29 May Friday

പ്രക്ഷോഭങ്ങൾ: പാശ്ചാത്യരാജ്യങ്ങളുടെ ഇരട്ടത്താപ്പ്‌ തുറന്നുകാട്ടി ചൈന

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

ബീജിങ്‌ > ഹോങ്കോങ്ങിലെ സമരം ജനാധിപത്യമുന്നേറ്റമായി വാഴ്‌ത്തുന്ന പാശ്ചാത്യരാജ്യങ്ങളും മാധ്യമങ്ങളും യൂറോപ്പിലും തെക്കനമേരിക്കയിലും മറ്റുമുണ്ടാകുന്ന ജനകീയപ്രക്ഷോഭങ്ങളോട്‌ പുലർത്തുന്ന ഇരട്ടത്താപ്പിനെതിരെ ചൈന. സ്‌പെയിനിലെ കാത്തലോണിയൻ സ്വാതന്ത്ര്യ പ്രക്ഷോഭവും ചിലിയിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെ നടക്കുന്ന സമരവും ബ്രിട്ടനിലെ പരിസ്ഥിതി സംഘത്തിന്റെ സമരവുമെല്ലാം അക്രമവും കലാപവുമായി മുദ്രകുത്തുന്നതിലെ കാപട്യമാണ്‌ ചൈനയുടെ വിമർശത്തിന് ഇടയാക്കിയത്‌.

സ്വാതന്ത്ര്യവാദികളായ കാത്തലോണിയൻ നേതാക്കളെ 2017ലെ സമരത്തിന്റെ പേരിൽ സ്‌പാനിഷ്‌ കോടതി ശിക്ഷിച്ചതാണ്‌ ഇപ്പോൾ അവിടെ പ്രക്ഷോഭത്തിന്‌ ഇടയാക്കിയത്‌. ഹോങ്കോങ്‌ സമരമാണ്‌ പ്രചോദനം എന്നാണ്‌ കാത്തലോണിയൻ സമരക്കാർ പറയുന്നത്‌. എന്നാൽ, ഹോങ്കോങ്‌ സമരത്തെ പ്രോത്സാഹിപ്പിക്കുന്ന പാശ്ചാത്യരാജ്യങ്ങൾ സ്‌പെയിനിലെ സമരത്തെ കലാപമെന്നും അക്രമം എന്നുമാണ്‌ വിശേഷിപ്പിക്കുന്നത്‌.

ചിലിയിൽ മെട്രോ നിരക്ക്‌ വർധനയ്‌ക്കെതിരെ ജനങ്ങൾ ആരംഭിച്ച സമരം സൈന്യത്തിന്റെ അടിച്ചമർത്തലിനും പ്രസിഡന്റ്‌ സെബാസ്റ്റ്യൻ പിനേറയ്‌ക്കുമെതിരായ മുന്നേറ്റമായും മാറിയിരിക്കുകയാണ്‌. ചുരുങ്ങിയ ദിവസങ്ങൾക്കകം 15 പേർ കൊല്ലപ്പെട്ടു.

ഹോങ്കോങ്ങിൽ ആരംഭിച്ച അക്രമങ്ങൾ മറ്റ്‌ സ്ഥലങ്ങളിൽ പുനഃസൃഷ്ടിക്കപ്പെടുകയാണെന്ന്‌ ചൈനീസ്‌ വിദേശമന്ത്രി വാങ്‌ യി ഫ്രഞ്ച്‌ വാർത്താ ഏജൻസി എഎഫ്‌പിയോട്‌ പറഞ്ഞു. ഹോങ്കോങ്ങിന്റെ കാര്യത്തിൽ ജനാധിപത്യം, മനുഷ്യാവകാശം എന്നെല്ലാം പറയുന്നത്‌ പാശ്ചാത്യ സർക്കാരുകളുടെ കപടന്യായമാണെന്നാണ്‌ കാത്തലോണിയയിലെയും ലണ്ടനിലെയും സമരക്കാരോടുള്ള അവരുടെ പ്രതികരണം കാണിക്കുന്നതെന്ന്‌ ചൈനീസ്‌ വിദേശമന്ത്രാലയ വക്താവ്‌ ഹുവാ ചുൻയിങ്‌ പറഞ്ഞു.

ഹോങ്കോങ്ങിലെ വിവാദബിൽ ഔപചാരികമായി പിൻവലിച്ചു

ഹോങ്കോങ്‌ > കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്ന ഹോങ്കോങ്ങുകാരെ കേസ്‌ നടക്കുന്ന രാജ്യത്തിന്‌ കൈമാറുന്നതിന് കൊണ്ടുവന്ന ബിൽ ഹോങ്കോങ്‌ ഔപചാരികമായി പിൻവലിച്ചു. അർധ സ്വയംഭരണ നഗരത്തിന്റെ നിയമസഭയിൽ സുരക്ഷാ സെക്രട്ടറി ജോൺ ലീയാണ്‌ ഇക്കാര്യം അറിയിച്ചത്‌. 

ബില്ലിനെതിരെ ഉയർന്ന പ്രതിഷേധം അക്രമാസക്തമായ വേളയിൽ ഭരണാധികാരി കാരി ലാം ബിൽ പിൻവലിക്കുന്നതായി അറിയിച്ചിരുന്നു. ഇതേസമയം, കാരി ലാമിനെ മാറ്റാൻ ചൈന ആലോചിക്കുന്നതായുള്ള വാർത്ത ചൈനീസ്‌ വിദേശമന്ത്രാലയ വക്താവ്‌ നിഷേധിച്ചു.

ഇതിനിടെ കുറ്റവാളികളെ കൈമാറുന്നതിനുള്ള ബിൽ ഉയർത്തിയ വിവാദത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന യുവാവ്‌ ജയിൽമോചിതനായി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹോങ്കോങ്ങിൽ തടവിലായിരുന്ന ചാൻ തോൻകായ്‌ ബുധനാഴ്‌ചയാണ്‌ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്‌. തയ്‌വാനിൽ ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്‌ ഇയാൾ.

അവിടേക്ക്‌ കൈമാറുന്നതിൽനിന്ന്‌ രക്ഷപ്പെട്ടെങ്കിലും താൻ അവിടെയെത്തി കീഴടങ്ങുമെന്ന്‌ ഇയാൾ പറഞ്ഞിട്ടുണ്ട്‌. ഇയാളെ കൊണ്ടുവരാൻ പ്രതിനിധിസംഘത്തെ അയക്കാൻ തയ്യാറാണെന്ന്‌ തയ്‌വാൻ അറിയിച്ചിട്ടുണ്ടെങ്കിലും അത്‌ ഹോങ്കോങ്‌ തള്ളി. ചാൻ സ്വമേധയാ അവിടെയെത്തും എന്നാണ്‌ ഹോങ്കോങ്ങിന്റെ നിലപാട്‌.


പ്രധാന വാർത്തകൾ
 Top