24 October Thursday

ഹൂസ്റ്റണിൽ നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

ഹൂസ്റ്റണ്‍  >  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ "ഹൗഡി മോഡി' പരിപാടിക്കിടെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ അമേരിക്കക്കാര്‍.  ആയിരക്കണക്കിന് പേർ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ അമേരിക്കക്കാരുടെ കൂട്ടായ്മയായ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി (എജെഎ), ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓഫ്‌ ഹൂസ്റ്റൺ, വിവിധ മനുഷ്യാവകാശ – സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ അറിയിച്ചു.



ഹിന്ദു, മുസ്ലീം, ദലിത്, സിഖ്, ക്രിസ്ത്യന്‍ എന്നീ സമുദായങ്ങളില്‍പ്പെട്ട ഇന്ത്യന്‍ അമേരിക്കക്കാരുടെ കൂട്ടായ്മയാണ് എജെഎ. പുരോഗമന ഹിന്ദു കൂട്ടായ്മയായ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്എഫ്എച്ച്ആര്‍), ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി), ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈനോറിറ്റീസ് ഓഫ് ഇന്ത്യ (ഒഎഫ്എംഐ) എന്നീ സംഘടനകളും പ്രതിഷേധത്തിലുണ്ട്.

 യുഎസ് ആസ്ഥാനമായുള്ള നിരവധി പൗരാവകാശ സംഘടനകളും എജെഎയുടെ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് പ്രഖ്യാപിച്ചു. ജൂത വോയ്‌സ് ഫോര്‍ പീസ് (ജെവിപി), ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമേ കശ്മീരികളും സിക്കുകാരും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തേ അറിയിച്ചുന്നു.

  മതേതരത്വം പുലർന്നിരുന്ന രാജ്യത്തെ നിലവിലുള്ള അവസ്ഥ പേടിപ്പെടുത്തുന്നതും ആശങ്കാജനകവുമാണെന്ന്‌ പ്രതിഷേധക്കാർ പറയുന്നു. മോഡി സർക്കാർ ഏകപക്ഷീയമായി കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമൂലം കശ്‌മീരിൽ ബുദ്ധിമുട്ടുന്ന ബന്ധുക്കൾക്കുവേണ്ടി രണ്ടുപേർ ഹൂസ്റ്റൺ കോടതിയിൽ മോഡിക്കെതിരെ ഹർജി നൽകിയതായി ഹൂസ്റ്റൺ ക്രോണിക്കിൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നു. കശ്മീരികളെ തടവിലാക്കിയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങള്‍ , ആള്‍ക്കൂട്ട അതിക്രമങ്ങൾ, അസമിലെ പൗരത്വ പട്ടികയുടെ പേരിലുള്ള പീഡനങ്ങള്‍ എന്നീ വിഷയങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധം.

മോഡിയും ട്രംപും പിന്തുടരുന്ന വിദ്വേഷ രാഷ്ട്രീയത്തോടുള്ള കടുത്ത എതിര്‍പ്പ് കാണിക്കാനും മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ദളിതര്‍, കശ്മീര്‍ ജനത എന്നിവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമാണ്‌ പ്രതഷേധമെന്ന്‌ ജൂത വോയ്‌സ് ഫോര്‍ പീസിന്റെ സാക്ക് ചാറ്റര്‍ജി ഷ്‌ലാച്ചര്‍ ട്വിറ്ററില്‍ കുറിച്ചു.

 
 ‘ഹൗഡി മോഡി’ പരിപാടിക്ക്‌ വേദിയാകുന്ന ഹൂസ്റ്റണിൽ കഴിഞ്ഞ ദിവസം ഇമൽഡ ചുഴലിക്കാറ്റ്‌ കനത്ത നാശം വിതച്ചിരുന്നു. ഹൂസ്റ്റൺ ഭൂഖണ്ഡാന്തര വിമാനത്താവളത്തിൽനിന്ന്‌ 900 വിമാനങ്ങൾ റദ്ദാക്കുകയോ വൈകിക്കുകയോ ചെയ്‌തു. ഹൂസ്റ്റണടക്കം ടെക്‌സസിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി. രണ്ടുപേർ മരിച്ചു. 13 കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 


പ്രധാന വാർത്തകൾ
 Top