17 January Friday

രോഹിൻഗ്യൻ മുസ്ലിങ്ങൾക്കെതിരെ സൈനികനടപടി: ന്യായീകരണവുമായി സൂകി

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ഹേഗ്‌ > മ്യാൻമറിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രോഹിൻഗ്യൻ മുസ്ലിങ്ങൾക്കെതിരെ സൈനികനടപടി ഉണ്ടായിട്ടുള്ളതായി നൊബേൽ ജേതാവും മ്യാൻമർ നേതാവുമായ ഓങ്‌ സാൻ സൂകി. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നടക്കുന്ന വിചാരണയിലാണ്‌ അവർ ഇക്കാര്യം സമ്മതിച്ചത്‌.  എന്നാൽ, രോഹിൻഗ്യകളെ  ഇല്ലായ്‌മചെയ്യുന്നതിനായി വംശഹത്യ നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

രോഹിൻഗ്യകൾക്കെതിരെ സൈന്യം ‘ആനുപാതികമല്ലാത്ത ശക്തി’ ഉപയോഗിച്ചതായി  ഐക്യരാഷ്ട്ര സംഘടനയുടെ കോടതിയിൽ സൂകി പറഞ്ഞു. ആയിരക്കണക്കിന്‌ പേർ കൊല്ലപ്പെടുകയും 7,40,000 പേർ പലായനം ചെയ്യുകയുംചെയ്‌ത സൈനികനടപടിക്കെതിരെയാണ്‌ അന്തരാഷ്ട്ര കോടതിയിൽ വിചാരണ നടക്കുന്നത്‌. നൂറുകണക്കിന്‌ രോഹിൻഗ്യകൾ സൈന്യത്തെ ആക്രമിച്ചതായും സൈന്യം വംശഹത്യ നടത്തിയെന്നത്‌ സാങ്കൽപ്പിക കഥയാണെന്നും സൂകി പറഞ്ഞു.

കോടതിക്കുപുറത്ത്‌ സൂകിയെ അനുകൂലിച്ചും എതിർത്തും ജനങ്ങൾ ഒത്തുകൂടി. മ്യാൻമറിൽ രോഹിൻഗ്യകൾക്കെതിരെ   ക്രൂരമായ ആക്രമണം നടത്തിയിട്ടും സൈന്യത്തെ ന്യായീകരിച്ച്‌ സൂകി നിലപാട്‌ സ്വീകരിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ സൂകി കൂട്ടക്കൊലയ്‌ക്ക്‌ കൂട്ടുനിൽക്കുന്നതായും വിമർശനമുയർന്നിരുന്നു.
 


പ്രധാന വാർത്തകൾ
 Top