ലണ്ടൻ> പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള വോട്ടെടുപ്പിനിടെ കൺസർവേറ്റീവ് പാർടിയിൽ പോസ്റ്റൽ ബാലറ്റ് വിവാദം പുകയുന്നു. വെള്ളിയാഴ്ച ആരംഭിച്ച വോട്ടെടുപ്പിൽ ആയിരത്തിലധികം വരുന്ന കൺസർവേറ്റീവ് പാർടി അംഗങ്ങൾക്ക് ഒന്നിലധികം പോസ്റ്റൽ ബാലറ്റുകൾ ലഭിച്ചുവെന്നതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
ഒന്നിലധികം പ്രാദേശിക ഘടകങ്ങളിൽ അംഗങ്ങളായിട്ടുള്ളവർക്കും രണ്ടുപേരിൽ അംഗങ്ങളായിട്ടുള്ളവർക്കുമാണ് ഒന്നിലധികം പോസ്റ്റൽ ബാലറ്റുകൾ ലഭിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ഒന്നിലധികം വോട്ട് രേഖപ്പെടുത്തുന്ന അംഗങ്ങളെ പാർടിയിൽനിന്ന് പുറത്താക്കുമെന്ന് കൺസർവേറ്റീവ് പാർടി പ്രസ്താവനയിറക്കി. ഇത് പോസ്റ്റൽ ബാലറ്റിന്റെ നിർദേശത്തിൽ പറയുന്നുണ്ടെന്നും പ്രസ്താനവയിൽ വ്യക്തമാക്കി.
1,60,000 കൺസർവേറ്റീവ് പാർടി അംഗങ്ങൾ നേരിട്ട് വോട്ട് ചെയ്താണ് അടുത്ത പ്രധാനമന്ത്രിക്കായുള്ള കൺസർവേറ്റീവ് പാർടി നേതാവിനെ തെരഞ്ഞെടുക്കുന്നത്. മുൻ വിദേശ സെക്രട്ടറി ബോറിസ് ജോൺസണും നിലവിലെ വിദേശ സെക്രട്ടറി ജെറമി ഹണ്ടും തമ്മിലാണ് പ്രധാനമന്ത്രിക്കായുള്ള അവസാന മത്സരം. ജൂലൈ 23നാണ് വിജയിയെ പ്രഖ്യാപിക്കുക. ബ്രെക്സിറ്റ് വിടുതൽ കരാർ പാർലമെന്റിൽ പാസാക്കാനാകാത്തതിനാൽ ബ്രിട്ടൻ പ്രധാനമന്ത്രി തെരസേ മേ നേരത്തെ രാജിവച്ചിരുന്നു.