02 June Tuesday

നെവാഡയും പിടിച്ച്‌ സാൻഡേഴ്‌‌സ്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020

വാഷിങ്‌ടൺ > നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ എതിരാളിയെ കണ്ടെത്താൻ ഡെമോക്രാറ്റിക്‌ പാർടി സംസ്ഥാനങ്ങളിൽ നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ നെവാഡയും പിടിച്ച്‌ സെനറ്റർ ബെർണി സാൻഡേഴ്‌‌സ്‌ മുന്നോട്ട്‌. വെള്ളക്കാർക്ക്‌ വൻ ഭൂരിപക്ഷമുള്ള അയോവ, ന്യൂഹാംപ്‌ഷയർ സംസ്ഥാനങ്ങളിലെ മിന്നുന്ന പ്രകടനത്തിനുശേഷം അമേരിക്കയിലെ ഏറ്റവും വൈവിധ്യപൂർണമായ നെവാഡയിൽ വൻ വിജയം നേടിയത്‌ സാൻഡേഴ്‌സിന്റെ സാധ്യത വർധിപ്പിച്ചു.

ആദ്യ പ്രൈമറി നടന്ന അയോവയിൽ മൂന്നാഴ്‌‌ചയായിട്ടും അന്തിമ ഫലം ആയിട്ടില്ലെങ്കിലും എഴുപത്തെട്ടുകാരനായ സാൻഡേഴ്‌‌സും മുപ്പത്തെട്ടുകാരനായ പീറ്റ്‌ ബൂട്ടെഡ്‌ജ്‌ എഡ്‌ജും ഒപ്പത്തിനൊപ്പം എന്നായിരുന്നു റിപ്പോർട്ട്‌. പിന്നീട്‌ ന്യൂഹാംപ്‌ഷയറിൽ സാൻഡേഴ്‌സ്‌ മുന്നിലെത്തി. 2016ൽ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥിയായ ഹിലരി ക്ലിന്റനു പുറകിലായിരുന്നു ഇവിടെ ഇത്തവണ മുന്നിലെത്തിയത്‌ സാൻഡേഴ്‌സിന്‌ വലിയ ഉത്തേജനമായി. പിന്നാലെയാണ്‌ നെവാഡയിൽ 50 ശതമാനത്തിലേറെ പിന്തുണ അദ്ദേഹം നേടിയത്‌.

ഇവിടെ രണ്ടാമതെത്തിയ മുൻ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്‌ 19 ശതമാനം പിന്തുണയേ ലഭിച്ചുള്ളൂ. മുൻ ന്യൂയോർക്‌ മേയറും വൻകിട മാധ്യമവ്യവസായിയുമായ മൈക്കേൽ ബ്ലൂംബർഗ്‌ ഇവിടെ സ്ഥാനാർഥി പട്ടികയിലും ഇടംകിട്ടിയില്ല. ജനാധിപത്യ സോഷ്യലിസ്റ്റ്‌ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ഇടതുപക്ഷക്കാരനായ സാൻഡേഴ്‌സ്‌ മധ്യപക്ഷ നിലപാടുള്ളവർക്ക്‌ ആധിപത്യമുള്ള ഡെമോക്രാറ്റിക്‌ പാർടിയുടെ പരമ്പരാഗത നേതൃത്വത്തിന്‌ അനഭിമതനാണ്‌. നെവാഡയിലെ വിജയത്തിന്‌ സാൻഡേഴ്‌സിനെ ട്രംപ്‌ അഭിനന്ദിച്ചു. ഭിന്നിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ തോൽപ്പിച്ച്‌ അന്തിമവിജയം നേടണമെന്ന്‌ സാൻഡേഴ്‌സ്‌ പ്രവർത്തകരോട്‌ പറഞ്ഞു. ഇതേസമയം, ഹോളിവുഡിൽ ഐതിഹാസിക പരിവേഷമുള്ള ചലച്ചിത്രകാരൻ ക്ലിന്റ്‌ ഈസ്റ്റ്‌വുഡ്‌ ഇത്തവണ ബ്ലൂംബർഗിന്‌ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞതവണ റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനായിരുന്നു ഈസ്റ്റ്‌വുഡിന്റെ പിന്തുണ.


പ്രധാന വാർത്തകൾ
 Top