13 August Thursday

ചെർണോബിൽ: എച്ച്‌ബിഒ പറയാത്ത ചരിത്രം; സോവിയറ്റ്‌ യൂണിയനും ക്യൂബയും

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

എച്ച്ബിഒ പുറത്തിറക്കിയ പുതിയ സീരീസായ ""ചെർണോബിൽ' ചരിത്രത്തെ അപനിർമിക്കാൻ ശ്രമിക്കുന്ന ഒന്നാണെന്ന്‌ പല കോണുകളിൽനിന്നും വിമർശനമുയരുന്നുണ്ട്‌. ചെർണോബിൽ ദുരന്തസമയത്തെ ക്യൂബയുടെ ഇടപെടലാണ് എച്ച്ബിഒ പൂർണമായി അവഗണിച്ചതായി ലാറ്റിൻ അമേരിക്കൻ ടെലിവിഷൻ മാധ്യമമായ ടെലിസുർ ഇംഗ്ലീഷാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലനശൃംഖലയുള്ള ക്യൂബയുടെ ഇടപെടൽ മറച്ചുവച്ചാണ്‌ എച്ച്ബിഒ ചെർണോബിൽ അവതരിപ്പിച്ചിരിക്കുന്നത്‌.

1986 ൽ ചെർണോബില്ലിലുണ്ടായ ആണവദുരന്തം വിഷയമാക്കുന്ന സീരീസിൽ സോവിയറ്റ് യൂണിയൻ സ്വാർത്ഥ നിലപാടാണ് സ്വീകരിച്ചതെന്നും സംഭവം നേരിടാൻ പ്രാപ്തരല്ലായിരുന്നെന്നും വരുത്തിത്തീർക്കാൻ ശ്രമിക്കുന്നുണ്ട്. സീരീസിലെ എല്ലാ അഭിനേതാക്കളും ബ്രിട്ടീഷ് പൗരന്മാരാണ്. സോവിയറ്റ് യൂണിയനിലെ പൗരന്മാരുടെ ജീവിതം കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ ഭിക്ഷക്കാരുടേതിന് സമമാണെന്ന അപനിർമിതി സീരീസ് സൃഷ്ടിക്കാൻ ശ്രമിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സീരീസിൽ ഭൂരിഭാഗം സോവിയറ്റ് പൗരന്മാരുടെയും ജീവിതം പരിതാപകരമാണെന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അവർ നയിച്ചത് യാതൊരു സൗകര്യങ്ങളുമില്ലാത്ത അടിമജീവിതമാണെന്നും ചെർണോബിൽ പറഞ്ഞുവെക്കുന്നുണ്ട്.

ഫിദൽ കാസ്ട്രോ ചെർണോബിൽ ദുരന്തബാധിതരായ കുട്ടികളെ ഹവാനയിൽ സ്വീകരിക്കാനെത്തിയപ്പോൾ

ഫിദൽ കാസ്ട്രോ ചെർണോബിൽ ദുരന്തബാധിതരായ കുട്ടികളെ ഹവാനയിൽ സ്വീകരിക്കാനെത്തിയപ്പോൾസീരീസിലെ സംഭവങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്ന രീതിയിലല്ലെന്ന് റഷ്യൻ മാധ്യമങ്ങളും വിശദീകരിക്കുന്നുണ്ട്. സീരീസിൽ കാണിച്ചിരിക്കുന്ന ഹെലികോപ്റ്റർ അപകടം ഉണ്ടായത് തീർത്തും മറ്റൊരു കാലത്താണെന്നും ചെർണോബിൽ കാരണം അങ്ങനൊരു അപകടം നടന്നിട്ടില്ലെന്നും റഷ്യൻ അധികൃതർ പറയുന്നു. ഇതിലെ മൈൻ തൊഴിലാളികളെ ചിത്രീകരിച്ചത് സങ്കല്പത്തിൽ നിന്നെഴുതിയ തിരക്കഥ വച്ചാണെന്നും റഷ്യൻ മാധ്യമപ്രവർത്തകൻ അലക്സാണ്ടർ കോട്ട്സ് പ്രസ്താവിച്ചിട്ടുണ്ട്.

ഇതിനൊക്കെ പുറമെ ചെർണോബിൽ സീരീസിൽ എച്ച്ബിഒ മനപൂർവം അവഗണിച്ച ഒന്നാണ് ക്യൂബ സോവിയറ്റ് യൂണിയന് നൽകിയ വൈദ്യസഹായം. ആണവകിരണങ്ങളേറ്റ എല്ലാവർക്കും ക്യൂബ സൗജന്യ ചികിത്സ നൽകുകയും ഇതിന്റെ വിശദമായ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യവുമാണെന്നിരിക്കെയാണ് സീരീസ് വിഷയത്തെ പൂർണമായും ഒഴിവാക്കിയാണ് നിർമിച്ചിരിക്കുന്നത്.

ഹവാനയിൽ നിന്ന് 30 കിലോമീറ്റർ മാത്രമുള്ള തരാര ബീച്ചിലെ പ്രശസ്തമായ സുഖവാസകേന്ദ്രം മുഴുവൻ ക്യൂബ ചികിത്സാകേന്ദ്രമാക്കുകയും ആണവദുരന്തത്തിനിരയായ മുഴുവൻ കുട്ടികൾക്കും സൗജന്യ ചികിത്സ നൽകുകയും ചെയ്തിരുന്നു.

ചെർണോബിൽ ദുരന്തബാധിതർക്കായി ക്യൂബ നീക്കിവച്ച ആരോഗ്യകാര്യ സമുച്ചയത്തിൽ സ്കൂളുകളും ആശുപത്രികളും വിനോദത്തിനായുള്ള സ്ഥലങ്ങളും ഉൾക്കൊള്ളിക്കുകയും കുട്ടികളെ മാനസികമായി തളരാതിരിക്കാൻ ശ്രദ്ധ പുലർത്തുകയും ചെയ്തിരുന്നു. 1990നും 2011നുമിടയിൽ ഈ സ്ഥലത്ത് ആണവവികിരണങ്ങളേറ്റ 25,000 കുട്ടികൾ ചികിത്സ തേടിയിട്ടുണ്ടെന്ന് ക്യൂബ ഡിബേറ്റ് വിശദമാക്കുന്നു. സോവിയറ്റ് യൂണിയൻ തകർന്ന് അമേരിക്കൻ ഉപരോധങ്ങൾക്ക് നടുവിൽ നട്ടം തിരിയേണ്ട സാഹചര്യമുണ്ടായപ്പോഴും ഈ കേന്ദ്രം കൃത്യമായി പ്രവർത്തിച്ചുവെന്നും ഇപ്പോഴും കേന്ദ്രം പ്രവർത്തനസജ്ജമാണെന്നും റേഡിയേഷൻ കാരണമുണ്ടായ കാൻസർ, അംഗപരിമിതി മുതലായവക്ക് ചികിത്സ നൽകിയിട്ടുണ്ടെന്നും സ്ഥലത്ത് പ്രവർത്തിക്കുന്ന ഡോക്ടർ പ്രശസ്ത ലാറ്റിൻ അമേരിക്കൻ മാധ്യമമായ ടെലിസുർ ടിവിയോട് പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top