22 October Tuesday

ബംഗാളിൽ ഇടതുമുന്നണിയുടെ വൻ റോഡ‌് ഷോകൾ; കൊടുംചൂടിനെ അവഗണിച്ച്‌ ആയിരങ്ങൾ

ഗോപിUpdated: Tuesday May 14, 2019

കൊൽക്കത്ത > ഇടതുമുന്നണി സ്ഥാനാർഥികളുടെ പ്രചാരണാർഥം ദക്ഷിണ, ഉത്തര കൊൽക്കത്ത, ഡംഡം മണ്ഡലങ്ങളിൽ പതിനായിരങ്ങൾ അണിനിരന്ന വൻ റോഡ് ഷോകൾ അരങ്ങേറി. ഉത്തര കൊൽക്കത്തയിൽ സിപിഐ എം സ്ഥാനാർഥി കനീനിക ബോസിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച റാലിയിൽ കൊടുംചൂടിനെ അവഗണിച്ച് സ്ത്രീകളുൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയാണ് കാനീനിക. ഉത്തര കൊൽക്കത്തയിലെ ഡൻലപ്പ് ചിഡിയാ മൂഡിൽനിന്ന‌് ആരംഭിച്ച റോഡ് ഷോ എന്റാലിയിൽ സമാപിച്ചു.

ദക്ഷിണ കൊൽക്കത്തയിൽ സിപിഐ എം സ്ഥാനാർഥി ഡോ. നന്ദിനി മുഖർജിയുടെ പ്രചാരണാർഥം നടന്ന പ്രകടനം ഖിദർപ്പൂർ മാർക്കറ്റിന്‌ സമീപം സമാപിച്ചു. ഡംഡം മണ്ഡലത്തിൽ ഉത്തര ഡംഡം നിമ്താ കാൾച്ചർ ജങ‌്ഷൻ മുതൽ ബിരാട്ടി സരത് കോളനിവരെയാണ് റാലി നടന്നത്.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം നേപ്പാൾ ദേബ് ഭട്ടാചര്യയാണ് ഡംഡമ്മിലെ ഇടതുമുന്നണി സ്ഥാനാർഥി. മൂന്നിടത്തും  ശക്തമായ പോരാട്ടമാണ് ഇടതുമുന്നി കാഴ്ചവയ്ക്കുന്നത്. 19ന് അവസാന ഘട്ടമാണ് ഇവിടെ വോട്ടെടുപ്പ്.

സംസ്ഥാനത്ത് ഞയറാഴ്ച നടന്ന വോട്ടെടുപ്പിനോടനുബന്ധിച്ച് വ്യാപകമായ തോതിൽ അക്രമവും ബൂത്തുപിടിത്തവും നടന്ന സ്ഥലങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു. വൻതോതിൽ ബൂത്തു പിടുത്തം നടന്ന നന്ദിഗ്രാം, ഹാൾദിയ നിമസഭാ സീറ്റുകളിൽ എല്ലാ ബൂത്തുകളിലും മറ്റ‌്  മണ്ഡലങ്ങളിലായി 200 ബൂത്തുകളിലും റീ പോളിങ‌് നടത്തണം. തൃണമൂൽ മന്ത്രിമാരുടെവരെ നേതൃത്വത്തിലാണ്  ബൂത്തു പിടിത്തവും അക്രമവും അരങ്ങേറിയത്.

തിങ്കളാഴ്ച  ജാദവപ്പൂർ മണ്ഡലത്തിൽ  ബിജെപി അധ്യക്ഷൻ അമിത ഷാ പങ്കെടുക്കേണ്ട യോഗത്തിന് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു. അമിത് ഷായുടെ ഹെലികോപ‌്റ്റർ ഇറങ്ങാനുള്ള അനുമതിയും നിഷേധിച്ചതുമൂലം  മൂന്ന് യോഗം റദ്ദാക്കി. ഇതിനെത്തുടർന്ന് തൃണമൂൽ ബിജെപി പ്രവർത്തകർ തമ്മിൽ പല സ്ഥലങ്ങളിലും ഏറ്റുമുട്ടി.


പ്രധാന വാർത്തകൾ
 Top