28 September Monday

'കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്ന കള്ളത്തിന്റെ ആസ്ഥാനമായി വൈറ്റ് ഹൗസ് മാറി'; അമേരിക്കൻ കമ്യൂണിസ്‌റ്റ്‌ പാർട്ടിക്ക്‌ നൂറാം ജന്മദിനം

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

ഷിക്കാഗോ > അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി നൂറാം സ്ഥാപകദിനം ആഘോഷിച്ചു. ഷിക്കാഗോയിൽ കൂടിയ സമ്മേളനത്തിൽ മുന്നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. ഡെമോക്രാറ്റിക്‌ പാർട്ടിക്ക്‌ ഉള്ളിൽപ്പോലും സോഷ്യലിസ്‌റ്റ്‌ ആശയങ്ങൾ ചർച്ചയാകുമ്പോഴാണ്‌ യുഎസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറാം പിറന്നാള്‍.2018 നവംബറിൽ നടന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ന്യൂയോർക്കിൽ നിന്ന് ജയിച്ച അലക്‌സാണ്ഡ്ര ഒകാസിയോ കോർടെസ്  ആഗോള താപന പരിഹാരം ലക്ഷ്യമാക്കി മുന്നോട്ടു വെച്ച ഗ്രീൻ ന്യൂ ഡീൽ കൺവെൻഷനിൽ മുഖ്യ ചർച്ചാ വിഷയം ആയി. കുടിയേറ്റക്കാരെ സംരക്ഷണം, വോട്ടിങ്‌ അവകാശങ്ങൾ എന്നിവ മുഖ്യ ചർച്ചാവിഷയമായി. തൊഴിലാളി വർഗ്ഗ സാർവ്വദേശീയത തന്നെയാണ്‌ പാർടി ഇപ്പോഴും പിന്തുടരുന്നത്‌. അതാണ്‌ ശരിയെന്ന്‌ ബോധ്യപ്പെടുന്ന കാലത്താണ്‌ നമ്മൾ എത്തിനിൽക്കുന്നത്‌‐ മുതിർന്ന നേതാവ്‌ ജാർവിസ്‌ ടൈനർ പറഞ്ഞു.എൽജിബിടി കമ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങൾ ഇയർത്തിക്കൊണ്ടുവരാൻ പാർട്ടി ശ്രമിക്കണമെന്ന്‌ പീപ്പിൾസ്‌ വേൾഡ്‌ സോഷ്യൽ മീഡിയ കോർഡിനേറ്റർ ചൗൻസി റോബിൻസൺ പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടി സാർവദേശീയ കടമകളുടെ ഭാഗമായി ഗ്രീൻ ന്യൂ ഡീലിനെ പൂർണമായും പിന്തുണക്കണം എന്ന ധാരണ ശതാബ്ദി കൺവെൻഷനിൽ ഗണ്യമായ പിന്തുണ നേടി. 2020 ലെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും ചർച്ചയായി. പുതിയ അംഗങ്ങളെ ഉൾപ്പെടുത്താൻ ആവശ്യമായ നീക്കങ്ങൾ നടത്തണമെന്ന്‌ അംഗങ്ങൾ ആവശ്യപ്പെട്ടു. ജര്‍മ്മനി, കാനഡ, തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആശംസ സന്ദേശങ്ങള്‍ കൈമാറി.

തൊഴിലാളിവര്‍ഗ സാര്‍വദേശിയതയും മാര്‍ക്‌സിസം ലെനിനിസവും ഉയര്‍ത്തിപ്പിടിക്കുമെന്ന മുദ്രാവാക്യങ്ങള്‍ സമ്മേളന വേദിയില്‍ ഉയര്‍ന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ ഉപരോധവും ശക്തമായ എതിര്‍പ്പും നേരിടുന്ന വെനസ്വേലിയിലെ യൂത്ത് കമ്മ്യൂണിസ്റ്റ് ഓഫ് വെനസ്വേലയുടെ പ്രതിനിധി അലക്‌സ് ഗ്രാനാഡോയെ നീണ്ടുനിന്ന കൈയടികളോടെയാണ് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്ന കള്ളത്തിന്റെ ആസ്ഥാനമായി വൈറ്റ് ഹൗസ് മാറിയിരിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ ജാര്‍വിസ് ടൈനന്‍ പറഞ്ഞു. യുദ്ധത്തിനും വംശീയതയ്ക്കും വേണ്ടിയും അസമത്വം വര്‍ധിപ്പിക്കുന്നതിനും ഉതകുന്ന സമീപനങ്ങളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും ഇതിന് മുന്നില്‍ കീഴടങ്ങാനാണ് തൊഴിലാളി വര്‍ഗത്തെ അധികാര വര്‍ഗം പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ പോലും സോഷ്യലിസ്റ്റ് ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാലത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നൂറാം വാര്‍ഷികം ആചരിക്കുന്നത്.

1980 കളുടെ അവസാനത്തോടെ തീവ്ര വലതുപക്ഷ ആശയക്കാര്‍ പിടിമുറുക്കിയ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ബെര്‍ണി സാന്റേഴ്‌സിന്റെ സ്വാധീനം വലിയ മാറ്റം വരുത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

1919 ല്‍ അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പിളര്‍ന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപികരിക്കപ്പെട്ടത്. ആദ്യ കാലഘട്ടത്തില്‍ ഒളിവിലായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. സോവിയറ്റ് യൂണിയനുമായും മറ്റ് അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അമേരിക്കന്‍ പാര്‍ട്ടി 1930 കളിലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ സജീവമായത്. അമേരിക്കയിലെ കറുത്തവര്‍ഗക്കരുടെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രസ്ഥാനങ്ങളുമായി സജീവമായി ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ 1960 നുശേഷം പാര്‍ട്ടിയുടെ സ്വാധീനം കുറയുകയായിരുന്നു. അന്തരാഷ്ട്ര രാഷ്ട്രീയ സംഭവ വികാസങ്ങളും ഈ കാലത്ത് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെയും സ്വാധീനത്തെയും പ്രതികൂലമായി സ്വാധീനിച്ചു.

ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ഭരണകൂടം തീവ്ര വലതുപക്ഷ നിലപാടുകള്‍ തുടരുമ്പോള്‍ അതിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിരോധങ്ങളില്‍ സജീവമായി ഇടപെടാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top