17 January Friday

സൗദിയിലെ ആക്രമണം: ആയുധ ഉറവിടം സ്ഥിരീകരിച്ചില്ല:യുഎൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

ഐക്യരാഷ്‌ട്ര കേന്ദ്രം> സൗദി അറേബ്യയിലെ വിമാനത്താവളത്തിലും എണ്ണ ഉൽപ്പാദനകേന്ദ്രങ്ങളിലും ഈ വർഷം ഉണ്ടായ ആക്രമണങ്ങൾക്ക്‌ ഉപയോഗിച്ച ഡ്രോണുകളും ക്രൂസ്‌ മിസൈലുകളും ഇറാനിൽ നിന്നുള്ളവയാണെന്ന്‌ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്‌  ഐക്യരാഷ്‌ട്രസഭ വ്യക്തമാക്കി. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ തയ്യാറാക്കിയ റിപ്പോർട്ട്‌ 19ന്‌ രക്ഷാസമിതി മുമ്പാകെ വിശദീകരിക്കും.

സൗദിയിലെ ആക്രമണങ്ങൾക്ക്‌ ഉപയോഗിച്ച മിസൈലുകളും ഡ്രോണുകളും 2015ൽ ഇറാനും വൻശക്തികളും തമ്മിലുണ്ടാക്കിയ കരാറുമായി പൊരുത്തപ്പെടാത്ത രീതിയിൽ ഇറാനിൽനിന്ന്‌ എത്തിച്ചവയാണെന്നും യുഎന്നിന്‌ സ്ഥിരീകരിക്കാനായിട്ടില്ല. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും മറ്റ്‌ ചില രാജ്യങ്ങളും ഉയർത്തിയ ആരോപണങ്ങളും അവ നിഷേധിച്ച ഇറാന്റെ പ്രതികരണവും റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്‌.

ജൂൺ രണ്ടിനും പിന്നീട്‌ ആഗസ്‌റ്റിലും അഭാ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും സെപ്‌തംബർ 14ന്‌ അബ്‌ഖൈഖിലെ ഖുറൈസിലെയും അരാംകോ എണ്ണപ്പാടങ്ങളിലും ഉണ്ടായ ആക്രമണങ്ങൾക്ക്‌ ഉപയോഗിച്ച ആയുധങ്ങളുടെ അവശിഷ്‌ടങ്ങൾ പരിശോധിച്ചതായും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായും ഗുട്ടെറസ്‌ പറഞ്ഞു.

ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ഇറാഖിൽ അമേരിക്കൻ സേനയും ഉപയോഗിക്കുന്ന താവളങ്ങൾക്ക്‌ നേരെയുണ്ടായ ആക്രമണങ്ങളുടെ പേരിൽ യുഎസ്‌ പ്രതിരോധ സെക്രട്ടറി മൈക്‌ പോംപിയോ ഇറാനെ ഭീഷണിപ്പെടുത്തി. അമേരിക്കൻ താൽപ്പര്യങ്ങൾക്ക്‌ ഹാനികരമായാൽ കടുത്ത പ്രതികരണം ഉണ്ടാകുമെന്നാണ്‌ ഭീഷണി. വേണ്ടിവന്നാൽ മറ്റ്‌ രാജ്യങ്ങളുടെ ചെലവിൽ ഇറാനെ ആക്രമിക്കുമെന്ന സൂചനയും പോംപിയോ നൽകി.

ഇറാനെതിരെ അമേരിക്ക ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചിട്ടുള്ള ഉപരോധം യുഎൻ പ്രമാണങ്ങളും അന്താരാഷ്‌ട്രനിയമവും ലംഘിച്ചുള്ളതാണെന്ന്‌ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്‌ പറഞ്ഞു. ഉപരോധം മലേഷ്യ അടക്കമുള്ള രാജ്യങ്ങൾക്ക്‌ ഒരു വലിയ വിപണി നഷ്‌ടപ്പെടുത്തിയിരിക്കുകയാണെന്നും ഇതിനെ പിന്തുണയ്‌ക്കുന്നില്ലെന്നും അദ്ദേഹം ദോഹ ഫോറത്തിൽ പറഞ്ഞു. ഖത്തർ എമീർ തമീം ബിൻ ഹമദ്‌ അൽതാനിയും സന്നിഹിതനായി.


പ്രധാന വാർത്തകൾ
 Top