05 April Sunday

ബഹ്‌റൈനില്‍ 17 പേര്‍ക്ക് കൊറോണ; ഇറാനില്‍ ആരോഗ്യ ഉപമന്ത്രിക്കും

അനസ് യാസിന്‍Updated: Tuesday Feb 25, 2020

മനാമ > ബഹ്റൈനില്‍ പുതുതായി ഒന്‍പതുപേര്‍ക്കു കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രണ്ടുദിവസത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന കൊറോണ കേസുകള്‍ 17 ആയി ഉയര്‍ന്നു. ഒമാനില്‍ നാലുപേര്‍ക്കും കുവൈറ്റില്‍ പുതായി മൂന്നു സ്വദേശികള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റില്‍ കൊറോണ കേസ് എട്ടായി ഉയര്‍ന്നു.

ഇറാനില്‍ ആരോഗ്യ ഉപമന്ത്രി ഇരാജ് ഹരിര്‍ഷിക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്ത് കൊറോണവൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയരുന്നത് ഇദ്ദേഹമായിരുന്നു.

യാത്രക്കാരില്‍ കൊറോണ കണ്ടെത്തിയ പാശ്ചാത്തലത്തില്‍ ദുബായില്‍ നിന്നും ഷാര്‍ജയില്‍നിന്നും ബഹ്റൈനിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി 48 മണിക്കൂര്‍ നിര്‍ത്തിവെച്ചു. തിങ്കളാഴ്ചയാണ് ബഹ്റൈനിലും കുവൈറ്റിലും ഒമാനിലും ഈറാഖിലും ആദ്യമായി കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കുവൈറ്റില്‍ കൊറോണ പാശ്ചാത്തലത്തില്‍ ദേശീയ-വിമോചനദിന ആഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. ദക്ഷിയ കൊറിയ, ഇറ്റലി, ഇറാഖ്, ഇറാന്‍ തായ്വാന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗതം നിര്‍ത്തിവെച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ അവധി റദ്ദാക്കി. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയായി അടുത്തയാഴ്ച സ്‌കൂള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ബഹ്റൈനില്‍ തിങ്കളാഴ്ച രണ്ടു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ബാക്കി 15 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ചൊവ്വാഴ്ചയാണ്. വിമാന സര്‍വീസ് നിരോധനം നിലവില്‍ വരും മുന്‍പ് ദുബായ്, ഷാര്‍ജ എന്നീ വിമാനതാവളങ്ങള്‍ വഴി  ഇറാനില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. രോഗികളില്‍ രണ്ടു പേര്‍ ഒഴികെ എല്ലാവരും സ്വദേശികള്‍. ചൊവ്വാഴ്ച വൈകീട്ട് രോഗം സ്ഥിരീകരിച്ചവരില്‍ നാലു വനിതകളടക്കം ഏഴു പേര്‍ ബഹ്റൈനന്‍ പൗരന്‍മാരാണ്. മറ്റ് രണ്ടു പേര്‍ സൗദി വനിതകളും. ഒമാനില്‍ തിങ്കളാഴ്ച രണ്ടുപേര്‍ക്കും ചൊവ്വാഴ്ച രണ്ടുപേര്‍ക്കുമാണ് സ്ഥിരീകരിച്ചത്. ഇവര്‍ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണ്. ഇറാഖില്‍ പുതുതായി നാലുപേര്‍ക്കും കൊറോണ ബാധിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top