06 December Friday

സഖ്യകക്ഷി പിന്തുണ പിൻവലിച്ചു: കാനഡയിൽ സർക്കാർ പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

ഒട്ടാവ > സഖ്യകക്ഷി പിന്തുണ പിൻവലിച്ചതിനു പിന്നാലെ കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ. പ്രതിപക്ഷത്തെ നേരിടാൻ ട്രൂഡോ സർക്കാർ ദുർബലമെന്ന് ചൂണ്ടിക്കാട്ടി ജഗ്‌മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക്‌ പാർടി(എൻഡിപി)യാണ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. സെപ്തംബർ 16ന് ഒട്ടാവയിൽ പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് നീക്കം. ഇതോടെ ട്രൂഡോയു​ടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ ന്യൂനപക്ഷമാകും.

2022 മാർച്ചിലാണ് എൻഡിപി ട്രൂഡോ സർക്കാരിന് പിന്തുണ നൽകിയത്. 338 അംഗ സഭയിൽ ട്രൂഡോ നയിക്കുന്ന ലിബറൽ പാർടിക്ക് 158 സീറ്റുണ്ട്. എൻഡിപിക്ക് 25 എംപിമാരാണ് ഉള്ളത്. പുരോഗമന ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ സംയുക്തമായി നടപ്പിലാക്കാനായിരുന്നു പിന്തുണയെന്നും എന്നാൽ സർക്കാർ ജനങ്ങളെ നിരാശപ്പെടുത്തി കോർപറേറ്റുകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ജഗ്‌മീത് സിങ് വീഡിയോ സന്ദേശത്തിൽ ആരോപിച്ചു. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ അടക്കം വിലക്കയറ്റവും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും ജഗ്മീത് സിങ് അറിയിച്ചിരുന്നു.

ഭരണം നിലനിർത്താൻ പുതിയ സഖ്യത്തിനായുള്ള ശ്രമത്തിലാണ് ട്രൂഡോ. 16ന് ആരംഭിക്കുന്ന ഹൗസ് ഓഫ് കോമൺസിന്റെ യോഗത്തിൽ പ്രതിപക്ഷം വിശ്വാസവോട്ട് തേടാൻ സാധ്യതയുണ്ട്. എൻഡിപി പിന്തുണച്ചില്ലെങ്കിൽ സർക്കാർ വീഴും. അങ്ങനെയുണ്ടായാൽ അടുത്ത വർഷം ഒക്ടോബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടിവരും. നിലവിലെ അവസ്ഥയിൽ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ജസ്റ്റിൻ ട്രൂഡോക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് പ്രവചനങ്ങൾ. അതേസമയം, നേരത്തെ തെരഞ്ഞെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങൾ ട്രൂഡോ തള്ളിയിട്ടുണ്ട്. സർക്കാർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top