28 February Friday

ബ്രെക്‌സിറ്റ്‌ ബിൽ പാസായി ; യൂറോപ്യൻ പാർലമെന്റ്‌ അടുത്ത ബുധനാഴ്‌ച ചേരും

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


ലണ്ടൻ
ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽനിന്ന്‌ പുറത്തേക്ക്‌ കൊണ്ടുവരാൻ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ അവതരിപ്പിച്ച ബിൽ പാർലമെന്റ്‌ പാസാക്കി. ബ്രിട്ടൻ ജനുവരി 31ന്‌ ഇയുവിൽ നിന്ന്‌ പുറത്തുവരാനുള്ള അവസാന കടമ്പകളിൽ ഒന്നുകൂടി കടന്നു.

പാർലമെന്റ്‌ പാസാക്കിയ ഇയു പിൻവാങ്ങൽ കരാർ ബിൽ വ്യാഴാഴ്‌ച തന്നെ രാജ്ഞിയും അംഗീകരിച്ചു. ബിൽ അംഗീകരിച്ച്‌ വെള്ളിയാഴ്‌ച യൂറോപ്യൻ കൗൺസിലിന്റെയും യൂറോപ്യൻ കമീഷന്റെയും പ്രസിഡന്റുമാർ ഒപ്പിടുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. തുടർന്ന്‌ ബോറിസ്‌ ജോൺസൺ ഒപ്പിടും.

അവസാന നടപടിയായി അംഗീകാരവോട്ടിന്‌ യൂറോപ്യൻ പാർലമെന്റ്‌ അടുത്ത ബുധനാഴ്‌ചയാണ്‌ ചേരുന്നത്‌. നിയമപ്രക്രിയകൾ പൂർത്തിയാക്കിയശേഷം ബ്രിട്ടീഷ്‌ വിദേശസെക്രട്ടറി ഡൊമിനിക്‌ റാബ്‌ അംഗീകാരരേഖ ഒപ്പിടും. തുടർന്ന്‌ പിന്മാറ്റദിനത്തിനുമുമ്പ്‌ ഇയുവിനയക്കും. ഇയു അവസാന അംഗീകാരം നൽകിയശേഷം അടുത്ത വെള്ളിയാഴ്‌ച രാത്രി 11ന്‌ ബ്രിട്ടൻ ഔപചാരികമായി യൂറോപ്യൻ രാഷ്‌ട്ര കൂട്ടായ്‌മയ്‌ക്ക്‌ പുറത്താകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top