12 November Tuesday

തുർക്കി ആക്രമണം: ഐഎസ്‌ കുടുംബങ്ങൾ രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

ഖാമിഷ്‌ലി(സിറിയ) > സിറിയയിൽ തുർക്കി ആക്രമണം മുതലാക്കി ഐഎസ്‌ ഭീകരരുടെ ബന്ധുക്കളായ എണ്ണൂറോളം പേർ  ക്യാമ്പിൽനിന്ന്‌ രക്ഷപ്പെട്ടു. കുർദ്‌ നിയന്ത്രണത്തിലുള്ള പ്രദേശത്ത്‌ തടവിലുള്ള ഐഎസ്‌ ഭീകരരുടെ ബന്ധുക്കളെ പാർപ്പിച്ച ക്യാമ്പിനടുത്ത്‌ തുർക്കിസേനയുടെ ബോംബാക്രമണമാണ്‌ രക്ഷപ്പെടാൻ അവസരം ഒരുക്കിയത്‌. അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള  പന്ത്രണ്ടായിരത്തിൽപ്പരം ഐഎസ്‌ ഭീകരരാണ്‌ കുർദ്‌ തടവറകളിലുള്ളത്‌. ഇവരുടെ ഭാര്യമാരും മക്കളുമായി പതിനായിരങ്ങൾ ക്യാമ്പുകളിലുണ്ട്‌.

തുർക്കി ആക്രമണം ഐഎസ്‌ ഭീകരരർക്ക്‌ സഹായകരമാവുമെന്ന ആശങ്ക ശരിവയ്‌ക്കുന്നതാണ്‌ സംഭവം. ഇതിനിടെ ജർമനിയ്‌ക്കുപുറമേ ഫ്രാൻസും തുർക്കിക്കുള്ള ആയുധവിൽപ്പന നിർത്തിവച്ചു. പ്രമുഖ വനിതാ കുർദ്‌ നേതാവടക്കം 18 സിറിയൻ കുർദ്‌ പൗരജനങ്ങൾകൂടി തുർക്കിയുടെയും അവരുടെ പിന്തുണയുള്ള സിറിയൻ വിമതരുടെയും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഫ്യൂച്ചർ സിറിയൻ പാർടി സെക്രട്ടറി ജനറലായ ഹെവ്‌റിൻ ഖലാഫ്‌(35) അടക്കം ഒമ്പതുപേരെ സിറിയൻ വിമതർ തടഞ്ഞുനിർത്തി വധിക്കുകയായിരുന്നു. അമേരിക്ക, ഫ്രാൻസ്‌ തുടങ്ങിയ രാജ്യങ്ങളുടെയടക്കം വിദേശ പ്രതിനിധികളുമായി ചർച്ചകളിൽ പങ്കെടുക്കുമായിരുന്ന ഹെവ്‌റിനിന്റെ മരണം കുർദുകൾക്ക്‌ വലിയ നഷ്‌ടമാണ്‌.

അഞ്ച്‌ ദിവസം പിന്നിട്ട സംഘർഷത്തിൽ സിറിയൻ കുർദ്‌ പക്ഷത്ത്‌ അമ്പതിൽപ്പരം ആളുകളും തുർക്കി പക്ഷത്ത്‌ 18 പേരും കൊല്ലപ്പെട്ടിട്ടുണ്ട്‌. സൈനിക–-സായുധ വിഭാഗങ്ങളിലെ മരണം കൂടാതെയാണിത്‌. 104 കുർദ്‌ പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്‌. ആധിപത്യം സ്ഥാപിച്ച ചില സ്ഥലങ്ങളിൽനിന്ന്‌ തുർക്കിസേനയ്‌ക്ക്‌ പിൻവാങ്ങേണ്ടിവന്നതായും റിപ്പോർട്ടുണ്ട്‌.

തുർക്കി ആക്രമണം നടത്തുന്ന സിറിയയിലെ കുർദ്‌ പ്രദേശങ്ങളിൽനിന്ന്‌ 130000 പേർ പലായനം ചെയ്‌തിട്ടുണ്ട്‌. ഇത്‌ നാല്‌ ലക്ഷത്തോളമാകാമെന്നാണ്‌ യുഎൻ ഏജൻസി കണക്കാക്കുന്നത്‌. സിറിയയിലെ വംശീയ–-മത ന്യൂനപക്ഷക്കാരെ സംരക്ഷിക്കാൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അഞ്ച്‌ കോടി ഡോളർ അനുവദിച്ചിട്ടുണ്ട്‌. ട്രംപ്‌ കുർദ്‌ മേഖലയിൽനിന്ന്‌ യുഎസ്‌ സേനയെ മാറ്റിയതാണ്‌ തുർക്കിക്ക്‌ സഹായമായത്‌. ഒപ്പംനിന്ന കുർദുകളെ ചതിച്ച്‌ സേനയെ മാറ്റിയതിനെ ട്രംപ്‌ വീണ്ടും ന്യായീകരിച്ചു.

സിറിയയിലെ ആക്രമണം അവസാനിപ്പിക്കാൻ ചർച്ച നടത്തണമെന്ന്‌ ഫ്രാൻസിസ്‌ മാർപ്പാപ്പ ആവശ്യപ്പെട്ടു. ക്രൈസ്‌തവ കുടുംബങ്ങളടക്കം സാധാരണ ജനങ്ങൾ ആക്രമണം മൂലം വീടുവിട്ട്‌ ഓടിപ്പോവാൻ നിർബന്ധിതരായിരിക്കുകയാണ്‌. ഫലപ്രദമായ പരിഹാരത്തിന്‌ അന്താരാഷ്‌ട്ര സമൂഹം ആത്മാർത്ഥമായും സത്യസന്ധമായും സുതാര്യമായും ഇടപെടണമെന്നും മാർപ്പാപ്പ അഭ്യർത്ഥിച്ചു.


പ്രധാന വാർത്തകൾ
 Top