01 June Monday

കമ്യൂണിസ്റ്റ് ചൈനയ്‌‌‌‌‌ക്ക് 70; വാര്‍ഷികം ചരിത്രസംഭവമാക്കാനൊരുങ്ങി രാജ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2019

ബിജിങ് > വിപ്ലവത്തിലൂടെ രാജ്യത്ത് കമ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നതിന്റെ ഏഴുപതാംവാര്‍ഷികം ആവേശോജ്വലമായ പരിപാടികളോടെ ജനകീയചൈന ആഘോഷിക്കുന്നു.1949 ഒക്ടോബര്‍ ഒന്നിനാണ് പിപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ രൂപീകരണം മൗ സെ ദോങ് പ്രഖ്യാപിച്ചത്.

ഏഴുദശകത്തിനിടെ ചൈന കൈവരിച്ച മഹത്തായ നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച്, എഴുപതാംവാഷികം ചരിത്രസംഭവമാക്കാനൊരുങ്ങുകയാണ് ചൈന. ചൊവ്വാഴ്ച നടക്കുന്ന സൈനികപരേഡില്‍ 97 രാഷ്ട്രങ്ങളില്‍ നിന്നും ക്ഷണിക്കപ്പെട്ട സൈനിക മേധാവികള്‍ക്ക് മുന്നില്‍ ചൈന സ്വന്തം സൈനികശക്തി പ്രദര്‍ശിപ്പിക്കും. കമ്യൂണിസ്റ്റ് ചൈനയുടെ ആദ്യപ്രഖ്യാപനം നടന്ന ഫൊര്‍ബിഡന്‍ സിറ്റി ചത്വരത്തിലാണ് സൈനികശക്തിപ്രകടനം അരങ്ങേറുന്നത്.15,000 സൈനികര്‍ പങ്കെടുക്കുന്ന പരേഡില്‍ 580 പടക്കോപ്പുകള്‍ പ്രദര്‍ശിപ്പിക്കും. അപ്പോള്‍ ആകാശത്ത് 160 യുദ്ധവിമാനങ്ങള്‍ ചീറിപ്പായും. എണ്ണായിരം സൈനികരടങ്ങുന്ന ചൈനയുടെ യുഎന്‍ സമാധാന ദൗത്യസംഘവും പ്രകടനത്തില്‍ അണിചേരും.

ലോകസമാധാനത്തിന്റെ സന്ദേശം പകര്‍ന്ന് 70,000 വെള്ളരിപ്രാവുകളും അത്രതന്നെ ബലൂണുകളും പറത്തിവിടും. ജനകീയമുന്നേറ്റത്തിന്റെ പ്രൗഢി വിളിച്ചോതി സൈനിക പരേഡിനൊപ്പം ഒരുലക്ഷം സാധാരണ പൗരന്മാരുടെ മാര്‍ച്ചും അരങ്ങേറും. സംഘര്‍ഷത്തിന്റെയും പട്ടിണിയുടെയും കെടുതിയില്‍ നിന്ന്‌ 70 വര്‍ഷത്തിനിടെ ലോകത്തെ നിര്‍ണായക ശക്തിയായ ചൈനയുടെ മാറ്റം അടയാളപ്പെടുത്തുന്നതാകും പ്രകടനം. രാജ്യത്തെ തിയറ്ററുകളിലെമ്പാടും ദേശീയദിനപ്രകടനം തത്സമയം പ്രദര്‍ശിപ്പിക്കും. ലോകസമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ചൈനയുടെ ശേഷിപ്രകടനമാണ് പരേഡിലൂടെ പ്രകടമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ചൂണ്ടിക്കാട്ടി. ദേശീയസുരക്ഷയ്‌ക്ക് വേണ്ടിയല്ലാതെ സൈനികശക്തി പ്രകടിപ്പിക്കില്ല എന്നതാണ് ചൈനയുടെ ഉറച്ച നയമെന്നും വ്യക്തമാക്കി.

ധീരനായകര്‍ക്ക് അഭിവാദ്യം

ബീജിങ് > കമ്യൂണിസ്റ്റ് ചൈനയ്ക്ക് അടിത്തറപാകിയ ദേശീയനായകർക്ക് ആദരവർപ്പിച്ചുകൊണ്ട് ചൈനീസ് ജനകീയ റിപ്പബ്ലിക് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ചെയർമാൻ മൗ സെ ദോങ് അടക്കമുള്ള ധീരവിപ്ലവകാരികൾക്ക് പ്രസിഡന്റ് ഷി ജിൻപിങ് ആദരാഞ്ജലി അർപ്പിച്ചു. ബീജിങ്ങിന്റെ ഹൃദയഭാഗമായ ടിയനൻമെൻ ചത്വരത്തിലെ മൗ സെ ദോങ് സ്മൃതികുടീരം അദ്ദേഹം സന്ദർശിച്ചു.120-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ആറുവർഷം മുമ്പ് ഇവിടെ സ്ഥാപിച്ച മൗ സെ ദോങ്ങിന്റെ പ്രതിമയ്ക്കുമുന്നിൽ ചൈനീസ് സർവസൈന്യാധിപൻ കൂടിയായ ഷി ജിൻപിങ് ആദരവറിയിച്ച് തലകുമ്പിട്ടു. സ്മൃതിമന്ദിരത്തിൽ എംബാംചെയ്ത് സൂക്ഷിക്കുന്ന മൃതശരീരത്തിൽ ഉപചാരമർപ്പിച്ചു.

ദേശീയ നായകരുടെ സ്മൃതികുടീരത്തിൽ എത്തിയ ചൈനീസ്‌ പ്രസിഡന്റ് ഷി ജിൻപിങ്

ദേശീയ നായകരുടെ സ്മൃതികുടീരത്തിൽ എത്തിയ ചൈനീസ്‌ പ്രസിഡന്റ് ഷി ജിൻപിങ്

ദേശീയനായകരുടെ സ്മൃതികുടീരങ്ങളിലും ഷി ജിൻപിങ്ങും മറ്റ് നേതാക്കളും സന്ദർശനം നടത്തി. സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ള നാലായിരത്തിലേറെ പ്രതിനിധികളും സന്ദർശനം നടത്തി. മുന്നേറുന്ന രാഷ്ട്രത്തിന് തീർച്ചയായും ധീരനായകരും വഴികാട്ടികളും ഉണ്ടാകും, അവർക്കെല്ലാം അഭിവാദ്യം–-- ഷി ജിൻപിങ് പറഞ്ഞു.

ലോങ് മാര്‍ച്ച്

ബീജിങ് > “ചൈനീസ് ജനത ഉണർന്നെണീറ്റിരിക്കുന്നു-’  1949 ഒക്ടോബർ ഒന്നിന് ബീജിങ്ങിൽ  ആവേശത്തോടെ കൈയടിക്കുന്ന ജനതയെ നോക്കി ധീരവിപ്ലവകാരി മൗ സെ ദോങ് വിളിച്ചുപറഞ്ഞു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ജനനമാണ് അവിടെ പ്രഖ്യാപിക്കപ്പെട്ടത്. വെല്ലുവിളികൾക്കുമുന്നിൽ പകച്ചുനിൽക്കാതെ ദുർബലവും ദരിദ്ര്യവുമായ ഒരു രാജ്യം ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടികയിലേക്ക് നടന്നുകയറിയ ചരിത്രം അവിടെ തുടങ്ങുന്നു.  ചൈനയുടെ സോഷ്യലിസ്റ്റ്‌ പരീക്ഷണങ്ങൾ കടുത്ത വെല്ലുവിളി നിറഞ്ഞതായിരുന്നു.

ഫ്യൂഡൽ, അർധ കൊളോണിയൽവാഴ്ചയിൽ ചൈന ഞെരിഞ്ഞമരവേ 1921ലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർടി(സിപിസി) രൂപംകൊള്ളുന്നത്. മൂന്ന് പതിറ്റാണ്ട് നീണ്ട തീക്ഷ്‌ണമായ പോരാട്ടമാണ്‌ ചൈനീസ് മണ്ണിനെ ചുമപ്പിച്ചത്. ജപ്പാന്റെ അധിനിവേശശ്രമത്തിനെതിരായ ദേശീയവിമോചന പ്രസ്ഥാനത്തിനും സിപിസി നേതൃത്വം നൽകി. പിന്തിരിപ്പൻശക്തികളായ വലതുപക്ഷ കുമിന്താങ്ങുകൾക്ക് എതിരെയായിരുന്നു പ്രധാന പോരാട്ടം.  1936 മുതൽ 1945 വരെ ഈ പോരാട്ടം തുടരുന്നു. മാറിവരുന്ന സാഹചര്യങ്ങളെ വിലയിരുത്തി വിപ്ലവത്തിന് ആവശ്യമായ തന്ത്രവും അടവും സ്വീകരിക്കുന്നതിൽ അത്യുജ്വലമായ പാടവമാണ് സിപിസി മൗ സേ ദോങ്ങിന്റെ നേതൃത്വത്തിൽ നടത്തിയത്.  1949-ൽ കുമിങ്‌താങ് കക്ഷിയുടെ സൈന്യം തായ്‌പേയിലേക്ക്‌ പിന്മാറി. ജന്മിത്തം അവസാനിപ്പിച്ച് പുരോ​ഗമനപരമായ പരിഷ്കാരങ്ങൾ സിപിസി നടപ്പാക്കിയതോടെയാണ് ചൈനയിൽ വൻകിട വ്യവസായങ്ങൾ തലപൊക്കിയത്. 

മൗ സെ ദോങ് കമ്യൂണിസ്റ്റ്‌ ചൈന രൂപീകരണ പ്രഖ്യാപനം നടത്തുന്നു

മൗ സെ ദോങ് കമ്യൂണിസ്റ്റ്‌ ചൈന രൂപീകരണ പ്രഖ്യാപനം നടത്തുന്നു

എന്നാൽ, ചടുലമായ വളർച്ചയ്‌ക്കുവേണ്ടി എടുത്ത തീരുമാനങ്ങൾ കടുത്ത വ്യതിയാനങ്ങൾക്കും വഴിവച്ചു. സാംസ്കാരികവിപ്ലവം പോലുള്ള തെറ്റായ വ്യതിയാനങ്ങളെ അവസരോചിതമായി തിരുത്താനായി. ആ​ഗോളതലത്തിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യചേരിയിൽ നിന്ന്‌ കടുത്ത അവ​ഗണനയാണ് ആധുനിക ചൈന നേരിട്ടത്.
ഐക്യരാഷ്ട്രസഭയിൽ ചൈനയ്‌ക്ക് അം​ഗത്വം ലഭിച്ചത് 1972നാണ്. ചൈനയ്‌ക്കുപകരം  തായ്‌‌വാനെ പ്രധാന രാജ്യമായി പരി​ഗണിച്ച് ചൈനയോട് നിഴൽയുദ്ധം നടത്തുന്ന സമീപനമാണ് അമേരിക്ക സ്വീകരിച്ചത്.

നൂറ്റമ്പത് വർഷത്തെ ബ്രട്ടീഷ് കൊളോണിയൽ ഭരണത്തിനു ശേഷം 1997 ജൂലൈ ഒന്നിന് ഹോങ്കോങ് ചൈനയിൽ ലയിച്ചു. ലോകരാജ്യങ്ങൾക്ക് മുന്നിൽ ചൈനയുടെ ആധികാരികതയും മേൽക്കൈയും പ്രകടമാക്കുന്ന നിർണായക സംഭവമായിരുന്നു അത്.  ഇതൊടൊപ്പം മക്കാവോ എന്ന ചെറുദ്വീപും ചൈനയിൽ ലയിച്ചു. തായ്‌വാൻ മാത്രമാണ് മാതൃഭൂമിയിൽ നിന്ന് ഇപ്പോൾ വിട്ടുനിൽക്കുന്നത്.

അതുകൊണ്ടുതന്നെ  തായ് വാനെ ആയുധം അണിയിക്കുകയും തെക്കൻ ചൈന കടലിനെ സംഘർഷഭരിതമാക്കുകയുമാണ് അമേരിക്കയുടെ നേതൃത്വത്തിലുളള പാശ്ചാത്യചേരിയുടെ നിരന്തരശ്രമം.  ഹോങ്കോങ്ങിലെ ആഭ്യന്തരപ്രശ്നങ്ങൾ ആളിക്കത്തിക്കാനും വിമതർക്ക് സഹായം എത്തിക്കാനും നിരന്തരനീക്കം നടക്കുന്നു.

ചൈനീസ് കുതിപ്പ്

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തി. 2017ലെ കണക്ക് പ്രകാരം മൊത്ത ആഭ്യന്തര ഉൽപ്പാദനം 12.238 ട്രില്യൻ ഡോളർ. ഏറ്റവും വേ​ഗതത്തിൽ വളരുന്ന രാഷ്ട്രങ്ങളിലൊന്ന്. സാമ്പത്തികവളർച്ച 6.5 ശതമാനം. (ഇന്ത്യക്ക് അഞ്ച് ശതമാനത്തിലും താഴെ). ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി രാഷ്ട്രം. ചരക്കുകളും സേവനവും അടക്കം ആഗോള കയറ്റുമതിയുടെ 10.33 ശതമാനവും ചൈനയിൽനിന്ന്. ഖജനാവിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള രാഷ്ട്രം. 3.168 ട്രില്യൻ ഡോളർ. വ്യാവസായിക ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top