19 August Monday

ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇവൊ മൊറാലിസ് തന്നെ മുന്നേറുമെന്ന് റിപ്പോര്‍ട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019


ലാപാസ് > ഒക്ടോബറില്‍ നടക്കുന്ന ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഇവൊ മൊറാലിസ് തന്നെ വിജയിക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 14നും 19നും ഇടയില്‍ ടാല്‍ ക്യുവാല്‍ കമ്പനി നടത്തിയ സര്‍വെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 35.6 ശതമാനം വോട്ടുകളാണ് മൊറാലിസിന് ലഭിച്ചിക്കുക. എതിര്‍സ്ഥാനാര്‍ത്ഥിയും മുന്‍പ്രസിഡന്റുമായ കാര്‍ലോസ് മെസ 30.5 ശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വെയില്‍ പറയുന്നു. മറ്റൊരു പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഓസ്‌കര്‍ ഓര്‍ടിസിന് 6.6 ശതമാനം വോട്ടും ബാക്കി സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം കൂടി 10.6 ശതമാനം വോട്ടുമാണ് നേടാകുക.

'മൂവ്മെന്റ് ടുവേര്‍ഡ്സ് സോഷ്യലിസം'  സ്ഥാനാര്‍ത്ഥിയായ ഇവൊ മൊറാലിസ് ജനുവരി 27ന് നടന്ന പ്രൈമറി ഇലക്ഷനില്‍ വിജയിച്ചതോടെയാണ് വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായത്. 2006 മുതല്‍ തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലും വിജയിച്ച് പ്രസിഡന്റായി തുടരുന്ന മൊറാലിസിന് ഇത് നാലാം അങ്കമാണ്. ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ ചേരിയുടെ ഉറച്ച ശബ്ദമായ മൊറാലിസ് ബൊളീവിയയില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ഗോത്രവര്‍ഗക്കാരന്‍ കൂടിയാണ്.

2006 ല്‍ ബൊളീവിയന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മികച്ചതാക്കാന്‍ മൊറാലിസിന് കഴിഞ്ഞിരുന്നു. അമേരിക്കയുടെ ഭീഷണി അതിജീവിച്ച് ബൊളിവിയയെ സാശ്രയത്വത്തിലെത്തിക്കുന്നതിന് മൊറാലിസിന് സാധിച്ചു. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ പിന്തുടര്‍ന്ന് ബൊളിവിയയില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും  ദാരിദ്ര്യം കുറിച്ചുകൊണ്ടുവരാനും അദ്ദേഹത്തിന്റെ നയങ്ങളിലൂടെ സാധിച്ചു. രാജ്യത്തെ അഞ്ചുലക്ഷത്തോളം പേരെയാണ് ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റിയത്.

എണ്ണ, വാതകം, ഖനം, വാര്‍ത്താവിനിമയ, ജലവിതരണം തുടങ്ങിയ തന്ത്രപ്രധാനമേഖലകള്‍ ദേശസാല്‍ക്കരിച്ചുകൊണ്ടാണ് മൊറാലിസ് ബൊളീവിയയില്‍ സാമ്പത്തിക സ്ഥിരത കൈവരിച്ചത്. വിദ്യഭ്യാസ സബ്സിഡികളും പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും പൊതുമരാമത്ത് പ്രവൃത്തികളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുമാണ് ഭരണം നടത്തിയത്. 60 ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള ബൊളീവിയയില്‍ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിത്തന്നെയാണ് മൊറാലീസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
 


പ്രധാന വാർത്തകൾ
 Top