18 September Wednesday
പാർലമെന്റ്‌ പിരിച്ചുവിട്ടു

ബംഗ്ലാദേശിൽ നൂറോളം പേർകൂടി കൊല്ലപ്പെട്ടു; അനിശ്ചിതത്വം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

അവാമി ലീഗിന്റെ ധാക്കയിലെ ഓഫീസിനുമുന്നിൽ പ്രക്ഷോഭകർ തീയിട്ടപ്പോൾ

ധാക്ക
ജനകീയമുന്നേറ്റത്തില്‍ ഷെയ്‌ഖ്‌ ഹസീന സർക്കാർ നിലംപതിച്ച്‌ ഒരുദിവസം പിന്നിട്ടിട്ടും രാഷ്ട്രീയ അനിശ്ചിതത്വം നീങ്ങാതെ ബംഗ്ലാദേശ്‌. പ്രസിഡന്റ്‌ മൊഹമ്മദ്‌ ഷഹാബുദ്ദീൻ ചൊവ്വാഴ്ച പാർലമെന്റ്‌ പിരിച്ചുവിട്ടതോടെ രാജ്യത്ത്‌ പുതിയ തെരഞ്ഞെടുപ്പിന്‌ വഴിയൊരുങ്ങി. ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന്‌ സൈനിക മേധാവി വഖർ ഉസ്‌ സമാൻ അറിയിച്ചെങ്കിലും തീരുമാനമായിട്ടില്ല.

ഇന്ത്യയില്‍നിന്ന്‌ രാഷ്ട്രീയ അഭയംതേടി ബ്രിട്ടണിലേക്ക് കടക്കാനുള്ള ഹസീനയുടെ നീക്കം വിജയംകണ്ടിട്ടില്ല. അവര്‍  ഡല്‍ഹിയില്‍ തുടർന്നേക്കും. സൈനിക ഭരണത്തെയോ, സൈന്യം പിന്തുണയ്ക്കുന്ന സർക്കാരിനെയോ അംഗീകരിക്കില്ലെന്നും  നൊബേൽ പുരസ്കാര ജേതാവ്‌ മൊഹമ്മദ്‌ യൂനുസിനെ മുഖ്യഉപദേഷ്ടാവാക്കി ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നുമാണ്‌ പ്രക്ഷോഭം നയിച്ച "വിവേചനവിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാന'ത്തിന്റെ നിലപാട്. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാക്കളുമായി ഔദ്യോഗിക വസതിയിൽ  പ്രസിഡന്റ്‌ ചർച്ച നടത്തി.  മുഖ്യഉപദേഷ്‌ടാവാകാൻ തയ്യാറാണെന്ന്‌ യൂനുസ്‌ പ്രതികരിച്ചു.

അതേസമയം, വീട്ടുതടങ്കലിലായിരുന്ന ബംഗ്ലാദേശ്‌ നാഷണലിസ്റ്റ്‌ പാർടി നേതാവ്‌ ഖാലിദ സിയ പുറത്തിറങ്ങി. ജമാഅത്തെ ഇസ്ലാമി നേതാക്കളും മോചിതരായി. ഇവരെ  മോചിപ്പിക്കാൻ പ്രസിഡന്റ്‌ തിങ്കൾ രാത്രി ഉത്തരവിട്ടിരുന്നു. ജൂലൈ 16നുശേഷം അറസ്റ്റിലായ 11,000ൽപ്പരം ആളുകളെ വിട്ടയയ്ക്കും.

സൈനിക മേധാവി വഖർ ഉസ്‌ സമാൻ വിളിച്ച സര്‍വകക്ഷിയോ​ഗത്തില്‍ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയെയും ബിഎൻപിയെയും വിളിച്ചെങ്കിലും  ബം​​​ഗ്ലാദേശ് കമ്യൂണിസ്റ്റ് പാര്‍ടി, വര്‍ക്കേഴ്സ് പാര്‍ടി എന്നീ പുരോ​ഗമനകക്ഷികളെ ക്ഷണിച്ചില്ല.

അരാജകത്വം, അഴിഞ്ഞാട്ടം

​ഹസീന രാജ്യംവിട്ടതിന് പിന്നാലെ ധാക്കയിലുൾപ്പെടെ, അരാജകത്വം നടമാടി. തിങ്കളാഴ്ച നൂറോളംപേര്‍ കൊല്ലപ്പെട്ടു. അവാമി ലീഗ്‌ നേതാവിന്റെ ഹോട്ടലിൽ 24 പേരെ തീയിട്ട്‌ കൊന്നു.  പൊലീസുകാരെയും സുരക്ഷാ ഉദ്യോ​ഗസ്ഥരെയും വേട്ടയാടുന്നതായി റിപ്പോര്‍ട്ടുണ്ട്.  മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. അവാമി ലീഗിന്റെ ഓഫീസുകളും പ്രവർത്തകരും ആക്രമിക്കപ്പെട്ടു. ഹസീനയുടെ സ്വകാര്യ വസതി കൊള്ളയടിച്ചു. സർക്കാർ ഓഫീസുകളിൽനിന്ന്‌ ഹസീനയുടെ ചിത്രം മാറ്റി.   ബിഎൻപി, ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ് തിങ്കളാഴ്ചത്തെ കൂട്ടക്കൊലയ്ക്കും അതിക്രമങ്ങള്‍ക്കും പിന്നിലെന്ന് ആക്ഷേപമുയർന്നു. ജൂലൈ 16 മുതൽ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 440 ആയി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top