16 August Sunday

ബ്രിട്ടൻ വിഭജനഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

ലണ്ടൻ
ബ്രിട്ടീഷ്‌(യുകെ) പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ബോറിസ്‌ ജോൺസന്റെ കൺസർവേറ്റീവ്‌ പാർടി വൻഭൂരിപക്ഷം നേടിയതോടെ രാജ്യത്തിന്റെ കെട്ടുറപ്പ്‌ സംശയത്തിലായി. ബ്രിട്ടനിൽ നിന്ന്‌ സ്വതന്ത്രമാകണമെന്ന്‌ പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്ന സ്‌കോട്ട്‌ലൻഡ്‌ ഈ ആവശ്യം ശക്തമായി ഉയർത്തിക്കഴിഞ്ഞു. സ്‌കോട്ട്‌ലൻഡിലെ 59 സീറ്റിൽ 48 എണ്ണവും സ്വാതന്ത്ര്യത്തിന്‌ വാദിക്കുന്ന സ്‌കോട്ട്‌ലൻഡ്‌ നാഷണൽ പാർടിക്കാണ്‌(എസ്‌എൻപി).

ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും വെയിൽസും ഉത്തര അയർലൻഡും ചേർന്നതാണ്‌ യുണൈറ്റഡ്‌ കിങ്‌ഡം(യുകെ) എന്ന ബ്രിട്ടൻ. 6.6 കോടി വരുന്ന ബ്രിട്ടീഷ്‌ ജനസംഖ്യയിൽ 5.6 കോടിയും ഇംഗ്ലണ്ടിലാണ്‌. കൺസർവേറ്റിവ്‌ പാർടിക്ക്‌ ലഭിച്ച 365 സീറ്റിൽ 345 എണ്ണവും അവിടെനിന്നാണ്‌.

വരുന്ന ജനുവരി 31നകം ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽനിന്ന്‌ പുറത്തെത്തിക്കുമെന്ന്‌ ബോറിസ്‌ ജോൺസൻ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ, യൂറോപ്യൻ യൂണിയനിൽ തുടരണം എന്ന്‌ ആഗ്രഹിക്കുന്ന സ്‌കോട്ടിഷ്‌, ഐറിഷ്‌ ജനതകൾ ബ്രെക്‌സിറ്റ്‌ ഹിതപരിശോധനയിൽ എതിർത്താണ്‌ വോട്ട്‌ ചെയ്‌തത്‌. ഇംഗ്ലണ്ടിന്റെ താൽപ്പര്യത്തിന്‌ വഴങ്ങി തങ്ങളുടെ താൽപ്പര്യം ബലി കഴിക്കാനാകില്ലെന്നാണ്‌ സ്‌കോട്ട്‌ലൻഡിന്റെയും മറ്റും നിലപാട്‌.സ്‌കോട്ട്‌ലൻഡ്‌ സ്വാതന്ത്ര്യത്തിന്‌ പുതിയ ഹിതപരിശോധന നടത്തണമെന്നാണ്‌ എസ്‌എൻപിയുടെ ആവശ്യം. 2014ൽ ഹിതപരിശോധന നടത്തിയെങ്കിലും 55ശതമാനം പേരും എതിർത്തിരുന്നു.

ഇത്‌ ചൂണ്ടിക്കാട്ടി പുതിയ ഹിതപരിശോധനയെ എതിർക്കുകയാണ്‌ ജോൺസൻ. എന്നാൽ, 2016ലെ ബ്രെക്‌സിറ്റ്‌ ഫലത്തോഞടെ സാഹചര്യം മാറിയെന്നും സ്‌കോട്ട്‌ലൻഡ്‌ ജനതയുടെ ഹിതത്തിനെതിരായി അവരെ ഇയുവിന്‌ പുറത്തെത്തിക്കാനാകില്ലെന്നും എസ്‌എൻപി നേതാവ്‌ നികോള സ്‌റ്റേർജൻ പറയുന്നു. മാത്രമല്ല തങ്ങളുടേത്‌ അഭ്യർഥനയല്ല, ആവശ്യമാണ്‌ എന്ന്‌ അവർ തുറന്നടിക്കുന്നു.

ഉത്തര അയർലൻഡിലും സമാനമാണ്‌ സ്ഥിതി. അയൽരാജ്യമായ അയർലൻഡുമായി സാംസ്‌കാരികബന്ധമുള്ള ഉത്തര അയർലൻഡുകാർ ഇയുവിന്‌ പുറത്തായാൽ പല കാര്യങ്ങളിലും പ്രതിസന്ധി നേരിടും. കൺസർവേറ്റീവുകളുടെ വിജയം മുസ്ലിം സമൂഹത്തിലുണ്ടാക്കിയ ആശങ്കയും ബോറിസ്‌ ജോൺസന്‌ വെല്ലുവിളിയാകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top