13 November Wednesday

നേപ്പാളിന്‌ ചൈനയുടെ 3500 കോടി സഹായം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

കാഠ്‌മണ്ഡു > നേപ്പാളിന്റെ വികസനപദ്ധതികൾക്ക്‌ അടുത്ത രണ്ട്‌ വർഷത്തിനകം ചൈന 5600 കോടി നേപ്പാളി രൂപയ്‌ക്ക്‌ തൂല്യമായ സഹായം(3500 കോടിയോളം ഇന്ത്യൻ രൂപ) നൽകും. നേപ്പാളിൽ ദ്വിദിന സന്ദർശനം നടത്തുന്ന ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌ ശനിയാഴ്‌ച നേപ്പാൾ പ്രസിഡന്റ്‌ ബിദ്യാ ദേവി ഭണ്ഡാരിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌  സഹായം പ്രഖ്യാപിച്ചത്‌. ഞായറാഴ്‌ച നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലിയുമായി നടത്തിയ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ 18 ധാരണപത്രവും രണ്ട്‌ വിനിമയരേഖയും ഒപ്പിട്ടു.

ഗതാഗതം, കൃഷി, വ്യവസായം, വാണിജ്യം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ടാണ്‌ സഹകരണരേഖകൾ ഒപ്പിട്ടത്‌. കാഠ്‌മണ്ഡുവിനെ താത്തോപാണി ട്രാനസിറ്റ്‌ കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന ആർണിക്കോ ദേശീയപാതയുടെ വികസനത്തിന്‌ ചൈന സഹായം നൽകും. 2015ലെ ഭൂകമ്പത്തിൽ നാശമുണ്ടായ പാത അടച്ചിരുന്നു. ട്രാൻസ്‌ ഹിമാലയൻ റെയിൽവേയുടെ സാധ്യതാ പഠനം ഉടൻ ആരംഭിക്കും. കെരുങ്‌–-കാഠ്‌മണ്ഡു തുരങ്കപാതയുടെ നിർമാണത്തിനും ചൈന സഹായം നൽകും.

ലോകത്തിന്‌ മാതൃകയായ സൗഹൃദമാണ്‌ ഇരു രാജ്യങ്ങളും തമ്മിൽ ഉള്ളതെന്ന്‌ ഷി പറഞ്ഞു. കരയിൽ കുടുങ്ങിക്കിടക്കുന്ന രാജ്യത്തെ കരയാൽ ബന്ധിതമായ ഒന്നാക്കണമെന്ന നേപ്പാളിന്റെ സ്വപ്‌നം സാക്ഷാൽക്കരിക്കാൻ ചൈന സഹായം നൽകും. ഒറ്റ ചൈന നയത്തിന്‌ എന്നും പിന്തുണ നൽകുമെന്ന്‌ നേപ്പാളി നേതാക്കൾ പറഞ്ഞു. ചൈനീസ്‌ സ്വയംഭരണ പ്രദേശമായ തിബറ്റുമായി ദീർഘമായി അതിർത്തി പങ്കിടുന്ന നേപ്പാളിൽ ഇരുപതിനായിരത്തോളം തിബറ്റൻ പ്രവാസികൾ കഴിയുന്നുണ്ട്‌.

നേപ്പാൾ ഭരണകക്ഷിയായ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സഹാധ്യക്ഷൻ പുഷ്‌പ കമൽ ദഹൽ എന്ന പ്രചണ്ഡയുമായും പ്രധാന പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോൺഗ്രസിന്റെ പ്രസിഡന്റ്‌ ഷേർ ബഹാദുർ ദ്യൂബ എന്നിവരുമായും ഷി ജിൻപിങ്‌ ചർച്ചനടത്തി. ഇന്ത്യയിൽ ദ്വിദിന സന്ദർശനംനടത്തിയ ഷീ മാമല്ലപുരത്ത്‌ പ്രധാനമന്ത്രി നേരേന്ദ്ര മോഡിയുമായി അനൗപചാരിക ഉച്ചകോടിക്കുശേഷമാണ്‌ നേപ്പാളിലെത്തിയത്‌.


പ്രധാന വാർത്തകൾ
 Top