11 October Friday

ഭൂമിയെ ലക്ഷ്യമിട്ട്‌ ഛിന്നഗ്രഹം; വെളിപ്പെടുത്തലുമായി ഐഎസ്‌ആർഒ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

ബംഗളൂരു> ഭൂമിയുടെ അടുത്തേയ്ക്ക്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹത്തെക്കുറിച്ച്‌ വെളിപ്പെടുത്തി ഐഎസ്ആർഒ. ഭൂമിയോട് വളരെ അടുത്ത് വരുമെന്ന് പ്രതീക്ഷിക്കുന്ന അപ്പോഫിസ് എന്ന വലിയ ഛിന്നഗ്രഹത്തെക്കുറിച്ചാണ്‌ ഐഎസ്‌ആർഒ വെളിപ്പെടുത്തൽ നടത്തിയത്‌. ഈജിപ്ഷ്യൻ ദൈവമായ ചാവോസിന്റെ പേരിലുള്ള ഈ ഛിന്നഗ്രഹം ഭൂമിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്, 2029 ഏപ്രിൽ 13 ന് ഭൂമിയുമായി ഏറ്റവും അടുത്ത്‌ എത്താനുള്ള സാധ്യതയും ഐഎസ്ആർഒ അറിയിച്ചു.

ഒരു  ഛിന്നഗ്രഹത്തിന്റെ ആക്രമണം മനുഷ്യരാശിക്കുതന്നെ ഭീഷണിയാണ്. അതിനാൽ തന്നെ ഐഎസ്ആർഒയുടെ നെറ്റ്‌വർക്ക് ഫോർ സ്‌പേസ് ഒബ്ജക്റ്റ്സ് ട്രാക്കിംഗ് ആൻഡ് അനാലിസിസ് (നെട്രാ)   അപ്പോഫിസിനെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും  ഇതുമായി ബന്ധപ്പെട്ട ഭാവി ഭീഷണികൾ ഒഴിവാക്കാൻ എല്ലാ രാജ്യങ്ങളുമായി സഹകരിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ്  പറഞ്ഞു.

അപ്പോഫിസ് എന്ന ഛിന്നഗ്രഹം

2004 ലാണ് അപ്പോഫിസ് എന്ന ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഭൂമിയോട് അടുത്ത് വരുന്ന  ഈ ഗ്രഹം  2029ലും 2036ലും ഭൂമിയുമായികൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നാണ്‌ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്‌. ഈജിപ്ഷ്യൻ ദൈവമായ ചാവോസിന്റെ പേരാണ്‌ ഈ ഛിന്നഗ്രഹത്തിനു നൽകിയിരിക്കുന്നത്‌.

ഭൂമിയിൽ നിന്ന് 32,000 കിലോമീറ്റർ ഉയരത്തിലാണ്‌ അപ്പോഫിസിന്റെ സ്ഥാനം. ഇത്രയും വലിപ്പമുള്ള വേറൊരു ഛിന്നഗ്രഹവും ഭൂമിയുടെ  അടുത്ത് വന്നിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയെക്കാളും ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തേക്കാളും വലുതാണ് അപ്പോഫിസ് എന്ന്‌ ഐഎസ്‌ആർഒ വ്യക്തമാക്കി.

ഏകദേശം 340 മുതൽ 450 മീറ്റർ വരെ വ്യാസമുണ്ട് അപ്പോഫിസിന്‌. 140 മീറ്റർ വ്യാസത്തിന് മുകളിലുള്ള ഏതൊരു ഗ്രഹവും ഭൂമിയ്ക്ക്‌ അടുത്തായി കടന്നുപോകുന്നത് അപകടകരമായാണ്‌ കണക്കാക്കപ്പെടുന്നത്‌.

അതിനാൽ തന്നെ ഇത് ഭൂമിയുമായി കൂട്ടിയിടിച്ചാൽ അത് ഒരു ദുരന്തത്തിന് കാരണമാകും.  വംശനാശം പോലുള്ള പല പ്രശ്‌നങ്ങളും സൃഷ്ടിക്കും. കൂട്ടിയിടി മൂലം പുറന്തള്ളുന്ന പൊടി അന്തരീക്ഷത്തെ മൂടി ഭൂമിയുടെ തകർച്ചയ്ക്ക്‌ ഇടവരുത്തിയേക്കാമെന്നും നെട്രാ തലവനായ ഡോ.എ കെ അനിൽ കുമാർ പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top