21 February Thursday

അവിശ്വാസത്തെ അതിജീവിച്ച് തെരേസ മേയ്; ജയം 19 വോട്ടുകള്‍ക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 17, 2019

ലണ്ടൻ > ബ്രിട്ടീഷ്‌ പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി തെരേസ മേയ്‌‌‌‌ക്ക്‌ ജയം. 306നെതിരെ 325വോട്ടിനാണ‌് തെരേസ മേ ആടിയുലഞ്ഞ പ്രധാനമന്ത്രി കസേര പിടിച്ചുനിർത്തിയത്‌. ഇന്ത്യൻസമയം വ്യാഴാഴ്‌ച പുലർച്ചെ ഒന്നോടെയായിരുന്നു വോട്ടെടുപ്പ്‌. ബ്രക്‌‌സിറ്റ്‌ കരാറിനെ പാർലമെന്റിൽ എതിർത്ത കൺസർവേറ്റിവ്‌ പാർടിയിലെ നൂറോളം എംപിമാർ മേയ്ക്ക്‌‌ എതിരായ അവിശ്വാസത്തെ പിന്തുണച്ചില്ല. ഇതാണ്‌ മേയ്‌ക്ക്‌ താത്‌കാലിക ആശ്വാസം നൽകിയത്‌. ഡിയുപി എംപിമാരും  പ്രതിപക്ഷ ലേബർ പാർടി കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചില്ല. അവിശ്വാസം പാർലമെന്റ്‌ തള്ളിയെങ്കിലും ബ്രിട്ടനിൽ രാഷ‌്ട്രീയ അനിശ്ചിതാവസ്ഥ തുടരും. ബുധനാഴ‌്ചത്തെ വിശ്വാസവോട്ടെടുപ്പിൽ മേയ‌് ജയിച്ചെങ്കിലും ബ്രെക‌്സിറ്റ‌് പ്രതിസന്ധി ബ്രിട്ടീഷ‌് ജനതയെയും രാഷ‌്ട്രീയ–-ഭരണനേതൃത്വത്തെയും വിട്ടൊഴിയില്ല. 202നെതിരെ 432 വോട്ടിനാണ‌് മേയ‌് മുന്നോട്ടുവച്ച ബ്രെക‌്സിറ്റ‌് കരാർ ബ്രിട്ടീഷ‌് പൊതുസഭ ചൊവാഴ്‌ച തള്ളിക്കളഞ്ഞത‌്.  പൊതുസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണിത‌്. രണ്ടുവർഷത്തോളം നീണ്ട മേയുടെ പ്രയത്നമാണ‌് സഭയിൽ എംപിമാർ കൂട്ടത്തോടെ എതിർത്തുതോൽപ്പിച്ചത‌്. ഈവർഷം മാർച്ച‌് 29ഓടെ യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം യാഥാർഥ്യമാക്കാനുള്ള പദ്ധതികളാണ‌് തകിടംമറിഞ്ഞത‌്.

ഇനിയെന്ത‌് എന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ നിൽക്കുകയാണ‌് ഭരണ–-പ്രതിപക്ഷങ്ങൾ.  എത്രയും വേഗം പൊതുതെരഞ്ഞെടുപ്പിലേക്ക‌് നീങ്ങാനാണ‌് പ്രതിപക്ഷ ലേബർ പാർടി താൽപ്പര്യപ്പെടുന്നത‌്. അക്കാര്യം ലേബർ നേതാവ‌് ജെറമി കോർബിൻ വ്യക്തമാക്കുകയുംചെയ‌്തു. ജീവച്ഛവമായ സർക്കാരാണ‌് മേയുടേതെന്നും അവർക്ക‌് ഭരിക്കാനറിയാത്ത സാഹചര്യത്തിൽ ഉടൻ പൊതുതെരഞ്ഞെടുപ്പ‌് വേണമെന്നും അദ്ദേഹം ബുധനാഴ‌്ച പാർലമെന്റിൽ പറഞ്ഞു. ബ്രെക‌്സിറ്റ‌് കരാറിൽ റെക്കൊഡ‌് പരാജയം ഏറ്റുവാങ്ങിയ സർക്കാർ രാജിവയ‌്ക്കുകയാണ‌് ശരിയായ നടപടിയെന്നും അവിശ്വാസ പ്രമേയം അവതരിപ്പിച്ച‌് കോർബിൻ പറഞ്ഞു. എസ‌്എൻപി, ഗ്രീൻ പാർടി, പ്ലെയ‌്ഡ‌് സിമ‌്റു, ലിബറൽ ഡെമൊക്രാറ്റുകൾ തുടങ്ങിയ കക്ഷികൾ പ്രമേയത്തെ പിന്തുണച്ചു. എന്നാൽ, ഇപ്പോൾ തെരഞ്ഞെടുപ്പ‌ിലേക്ക‌് നീങ്ങുന്നത‌് രാജ്യതാൽപ്പര്യത്തിന‌് എതിരാണെന്ന‌് പ്രധാനമന്ത്രി മേയ‌് വാദിച്ചു.  ഇത്തവണ വിജയിച്ചെങ്കിലും തുടർച്ചയായ അവിശ്വാസപ്രമേയങ്ങൾ കൊണ്ടുവരുമെന്ന പ്രഖ്യാപനം ബ്രിട്ടീഷ‌് പാർലമെന്റ‌് പ്രക്ഷുബ്ധമായി തുടരുമെന്ന സൂചനയാണ‌്.

ഇടക്കാല തെരഞ്ഞെടുപ്പ‌് സൃഷ‌്ടിക്കുന്ന വെല്ലുവിളിയിലേക്ക‌് നീങ്ങാൻ ഭരണപക്ഷ എംപിമാർക്ക‌് പൊതുവിൽ വിമുഖതയുണ്ട‌്. അതിനാലാണ‌് ബ്രെക‌്സിറ്റ‌് കരാറിനെ എതിർത്ത‌് വോട്ടുചെയ‌്ത കൺസർവേറ്റീവ‌് എംപിമാർ വിശ്വാസവോട്ടെടുപ്പിൽ മേയെ പിന്തുണച്ചത‌്. ലേബർ പാർടി ബ്രെക‌്സിറ്റിനെ തന്നെ എതിർക്കുമ്പോൾ കൺസർവേറ്റീവ‌് പാർടിയിലെ ഒരു വിഭാഗത്തിന‌് മേയ‌് മുന്നോട്ടുവച്ച കരാറിലെ നിബന്ധനകളോടാണ‌് എതിർപ്പ‌്. യൂറോപ്യൻ യൂണിയനിൽനിന്ന‌് പിന്മാറുമ്പോൾ ബ്രിട്ടന്റെ താൽപ്പര്യങ്ങൾക്ക‌് ഒരുതരത്തിലും വിട്ടുവീഴ‌്ച വേണ്ടെന്ന സ്വന്തം പാർടിയിലെ തീവ്ര നിലപാടുകാരുടെ വാദം അംഗീകരിക്കുക മേയ‌്ക്ക‌് ബുദ്ധിമുട്ടാകും. അതിർത്തിയിൽ പൂർണ നിയന്ത്രണം ഏർപ്പെടുത്തുന്നതും പൗരന്മാരുടെ യാത്രാതടസ്സവും വ്യാപാരരംഗത്തടക്കം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും വലിയ പ്രതിസന്ധിയാകും. ഇത‌് ഒഴിവാക്കാനാണ‌് ചില വിട്ടുവീഴ‌്ചകൾക്ക‌് താൻ തയ്യാറായതെന്നാണ‌് മേയുടെ വാദം. എന്നാൽ, ഈ നിലപാട‌് സ്വന്തം പാർടിയിലെ തന്നെ പ്രബലമായ ഒരു വിഭാഗം എംപിമാർ തള്ളിയത‌് മേയ‌്ക്ക‌് കനത്ത തിരിച്ചടിയായി.

2016ലാണ‌് യൂറോപ്യൻ യൂണിയൻ വിടുന്ന കാര്യത്തിൽ ബ്രിട്ടനിൽ ജനഹിതപരിേശോധന നടന്നത‌്. അന്ന‌് 52 ശതമാനം വോട്ടർമാർ ബ്രെക‌്സിറ്റിനെ പിന്തുണച്ചു. ബ്രെക‌്സിറ്റ‌് വിരോധിയായ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ‌് കാമറണിന‌് ഇതേതുടർന്ന‌് രാജിവയ‌്ക്കേണ്ടിവരികയും ചെയ‌്തു. ജനഹിതം ബ്രെക‌്സിറ്റിന‌് അനുകൂലമായിരുന്നെങ്കിലും  ബ്രിട്ടീഷ‌് പാർലമെന്റിൽ ഒരുഘട്ടത്തിലും ബ്രെക‌്സിറ്റ‌് അനുകൂലികൾക്ക‌് മേൽക്കൈ ഉണ്ടായിരുന്നില്ല എന്നതാണ‌് ശ്രദ്ധേയം. എംപിമാരിൽ ഒരുവിഭാഗം വീണ്ടും ജനഹിതപരിശോധന വേണമെന്ന വാദമുയർത്തുന്നു. ഇയുവുമായി ഇപ്പോൾ നിർദ്ദേശിക്കുന്നതിലും കൂടുതൽ ബന്ധം പുലർത്തുന്ന തരത്തിലേക്ക‌് കരാർ പൊളിച്ചെഴുതണമെന്നാണ‌് മറ്റൊരു വാദം.

അതേസമയം, നിലവിലെ ബ്രെക‌്സിറ്റ‌് കരാർ ബ്രിട്ടീഷ‌് പാർലമെന്റ‌് തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇളവ‌് അനുവദിക്കുന്ന സൂചനയൊന്നും ഇയു നേതൃത്വത്തിന്റെ പ്രതികരണങ്ങളിലില്ല. ബ്രെക‌്സിറ്റ‌് ഒഴിവാക്കി ബ്രിട്ടൻ ഇയുവിൽ തന്നെ തുടരണമെന്ന അഭിപ്രായമാണ‌് പലരും പങ്കുവച്ചത‌്. ബ്രിട്ടനാണ‌് ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന‌് ബ്രെക‌്സിറ്റ‌് ചർച്ചക്കുള്ള ഇയു സംഘത്തലവൻ മൈക്കൽ ബാർനിയർ പറഞ്ഞു. സമയം ഒട്ടുമില്ലെന്നും ബ്രിട്ടൻ ഉദ്ദേശമെന്താണെന്ന‌് വ്യക്തമാക്കണമെന്നും യൂറോപ്യൻ കമീഷൻ പ്രസിഡന്റ‌് ഴാങ‌് ക്ലോഡ‌് ജംഗർ പറഞ്ഞു. ബ്രിട്ടൻ ഇയുവിൽ തുടരണമെന്ന‌് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ‌് ഡോണൾഡ‌് ടസ‌്ക‌് പ്രതികരിച്ചു.


പ്രധാന വാർത്തകൾ
 Top