിയിലെ മരണനിരക്ക്‌.

അമേരിക്കയിൽ വാഷിങ്‌ടണിനു പുറത്ത്‌ കോവിഡ്‌ ബാധിച്ച്‌ ആദ്യ മരണം റിപ്പോർട്ട്‌ ചെയ്‌തു. കലിഫോർണിയ തീരത്തിനടുത്ത്‌ അടുപ്പിച്ച ഗ്രാൻഡ്‌ പ്രിൻസസ്‌ എന്ന ക്രൂസ്‌ കപ്പലിൽ വന്നയാളാണ്‌ മരിച്ചത്‌. അമേരിക്കയിൽ രോഗികളുടെ എണ്ണം 160 കടന്നു. ന്യൂജെഴ്‌സിയിലും രോഗബാധ സ്ഥിരീകരിച്ചതോടെ രോഗം കണ്ടെത്തിയിട്ടുള്ള സംസ്ഥാനങ്ങളുടെ എണ്ണം 17 ആയി.

58 പേർക്ക്‌ രോഗം ബാധിച്ച്‌ സ്വിറ്റ്‌സർലൻഡിൽ 74കാരിയാണ്‌ മരിച്ചത്‌. ദക്ഷിണ കൊറിയയിൽ രോഗികളുടെ എണ്ണം 6088 ആയി. 35 പേരാണ്‌ ഇവിടെ മരിച്ചത്‌. രോഗം ആദ്യമായി റിപ്പോർട്ട്‌ ചെയ്‌ത ബോസ്‌നിയയിൽ രണ്ടുപേർക്ക്‌ ബാധിച്ചിട്ടുണ്ട്‌. ഇറ്റലിയാത്ര നടത്തിയ ആൾക്കാണ്‌ ദക്ഷിണാഫ്രിക്കയിൽ രോഗം കണ്ടെത്തിയത്‌. ജപ്പാനിൽ കപ്പലിലുണ്ടായിരുന്ന ആറുപേരടക്കം 12 പേരാണ്‌ മരിച്ചത്‌.

ചൈനയിൽ 31 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 3012 ആയി. 139 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 25,352 പേർ ഇപ്പോഴും ചികിത്സയിലുണ്ട്‌. 52,045 പേർ രോഗം മാറി ആശുപത്രി വിട്ടു. ചൈനയ്‌ക്ക്‌ പുറത്ത്‌ 15,000ലധികം പേർക്കാണ്‌ രോഗം ബാധിച്ചത്‌.

ബെത്‌ലഹേമിലെ തിരുപ്പിറവി ദേവാലയം അടച്ചു
റമള്ള
ബെത്‌ലഹേമിൽ യേശു ജനിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്തുള്ള തിരുപ്പിറവി ദേവാലയം അനിശ്ചിതകാലത്തേക്ക്‌ അടച്ചു. പലസ്‌തീനിൽ നാലു പേർക്ക്‌ രോഗം ബാധിച്ചതായുള്ള സംശയത്തെ തുടർന്നാണിത്‌. ഈസ്‌റ്റർ ആഘോഷത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന്‌ തീർഥാടകർ അടുത്തമാസം ഇവിടെ എത്തേണ്ടതാണ്‌. വെസ്‌റ്റ്‌ബാങ്ക്‌ സന്ദർശിക്കുന്നതിൽനിന്ന്‌ സഞ്ചാരികളെ വിലക്കുന്നതായി പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.


പ്രധാന വാർത്തകൾ
 Top