13 August Thursday

പൗരത്വഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ആർ എസ് എസ് അജൻഡ നടപ്പാക്കാൻ : കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

തിരുവനന്തപുരം> ഇന്ത്യ വളരെപ്പെട്ടെന്ന് ഒരു "ഭൂരിപക്ഷാധിപത്യ അക്രമാസക്തയിട"മായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.പൗരത്വഭേദഗതി നിയമം ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ആർ എസ് എസ് അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡിയും ബി ജെ പിയും വീണ്ടും അധികാരത്തിൽ വന്നതോടെ ഈ പ്രവണതയ്ക്ക് ആക്കംകൂടിയിരിക്കുന്നു. എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയുമെല്ലാം ഭൂരിപക്ഷാധിപത്യ പ്രവണതയ്ക്ക് കീഴ്‌പ്പെടുകയാണ്. അതിനൊത്ത് മാധ്യമങ്ങളും ചായുന്നു. ഈ അപകടകരമായ അവസ്ഥയിലാണ് പൗരത്വഭേദഗതി നിയമബിൽ പാർലമെന്റ് പാസാക്കിയിരിക്കുന്നത്.

ബില്ലിനെ അനുകൂലിച്ചവരെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാർലമെന്റിൽ അനുമോദിച്ചു. ഇന്ത്യ നൂറ്റാണ്ടുകളായി പിന്തുടരുന്ന ഉൾക്കൊള്ളലിന്റെ തത്വങ്ങൾക്കും മാനവികമൂല്യങ്ങളിലുള്ള വിശ്വാസത്തിനും അനുസൃതമാണ് സർക്കാർ നടപടിയെന്നാണ് മോഡിയുടെ അവകാശവാദം. തെങ്ങിൽ കുലച്ചുനിൽക്കുന്നത് മാങ്ങയാണെന്ന് പറയുമ്പോഴുള്ള ഒരു അപഹാസ്യതയാണ് ഇത്.

മതത്തിന്റെ അടിസ്ഥാനത്തിൽ അഭയാർഥികളെ തരംതിരിക്കുന്നതാണ് പൗരത്വ ഭേദഗതിബിൽ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഇന്ത്യയിലേക്ക് കുടിയേറിയവരിൽ മുസ്ലിങ്ങളല്ലാത്ത എല്ലാവർക്കും പൗരത്വം നൽകുന്നതിന് പൗരത്വനിയമം ഇളവ് ചെയ്തിരിക്കുകയാണ്. ഈ ബില്ലിന്റെ പേരിൽ മുസ്ലിങ്ങൾക്ക് ഭയപ്പെടാൻ ഒന്നുമില്ലെന്നാണ് അമിത് ഷായുടെ വാദം. അതായത് ബിൽ നിർദേശിക്കുന്നത് 2014 ഡിസംബർ 31 നു മുമ്പ് പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യൻ സമുദായക്കാരായ അഭയാർഥികൾക്ക് നിശ്ചിതവും വ്യവസ്ഥകൾക്ക് വിധേയവുമായി പൗരത്വത്തിന് അർഹതയുണ്ട് എന്നാണ്.

നിലവിൽ 11 വർഷം തുടർച്ചയായി താമസിക്കുന്നവർക്കാണ് പൗരത്വം. അത് അഞ്ച് വർഷമാക്കി ചുരുക്കി. അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നവരോടുള്ള കരുണയാണ് കേന്ദ്രസർക്കാരിനെങ്കിൽ ശ്രീലങ്കയിൽ നിന്നുമെത്തിയ അഭയാർഥികളായ തമിഴർക്ക് എന്തുകൊണ്ട് പൗരത്വം നൽകുന്നില്ല എന്ന് ഡിഎംകെ അംഗങ്ങൾ ലോ‌ക്‌സഭയിൽ ചോദിച്ചിരുന്നു. പൗരത്വത്തിൽ മതം മാനദണ്ഡമാക്കുന്നത് ഇന്ത്യയുടെ നിയമനിർമാണ ചരിത്രത്തിലെ ആദ്യ സംഭവമാണ്. സ്വാതന്ത്ര്യ സമ്പാദനവേളയിൽ മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചതുപോലെ ഭീകരമായ ഒരു അവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ് കേന്ദ്രസർക്കാർ.

1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വേളയിൽ ആർ എസ് എസ് മുഖപത്രമായ ഓർഗനൈസറിലെ മുഖപ്രസംഗത്തിൽ ത്രിവർണ പതാക ഔദ്യോഗികമായി പാറിക്കുന്നുണ്ടെങ്കിലും യഥാർഥ പതാക കാവിയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. മൂന്നു നിറങ്ങൾ ഒരു രാഷ്ട്രത്തിന്റെ പതാകയാകുന്നത് അപഹാസ്യമാണെന്നും ഇന്ത്യയെ കെട്ടിപ്പടുത്തത് ഹിന്ദുക്കളും ഹിന്ദു ആശയങ്ങളും ഹിന്ദു സംസ്കാരവുമാണെന്നും അതുകൊണ്ട് ത്രിവർണപതാക ഹിന്ദുക്കളുടെ മാനസിക ആരോഗ്യത്തെ തകർക്കുന്നതാണെന്നും അത് രാജ്യത്തിന് പരിക്കേൽപ്പിക്കുകയാണെന്നും ആർ എസ് എസ് വ്യക്തമാക്കി. അതായത് ബഹുസ്വരതയുടെ നിറങ്ങൾ രാജ്യപതാകയിലുണ്ടാകുന്നത് സംഘപരിവാറിന് സഹിക്കുന്നതല്ല. അക്രമാസക്ത ഹിന്ദുത്വത്തെ പകരംവയ്ക്കുകയാണ് ഇവർ. എല്ലാ മതവിശ്വാസികളെയും ഒരുമതത്തിലും വിശ്വാസമില്ലാത്തവരെയും ഉൾക്കൊള്ളുന്ന മതനിരപേക്ഷ രാജ്യം എന്ന ചരിത്രപരമായ സങ്കൽപ്പത്തെ തിരുത്തി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയെന്ന ആർ എസ് എസ് അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമം.

രാജ്യത്തെ വർഗീയമായി വിഭജിക്കപ്പെടാനുള്ള ചുവടുവയ്പുകളാണ് കേന്ദ്രസർക്കാർ വെക്കുന്നത്. രണ്ട് മത വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തലായി വർഗീയതയെ ലഘൂകരിച്ച് കാണാൻ കഴിയില്ല. അതൊരു അപകടകരമായ സാമുഹ്യരാഷ്ട്രീയ പ്രതിഭാസമാണ്. ഹിന്ദുവർഗീയ തീവ്രവാദത്തിന്റെ പ്രത്യേകത അത് യുക്തിരഹിതമാണ് എന്നതാണ്. അതിനാലാണ് യുക്തിരഹിത ആശയങ്ങളിലൂടെ സമൂഹത്തിൽ ആധിപത്യം നേടാൻ ശ്രമിക്കുന്നത്. ഇന്ത്യക്കാരെ ഹിന്ദുത്വമെന്ന വർഗീയതയുടെ തലത്തിൽ നിർത്തി അടിത്തറയുറപ്പിക്കാൻ നോക്കുകയാണ് സംഘപരിവാർ. ഇതിനുവേണ്ടി പാർലമെന്റിലെ ഭൂരിപക്ഷത്തെ മോഡിഭരണം ദുരുപയോഗപ്പെടുത്തുകയാണ്.

ഈ വേർതിരിവ് കേരളത്തിൽ നടപ്പിലാക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കേരളത്തിന്റെ ഈ മാതൃക പിന്തുടരാൻ മതനിരപേക്ഷരെന്ന് അവകാശപ്പെടുന്ന മറ്റ് സംസ്ഥാനങ്ങളും തയ്യാറാവണം. കോടിയേരി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top