22 July Monday

ബ്രക്‌സിറ്റിൽ തെരേസാ മേക്ക്‌ വീണ്ടും തിരിച്ചടി; ഹിത പരിശോധനയ്‌ക്കായി ലണ്ടനിൽ വൻ റാലി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019

ലണ്ടൻ> ബ്രക്‌സിറ്റ്‌ കരാറിൽ  നടന്ന മൂന്നാമത്തെ വോട്ടെടുപ്പിൽ നിയന്ത്രണം പാർലമെൻറിന്‌  ലഭിച്ചത്‌ പ്രധാനമന്ത്രി തെരേസാ മേയ്‌ക്ക്‌ തിരിച്ചടിയായി. രണ്ടു തവണ വോട്ടിനിട്ട്‌  പരാജയപ്പെട്ട കരാറിന്‌ ഇക്കുറിയും എം പിമാരുടെ ഭുരിപക്ഷം ലഭിക്കില്ലെന്ന്‌ തെരേസാ മേയ്‌ തന്നെ വ്യക്‌തമാക്കിയിരുന്നു.

കരാറിന്റെ നിയന്ത്രണം ലഭിച്ചതോടെ ബ്രക്‌സിറ്റ്‌ നടപ്പാക്കുന്നതിന്‌ പാർലമെൻറ്‌ ബദൽ പരിപാടികൾ കൊണ്ടുവരും. കരാറില്ലാതെ ഏപ്രിൽ 12നും കരാറോടെ മേയ്‌ 22നുമാണ്‌ ബ്രിട്ടന്‌ യുറോപ്യൻ യൂണിയൻ വിടാനുള്ള നിലവിലെ കാലപരിധി.

അതേസമയം ബ്രെക്സിറ്റ് നടപടികൾക്കായി വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന‌് ആവശ്യപ്പെട്ട‌് ബ്രിട്ടനിൽ വൻ റാലി നടന്നു.  ചരിത്രത്തിലെ ഏറ്റവും വലിയ റാലിയെന്ന് വിശേഷിപ്പിക്കാവുന്ന റാലിയാണ് ശനിയാഴ‌്ച സെൻട്രൽ ലണ്ടനിൽ അരങ്ങേറിയത്. റാലിയിൽ പത്തു ലക്ഷത്തിലധികംപേർ പങ്കെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു.


പീപ്പിൾസ‌് വോട്ട‌് ക്യാംപയിന്റെ ആഭിമുഖ്യത്തിൽ നടന്ന റാലിയിൽ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും ഇറ്റലി, അയർലൻഡ‌് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വിവിധ സംഘടനകളും അണിചേർന്നു. തങ്ങൾ ഇയുവിനെ ഇഷ്ടപ്പെടുന്നു  എന്ന പ്ലക്കാർഡുകളും യൂറോപ്യൻ യൂണിയന്റെ പതാകയും വഹിച്ചായിരുന്നു ജനങ്ങൾ റാലിയിൽ പങ്കെടുത്തത്.

ബ്രെക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി തെരേസ മേ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ലണ്ടനില്‍ റാലി അരങ്ങേറിയത്. ഇറാഖ് യുദ്ധത്തിനെതിരെ 2003ൽ സംഘടിപ്പിച്ച റാലിയേക്കാൾ വലുതായിരുന്നു ബ്രെക്സിറ്റ് വിരുദ്ധ റാലിയെന്നും സംഘാടകർ അവകാശപ്പെടുന്നു.

അതിനിടെ, ബ്രെക‌്സിറ്റ‌് വിഷയത്തിൽ പ്രധാനമന്ത്രി തെരേസ മേയുടെ രാജിക്കായുള്ള മുറവിളി വീണ്ടും ശക്തമായി. ലണ്ടനിൽ കഴിഞ്ഞദിവസം റാലി നടന്നതിന‌ു പിന്നാലെ മേയുടെ പാർടിയായ കൺസർവേറ്റീവ‌് പാർടി നേതാക്കളും മേയുടെ രാജി ആവശ്യപ്പെട്ടു. ബ്രെക‌്സിറ്റ‌് വിഷയം കൈകാര്യംചെയ്യുന്നതിൽ വന്ന വീഴ‌്ച  മനസ്സിലാക്കി മേ സ്വമേധയാ രാജിവയ‌്ക്കണമെന്ന‌് മുതിർന്ന കൺസർവേറ്റീവ‌് നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, മേ ഇതേക്കുറിച്ച‌് പ്രതികരിച്ചിട്ടില്ല


പ്രധാന വാർത്തകൾ
 Top