Deshabhimani

ശ്രീലങ്കൻ പ്രസിഡന്റായി കമ്യൂണിസ്‌റ്റ്‌ നേതാവ്‌ അനുര കുമാര ദിസനായകെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 11:57 PM | 0 min read

 

കൊളംബോ
ശ്രീലങ്കയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ നേതാവ് അനുര കുമാര ദിസനായകെയ്‌ക്ക്‌ ജയം. രണ്ടാംഘട്ട വോട്ടെണ്ണലിൽ പ്രതിപക്ഷനേതാവ്‌ സജിത്‌ പ്രേമദാസയെ പിന്തള്ളിയാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയായ ജനതാ വിമുക്തി പെരമുന(ജെവിപി)യുടെ നേതാവ്‌ വിജയം ഉറപ്പിച്ചത്‌. ആദ്യഘട്ട വോട്ടെണ്ണലിൽ ആർക്കും 50 ശതമാനം വോട്ട്‌ ലഭിച്ചിരുന്നില്ല. നാഷണൽ പീപ്പിൾസ്‌ പവർ എന്ന മുന്നണിയെ പ്രതിനിധാനം ചെയ്യുന്ന ദിസനായകെ ആദ്യഘട്ടത്തിൽ  42.3 ശതമാനം വോട്ടും  സജിത്‌ പ്രേമദാസ 32.7 ശതമാനവും നേടി. സ്വതന്ത്രനായി മത്സരിച്ച പ്രസിഡന്റ്‌ റനിൽ വിക്രമസിംഗെയ്‌ക്ക്‌ 17.27 ശതമാനം വോട്ടുമാത്രമാണ്‌ നേടാനായത്‌. അതോടെ, റനിൽ പുറത്തായി. തുടർന്നാണ്‌ ചരിത്രത്തിൽ ആദ്യമായി ശ്രീലങ്കയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെണ്ണൽ നടന്നത്‌. വോട്ടർമാർക്ക് ബാലറ്റ്‌ പേപ്പറിൽ മൂന്ന്‌ സ്ഥാനാർഥികൾക്ക്‌ മുൻഗണനാ വോട്ടുകൾ (പ്രിഫറൻഷ്യൽ വോട്ട്‌) ചെയ്യാം. രണ്ടാംഘട്ട വോട്ടെണ്ണലിൽ അതാണ്‌ വിധിനിർണയിക്കുക. ആകെ 39 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്‌. ശ്രീലങ്കയുടെ ഒൻപതാമത്‌ പ്രസിഡന്റായി തിങ്കളാഴ്‌ച അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്യും. നൂറ്റാണ്ടുകളായുള്ള ശ്രീലങ്കൻ ജനതയുടെ സ്വപ്‌നമാണ്‌ പൂർത്തീകരിക്കുന്നതെന്നും എല്ലാവരോടും നന്ദി അറിയിക്കുന്നെന്നും എകെഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദിസനായകെ പ്രതികരിച്ചു.

2000 മുതൽ  പാർലമെന്റംഗമായ ദിസനായകെ ശക്തമായ അഴിമതിവിരുദ്ധ സന്ദേശമുയർത്തിയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയത്‌. 2022ൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തിയ ശ്രീലങ്കയിൽ രാഷ്‌ട്രീയ വൻമരങ്ങളെ കടപുഴക്കിയാണ്‌ വിജയം നേടിയത്‌. ആദ്യ വോട്ടെണ്ണലിൽതന്നെ പ്രധാന സ്ഥാനാർഥി വിജയം ഉറപ്പിച്ചിരുന്ന പതിവും അട്ടിമറിക്കപ്പെട്ടു. അന്താരാഷ്‌ട്ര സാമ്പത്തിക ഏജൻസികളൊരുക്കിയ കുരുക്കിൽ വീർപ്പുമുട്ടിയ ശ്രീലങ്കയിലെ പ്രക്ഷോഭങ്ങൾക്ക്‌ രാഷ്‌ട്രീയ വഴികാട്ടിയായ ജെവിപിക്ക്‌ ഒപ്പം ജനത അണിനിരന്നു.

സാമ്പത്തിക സ്ഥിരത കൈവരിക്കുകയെന്ന വലിയ വെല്ലുവിളിയാണ്‌ അമ്പത്താറുകാരനായ അനുര കുമാര ദിസനായകെയ്‌ക്ക്‌ നേരിടാനുള്ളത്‌. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്‌ കരകയാറാൻ കടുത്ത നിബന്ധനകളോടെ റനിൽ വിക്രമസിംഗെ ഐഎംഎഫ്‌ ഫണ്ട്‌ സ്വീകരിച്ചതിലുള്ള അതൃപ്തിയും തെരഞ്ഞെടുപ്പ്‌ ഫലത്തിൽ പ്രകടമാണ്‌. കരാറിനെതിരെ രൂക്ഷവിമർശം ഉന്നയിച്ച ദിസനായകെ അഴിമതിയിൽ മുങ്ങിയ സർക്കാരിനെ രക്ഷപ്പെടുത്താനാണ്‌ ധനസഹായമെന്ന്‌ വ്യക്തമാക്കിയിരുന്നു. എന്നാൽ, കരാർ റദ്ദുചെയ്യാനില്ലെന്നും ചർച്ചയിലൂടെ വ്യവസ്ഥകൾ പരിഷ്‌ക്കരിക്കുമെന്നുമാണ്‌  ദിസനായകെയുടെ നിലപാട്‌.
 



deshabhimani section

Related News

0 comments
Sort by

Home