ടൊറന്റൊ> ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറെ കൊലപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്റുമാരെന്ന് വീണ്ടും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കനേഡിയന്‍ പൗരനെ കാനഡയുടെ മണ്ണില്‍ കൊലപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്‍സികളാണ്. ഇത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. നീതി നടപ്പിലാക്കാന്‍ ഇന്ത്യയുടെ സഹകരണം തേടുന്നുവെന്നും ട്രൂഡോ പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന ഉറച്ച നിലപാടാണ് ക്യാനഡ സ്വീകരിക്കുന്നത്. ഇന്ത്യന്‍ ഉദ്യോഗസ്ഥരും ക്യാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നാണ് ആരോപിക്കുന്നത്. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നല്‍കിയതായി ക്യാനഡ അവകാശപ്പെടുന്നു. അത് മാത്രമല്ല നേരിട്ടും അല്ലാതെയും തെളിവുശേഖരിച്ചതായും ക്യാനഡ വ്യക്തമാക്കി.
എന്നാല്‍ തെളിവ് ഇപ്പോള്‍ കൈമാറാനാവില്ലെന്ന നിലപാടാണ് ക്യാനഡ സ്വീകരിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ തെളിവ് കൈമാറാനാകൂ എന്നാണ് കാരണമായി പറയുന്നത്. ക്യാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയന്‍ പൗരന്മാര്‍ക്കു വിസ നല്‍കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു.
അതേസമയം ഹര്‍ദീപ് സിങ് നിജ്ജറിന് പിറകെ ക്യാനഡയിൽ കൊല്ലപ്പെട്ട സുഖ്‌ദൂൽ സിങ്ങിന്റെ കൊലപാതകത്തിനു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയ് രംഗത്തെത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..