Deshabhimani

അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിന്‌ അംഗീകാരം ; 3 സീറ്റിൽനിന്ന്‌ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 11:34 PM | 0 min read

 

കൊളംബോ
പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനു പിന്നാലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ നെഞ്ചോടുചേർത്ത്‌ ശ്രീലങ്കൻ ജനത. പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിന്‌ ചരിത്രവിജയം. 225 അംഗ പാർലമെന്റിൽ 159 സീറ്റ്‌ നേടിയാണ്‌ കമ്യൂണിസ്റ്റ്‌ പാർടിയായ ജനതാ വിമുക്തി പെരമുന(ജെവിപി) നേതൃത്വം നൽകുന്ന എൻപിപി സഖ്യത്തിന്റെ വമ്പൻ ജയം. കഴിഞ്ഞ തവണ മൂന്ന്‌ സീറ്റ്‌ മാത്രം നേടിയ എൻപിപി ഇത്തവണ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി. 113 സീറ്റാണ്‌ കേവല ഭൂരിപക്ഷം.

അഴിമതിയും ധൂർത്തും തെറ്റായ സാമ്പത്തിക നയങ്ങളുംമൂലം പ്രതിസന്ധിയിൽ ആടിയുലഞ്ഞ ശ്രീലങ്കയിൽ കഴിഞ്ഞ സെപ്‌തംബറിൽ നടന്ന തെരഞ്ഞെടുപ്പിലാണ്‌ കമ്യൂണിസ്റ്റ്‌ നേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. സെപ്‌തംബർ 23ന്‌ അധികാരമേറ്റ ദിസനായകെ ഒരു ദിവസത്തിനുശേഷം പാർലമെന്റ്‌ പിരിച്ചുവിട്ട്‌ ജനവിധിക്ക്‌ കളമൊരുക്കി. പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പിച്ചതിലൂടെ കൂടുതൽ ജനക്ഷേമ പരിപാടികളുമായി സഖ്യത്തിന്‌ മുന്നോട്ടുപോകാനാകും. ഭരണഘടനാ ഭേദഗതിക്കുള്ള ഭൂരിപക്ഷവും സഖ്യത്തിനുണ്ട്‌.

22 ജില്ലകളിൽനിന്നായി 196 അംഗങ്ങളെയാണ്‌ നേരിട്ട്‌ തെരഞ്ഞെടുത്തത്‌. ബാക്കി 29 സീറ്റ്‌ നേടിയ വോട്ടിന് ആനുപാതികമായി പാർടികൾക്ക്‌ ലഭിക്കും. അഞ്ചുവർഷമാണ് പാർലമെന്റിന്റെ കാലാവധി. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ 42 ശതമാനം വോട്ട്‌ മാത്രമാണ്‌ ദിസനായകെയ്‌ക്കുണ്ടായിരുന്നത്‌.  എന്നാൽ ഇത്തവണ 62 ശതമാനത്തിലേറെ വോട്ട്‌ എൻപിപി സഖ്യം ഇതിനകംനേടി. 18 ശതമാനത്തോളം വോട്ട്‌ മാത്രമാണ് പ്രതിപക്ഷ സഖ്യ നേതാവ് സജിത് പ്രേമദാസയുടെ എസ്‌ജെബിക്ക്‌ നേടാനായത്. മുൻ പ്രസിഡന്റ്‌ റെനിൽ വിക്രമസിംഗെയുടെ എൻഡിഎഫിന്‌ അഞ്ച്‌ സീറ്റ്‌.

തമിഴ്‌, മുസ്ലിം ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലും എൻപിപി മുന്നേറി. മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന്‌ വ്യത്യസ്‌തമായി തമിഴർ തിങ്ങിപ്പാർക്കുന്ന വടക്കൻ ജാഫ്‌ന മേഖലയിലും എൻപിപിക്ക്‌ വലിയ ഭൂരിപക്ഷം ലഭിച്ചു. അഴിമതി തുടച്ചുനീക്കി പുതിയ രാഷ്‌ട്രീയ സംസ്‌കാരത്തിന്‌ വഴിതുറക്കുമെന്ന പ്രഖ്യാപനവുമായാണ് ദിസനായകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. അഴിമതിക്കെതിരായ ഉറച്ച നിലപാടും എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകുന്ന നയസമീപനങ്ങളും ദിസനായകെയ്‌ക്ക്‌ അനുകൂലമായി. ആഭ്യന്തര യുദ്ധകാലത്ത്‌ തമിഴ്‌വംശജരിൽനിന്ന്‌ സർക്കാർ ഏജൻസികൾ പിടിച്ചെടുത്ത ഭൂമി തിരികെ നൽകുമെന്നും ദിസനായകെ പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

0 comments
Sort by

Home