Deshabhimani

ഇസ്രയേലിനെ ഇനിയും ആക്രമിക്കും , അമേരിക്ക പേപ്പട്ടി ഇസ്രയേൽ രക്തരക്ഷസ്സ്‌ : അയത്തൊള്ള അലി ഖമനേയി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 11:49 PM | 0 min read


തെഹ്‌റാൻ
ഇസ്രയേലിനെ ചെറുക്കുന്നതിൽനിന്ന്‌ ഇറാനും സഖ്യകക്ഷികളും പിന്നോട്ടില്ലെന്നും ആവശ്യമെങ്കില്‍  ഇനിയും ആക്രമിക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനേയി. തെഹ്‌റാനിൽ വെള്ളിയാഴ്ച പ്രാർഥനയ്‌ക്കും ഹിസ്‌ബുള്ള നേതാവ്‌ ഹസൻ നസറള്ള അനുസ്‌മരണത്തിനുംശേഷം ജനങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവർഷത്തിനുശേഷമാണ്‌ ഖമനേയി പൊതുചടങ്ങിലെത്തുന്നത്‌. ഇസ്രയേലിന്റെ വ്യോമാക്രമണ ഭീഷണി  അവ​ഗണിച്ച് പൊതുവേദിയിലെത്തിയ ഖമനേയിയുടെ പ്രസം​ഗം കേള്‍ക്കാന്‍ പതിനായിരങ്ങള്‍ തടിച്ചുകൂടി.

ഹമാസിന്റെയോ ഹിസ്‌ബുള്ളയുടെയോ ആക്രമണങ്ങൾ ഏറെനാൾ അതിജീവിക്കാൻ ഇസ്രയേലിന്‌ ത്രാണിയില്ലെന്നും അമേരിക്കന്‍ സഹായംകൊണ്ടു മാത്രമാണ്‌ പിടിച്ചുനിൽക്കുന്നതെന്നും ഖമനേയി പറഞ്ഞു. അമേരിക്കയെ പേപ്പട്ടിയെന്നും ഇസ്രയേലിനെ രക്തരക്ഷസ്സെന്നുമാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്‌.

അഫ്‌ഗാനിസ്ഥാൻ മുതൽ യെമൻവരെയും ഇറാൻ മുതൽ പലസ്തീൻവരെയുമുള്ള രാഷ്ട്രങ്ങൾ ഇസ്രയേൽ അതിക്രമത്തിനെതിരെ ഒത്തുചേരണം. ഇസ്രയേലിലേക്ക്‌ ഇറാൻ നടത്തിയ മിസൈൽ ആക്രമണം ഇസ്രയേലിന്റെ കുറ്റകൃത്യങ്ങൾക്ക്‌ നൽകാവുന്ന കുറഞ്ഞ ശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലബനനിലും ​ഗാസയിലും പരമാവധി ആള്‍നാശം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം വ്യാപകമാക്കി.  ഹിസ്‌ബുള്ളയുടെ ഇന്റലിജൻസ്‌ ആസ്ഥാനം ലക്ഷ്യമിട്ട്‌ പത്തുതവണ വ്യോമാക്രമണമുണ്ടായി.  ലബനനിൽനിന്ന്‌ സിറിയയിലേക്കുള്ള പ്രധാന പാത ബോംബിട്ട് തകര്‍ത്തു. ലബനനിലെ 30 അതിര്‍ത്തിഗ്രാമങ്ങളിലെ ആളുകളോട്‌ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home