വാഷിങ്ടൺ
നിഷ്ഠൂരതയുടെ മറുവാക്കായ ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബുബക്കർ അൽ ബാഗ്ദാദി ശനിയാഴ്ച രാത്രി സിറിയയിൽ കൊല്ലപ്പെട്ടു. തുർക്കി അതിർത്തിക്കടുത്ത് ബാഗ്ദാദി തങ്ങിയ പ്രദേശത്ത് അന്താരാഷ്ട്ര സഖ്യത്തിന്റെ വ്യോമാക്രമണത്തിനിടെ ബാഗ്ദാദിയും ഭാര്യയും ചാവേർ കുപ്പായം ധരിച്ച് സ്ഫോടനം നടത്തി പൊട്ടിച്ചിതറി ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൂന്ന് മക്കളും ഇവർക്കൊപ്പം കൊല്ലപ്പെട്ടതായാണ് വിവരം.
ഞായറാഴ്ച രാവിലെ അമേരിക്കൻ സമയം ഒമ്പതിന് ശേഷം(ഇന്ത്യൻ സമയം രാത്രി ഏഴോടെ) യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാർത്താസമ്മേളനത്തിൽ വിവരം സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ ഐഎസ് പ്രതികരിച്ചിട്ടില്ല.
അമേരിക്ക തലയ്ക്ക് രണ്ടര കോടി ഡോളർ(ഉദ്ദേശം 177 കോടി രൂപ) വിലയിട്ടിട്ടുള്ള ബാഗ്ദാദി കൊല്ലപ്പെട്ടതായി മുമ്പ് പലതവണ റിപ്പോർട്ട് വന്നിട്ടുണ്ട്. ബാഗ്ദാദിയെ കൊല്ലുന്നതിന് റഷ്യ, തുർക്കി, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നും സിറിയയിലെ കുർദ് പോരാളികളിൽ നിന്നും ലഭിച്ച സഹായത്തിന് ട്രംപ് നന്ദി പറഞ്ഞു. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്ലിബിലെ ബാരിഷയിൽ അന്താരാഷ്ട്ര സഖ്യത്തിന്റെ എട്ട് ഹെലികോപ്റ്ററും ഒരു യുദ്ധവിമാനവും ആക്രമണം നടത്തുകയായിരുന്നുവെന്ന് ബ്രിട്ടൻ കേന്ദ്രമായ സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. ഇതിന് പിന്നാലെയാണ് ബാഗ്ദാദി ജീവനൊടുക്കിയത്. 2011ൽ അൽ ഖായ്ദ തലവൻ ഒസാമ ബിൻ ലാദൻ പാകിസ്ഥാനിലെ ഒളിത്താവളത്തിൽ കൊല്ലപ്പെട്ടതിന് ശേഷം ഭീകരവാദത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് നാൽപ്പത്തെട്ടുകാരനായ ബാഗ്ദാദിയുടെ മരണം എന്നാണ് കണക്കാക്കപ്പെടുന്നത്.
ഇറാഖിലെ സമാറയിൽ 1971ൽ ജനിച്ച ഇബ്രാഹിം അവ്വദ് ഇബ്രാഹിം അലി അൽബദ്രി അൽ സമാറായിയാണ് പിന്നീട് അബുബക്കർ അൽ ബാഗ്ദാദി എന്ന പേര് സ്വീകരിച്ച് ലോകമെങ്ങും പേടിസ്വപ്നമായത്. 1999ൽ ജോർദാൻകാരൻ അബു മുസബ് അൽ സർഖാവി രൂപീകരിച്ച തീവ്രവാദ സംഘടനയെയാണ് ബാഗ്ദാദി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..