12 November Tuesday

ബ്രെക്‌സിറ്റ്‌: അനിശ്‌ചിതത്വം തന്നെ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

ലണ്ടൻ
ബ്രെക്‌സിറ്റിന്റെ കാര്യത്തിൽ ബ്രിട്ടന്റെയും യൂറോപ്യൻ യൂണിയന്റെയും ചർച്ചാ സംഘങ്ങൾ തമ്മിൽ പുതിയ കരാറായെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ. നിർണായക ബ്രിട്ടൻ–-ഇയു ദ്വിദിന ഉച്ചകോടിക്കായി ബ്രസൽസിലേക്ക്‌ തിരിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ട്വിറ്ററിലൂടെ ജോൺസന്റെ പ്രഖ്യാപനം.

എന്നാൽ, ഇതിനെ പിന്തുണയ്‌ക്കില്ലെന്ന്‌ ബോറിസ്‌ ജോൺസന്റെ സഖ്യകക്ഷിയായ ഉത്തര അയർലൻഡിലെ ഡെമോക്രാറ്റിക്‌ യൂണിയനിസ്‌റ്റ്‌ പാർടി(ഡിയുപി) വ്യക്തമാക്കി. ഇതോടെ ഡോളറും യൂറോയുമായുള്ള വിനിമയത്തിൽ പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു. കരാറിന്‌ ബ്രിട്ടീഷ്‌, യൂറോപ്യൻ പാർലമെന്റുകളുടെ അംഗീകാരം ലഭിക്കണമെന്നതും കടമ്പയായി അവശേഷിക്കുന്നു.

ഇയു രാജ്യമായ അയർലൻഡും ബ്രിട്ടീഷ്‌ പ്രദേശമായ ഉത്തര അയർലൻഡും തമ്മിൽ നിർദിഷ്‌ട കസ്‌റ്റംസ്‌, നികുതി ക്രമീകരണങ്ങൾ സംബന്ധിച്ചും ഭിന്നതകൾ അവശേഷിക്കുന്നു. പുതിയ കരാർ ബോറിസ്‌ ജോൺസന്റെ മുൻഗാമിയായ തെരേസ മേ ഉണ്ടാക്കിയ കരാറിനെക്കാൾ വഷളാണെന്ന്‌ ബ്രിട്ടനിലെ പ്രതിപക്ഷ ലേബർ പാർടിയുടെ നേതാവ്‌ ജെറമി കോർബിൻ പറഞ്ഞു. സന്തുലിതമായ കരാറാണെന്ന്‌ യൂറോപ്യൻ കമീഷൻ പ്രസിഡന്റ്‌ ഴാങ്‌ ക്ലോദ്‌ ജങ്കർ പറഞ്ഞു.

ഒക്‌ടോബർ 31ന്‌ ബ്രിട്ടനെ ഇയുവിൽനിന്ന്‌ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ജോൺസൺ. അതിനുള്ള നിയമ രേഖയിലാണ്‌ നീണ്ട കൂടിയാലോചനകൾക്കൊടുവിൽ ധാരണയായത്‌. അപ്പോഴും സഖ്യകക്ഷിയിൽ നിന്നുതന്നെ എതിർപ്പ്‌ ഉയർന്നിരിക്കുന്നതിനാൽ അനിശ്‌ചിതത്വം തുടരുകയാണ്‌.

കരാർ പ്രതിനിധിസഭയിൽ പാസാവാൻ 320 അംഗങ്ങളുടെ പിന്തുണ വേണം. ആവശ്യമായ പിന്തുണ ഉറപ്പിക്കാനാവാതെ രാജിവയ്‌ക്കേണ്ടിവന്ന തെരേസ മേയുടെ കാലത്ത്‌ 279 വോട്ടാണ്‌ കിട്ടിയത്‌. എന്നാൽ, കരാർ ഇല്ലാതെയും ഇയുവിൽനിന്ന്‌ പിന്മാറാൻ പാർലമെന്റിൽ നടത്തിയ വോട്ടിങ്ങിൽ എതിർത്ത്‌ വോട്ട്‌ ചെയ്‌ത 19 ഭരണകക്ഷിയംഗങ്ങളെ കഴിഞ്ഞമാസം ബോറിസ്‌ ജോൺസൻ പുറത്താക്കിയിരുന്നു. ഇവരെല്ലാം തെരേസ മേയുടെ കരാറിനെ അനുകൂലിച്ച്‌ വോട്ട്‌ ചെയ്‌തവരാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top