01 December Thursday

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2016

ലണ്ടന്‍ > യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന് പുറത്തേക്കുള്ള വഴികാട്ടി ഹിതപരിശോധനാഫലം. 51.8 ശതമാനം ആളുകളും പിന്മാറ്റത്തെ അനുകൂലിച്ച് വോട്ടുചെയ്തു. 48.2 ശതമാനംപേര്‍യൂണിയനില്‍ തുടരണമെന്ന് വോട്ടുചെയ്തു.

എഡെന്‍, ഹാര്‍ലോ, നോര്‍ത്ത് ഡൌണ്‍, ബെല്‍ഫാസ്റ്റ് വെസ്റ്റ്, ബറി, സ്വാന്‍സിയ, വെല്ലിംഗ്ബറോ, സൌത്ത് എന്‍ഡ് ഓണ്‍ സീ, ബ്രെന്‌റ്വുഡ്, ഫ് ളിന്റ്ഷെയര്‍ എന്നീ ഏരിയകളെല്ലാം പിന്‍മാറണം പക്ഷത്തിനാണ് ജയം. ഫലസൂചനകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് ബ്രിട്ടന്റെ നാണയമായ പൌണ്ടിന്റെ വിലയിടിഞ്ഞു. യൂറോപ്യന്‍ യുണിയനില്‍ അംഗമായിരുന്നെങ്കിലും പൊതു നാണയമായ യൂറോയെ ബ്രിട്ടന്‍ അംഗീകരിച്ചിരുന്നില്ല.

അതിസമ്പന്നമായിരുന്ന ബ്രിട്ടന്റെ സാമ്പത്തിക അടിത്തറ 2005ല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായതു മുതല്‍ ദുര്‍ബലമായെന്നും സ്വതന്ത്രമായ നിലനില്‍പാണു രാജ്യത്തിനു ഗുണകരമെന്നും പുറത്തുപോകണം എന്നതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍, പുറത്തേക്കുള്ള പോക്ക് സമ്പദ്വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നും തൊഴിലവസരങ്ങളും ആരോഗ്യവുമടക്കം സേവനമേഖലയുടെ സാമ്പത്തികവിഹിതവും കുറയാന്‍ ഇടവരുത്തുമെന്നുമാണ് തുടരണം (റിമെയന്‍) വോട്ടിനു നിലപാടെടുക്കുന്നവരുടെ വാദം.

നാലുമാസം നീണ്ട ശക്തമായ പ്രചാരണത്തിനൊടുവിലാണ് ഹിതപരിശോധനയില്‍ പൊതുജനം ബാലറ്റിലൂടെ വിധി എഴുതിയത്. രാജ്യത്തെ ജനതയെത്തന്നെ തുടരണമെന്നും വേണ്ടെന്നും അഭിപ്രായമുള്ള രണ്ടുപക്ഷമായി വേര്‍തിരിച്ച പ്രചാരണമാണ് ഇത്രയുംനാള്‍ നടന്നത്.

382 കേന്ദത്തിലാണ് വോട്ടെണ്ണല്‍. ഇംഗ്ളണ്ട്, സ്‌കോട്ട്ല‌ന്‍ഡ്, വെയ്ല്‍സ് എന്നീ തദ്ദേശഭരണകൂടങ്ങളെയും ഉത്തര അയര്‍ലന്‍ഡ്, ജിബ്രാള്‍ട്ടര്‍ എന്നിവയെയും ഉള്‍ക്കൊള്ളുന്നതാണ് 382 വോട്ടെണ്ണല്‍കേന്ദം. മാഞ്ചസ്റ്റര്‍ ടൌണ്‍ഹാളിലെ മുഖ്യ കൌണ്ടിങ് ഓഫീസറാണ് അവസാന ഫലം പ്രഖ്യാപിക്കുക.

ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകവും വാശിയേറിയതുമായ ഹിതപരിശോധനയാണ് വ്യാഴാഴ്ച നടന്നത്. പിന്മാറം എന്നാണ് ഉത്തരമെങ്കില്‍ 'തുടരല്‍' ക്യാമ്പിന്റെ നേതാവ് ഡേവിഡ് കാമറണിന്റെ രാഷ്ട്രീയഭാവിയെ ഗുരുതരമായി ബാധിക്കും. പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടിവരും. ഹിതപരിശോധനയിലേക്ക് രാജ്യത്തെ എത്തിച്ചതിന്റെ പാപഭാരവും അദ്ദേഹം പേറേണ്ടിവരും. ഫലം തിരിച്ചാണെങ്കില്‍ ബ്രിട്ടനുമാത്രമല്ല ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും അത് ആശ്വാസകരമാകും.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റക്കാരെ അനുകൂലിച്ചും എതിര്‍ത്തുമുള്ള ചര്‍ച്ചകളില നിന്നായിരുന്നു ഹിതപരിശോധനയുടെ തുടക്കം. പുതിയ കുടിയേറ്റക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇയുവില്‍നിന്ന് അനുമതി ലഭിച്ചിട്ടുങ്കിെലും ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയില്‍പോലും അഭിപ്രായസമന്വയം രൂപീകരിക്കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് കഴിഞ്ഞില്ല. അങ്ങനെയാണ് പൊതുജനാഭിപ്രായം തേടുക എന്ന വഴി സ്വീകരിച്ചത്.മുന്‍ മേയറും എംപിയുമായ ബോറിസ് ജോണ്‍സനാണ് ബ്രെക്സിറ്റ് അഥവാ പുറത്തേക്കുള്ള ബ്രിട്ടന്റെ പോക്ക് എന്ന ഹിതപരിശോധനയുടെ പ്രധാന വക്താവ്.

ലേബര്‍ പാര്‍ട്ടിക്കും  സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്കും താലപര്യം യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറുകയാണെങ്കില്‍ കുടിയേറ്റം, സുരക്ഷ, തൊഴില്‍, വ്യാപാരം, സമ്പദ്വ്യവസ്ഥ എന്നീ മേഖലകളില്‍ അത് മാറ്റങ്ങളുണ്ടാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top