24 February Monday

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഇന്ത്യയെ വഞ്ചിച്ച്‌ സിഐഎ, അമേരിക്ക നടത്തിയ ചാരപ്പണി പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Feb 13, 2020

വാഷിങ്ടണ്‍ > ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ ചരപ്പണിയുടെ ഞെട്ടിക്കുന്ന വിവരം പുറത്ത്. സുഹൃദ്‌രാഷ്ട്രങ്ങളിലടക്കം അരനൂറ്റാണ്ടോളം അമേരിക്ക ചാരപ്പണി നടത്തിയെന്ന് വാഷിങ്ടണ്‍ പോസ്റ്റും ജര്‍മന്‍ ടെലിവിഷനും സംയുക്തമായി റിപ്പോര്‍ട്ട് ചെയ്തു. അതീവ രഹസ്യമായ വിവരങ്ങള്‍ സ്വീകര്‍ത്താവിനു മാത്രം വായിക്കാന്‍ കഴിയുന്നവിധം കോഡ് രൂപത്തിലാക്കിയാണ് രാഷ്ട്രത്തലവന്‍മാരും നയതന്ത്രപ്രതിനിധികളും സൈനികമേധാവികളുമടക്കം കൈമാറുന്നത്. ഇതിനുള്ള സാങ്കേതിക സഹായത്തിനായി വിവിധ രാഷ്ട്രങ്ങള്‍ വര്‍ഷങ്ങളായി ആശ്രയിക്കുന്ന സ്വിസ് കമ്പനി യഥാര്‍ഥത്തില്‍ അമേരിക്കന്‍ ചാര ഏജന്‍സിയുടേതാണെന്നാണ് വെളിപ്പെടുത്തല്‍.

സന്ദേശങ്ങള്‍ ഗോപ്യഭാഷയിലേക്ക് മാറ്റുന്ന ലോകത്തെ പ്രധാന സ്ഥാപനമായ ക്രിപ്‌റ്റോ എജി വഴിയാണ് ചാരപ്പണി. സ്വിസ് കമ്പനി 1951ല്‍ സിഐഎയുമായി അതീവ രഹസ്യമായി കരാറില്‍ എത്തി. 1970കളോടെ കമ്പനി സിഐഎയുടെ പൂര്‍ണനിയന്ത്രണത്തിലായി. ഇതോടെ ഈ കമ്പനിയുടെ ഉപകരണങ്ങള്‍ വഴി കൈമാറുന്ന സന്ദേശങ്ങള്‍ സിഐഎക്ക് വേഗത്തില്‍ പിടിച്ചെടുക്കാനും മനസ്സിലാക്കാനും കഴിയുന്ന സ്ഥിതി വന്നു. വന്‍തുക മുടക്കിയാണ് രാജ്യങ്ങള്‍ ക്രിപ്‌റ്റോ എജിയുടെ സേവനം പ്രയോജനപ്പെടുത്തിയത്. വര്‍ഷങ്ങളോളം ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളില്‍നിന്നും വന്‍തോതില്‍ പണം പറ്റുകയും ഒപ്പം തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്‌തെന്നാണ് വെളിപ്പെടുന്നത്.

ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍, ഇറാന്‍, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍  ക്രിപ്‌റ്റോ എജിയുടെ ഉപയോക്തക്കളായിരുന്നു. വത്തിക്കാന്‍ പോലും വഞ്ചിക്കപ്പെട്ട രാഷ്ട്രങ്ങളുടെ പട്ടികയിലുണ്ട്. കമ്പനിക്ക് സിഐഎയുമായുള്ള ബന്ധം ഈ രാഷ്ട്രങ്ങള്‍ക്കൊന്നും അറിയുമായിരുന്നില്ല.  ഇരയാക്കപ്പെട്ട രാഷ്ട്രങ്ങളിലെ സൈനികമേധാവികളും നയതന്ത്ര പ്രതിനിധികളും മറ്റും നടത്തിയ അതീവരഹസ്യമായ ആശയവിനിമയം സിഐഎ പിടിച്ചെടുത്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാശ്ചാത്യചേരിയിലെ മറ്റു രാഷ്ട്രങ്ങള്‍ക്കും അമേരിക്ക ഇത്തരം വിവരം പങ്കുവച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.


പ്രധാന വാർത്തകൾ
 Top