കാൻബെറ
കാലാവസ്ഥാ നയത്തിൽ മാറ്റംവരുത്തി രാജ്യത്തെ പുതിയ ദിശയിലൂടെ നയിക്കുമെന്ന് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആൽബനീസ്. പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ വികസനത്തിൽ വൻ ശക്തിയാകാൻ ഓസ്‌ട്രേലിയക്ക് കഴിയും. കാലാവസ്ഥാ വ്യതിയാനത്തിലെടുക്കുന്ന കൃത്യമായ നടപടി തൊഴിലവസരങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്‌ക്കും ഗുണകരമാകും. സാമൂഹ്യ സുരക്ഷയ്‌ക്കും വേതന വർധനയ്‌ക്കും പ്രാധാന്യം നൽകുമെന്നും ആൽബനീസ് പറഞ്ഞു.
ഒരു ദശാബ്ദത്തിനുശേഷമാണ് തീവ്രവലതുപക്ഷ ഭരണം അവസാനിപ്പിച്ച് മധ്യ ഇടതുപക്ഷ പാർടിയായ ലേബര്‍ പാർടി സ്ഥാനാർഥി ആന്തണി ആൽബനീസ് അധികാരത്തിലെത്തിയത്. നിലവിൽ പ്രധാനമന്ത്രിയായിരുന്ന ലിബറൽ പാർടി നേതാവ് സ്‌കോട്ട് മോറിസണെ പരാജയപ്പെടുത്തിയാണ് നേട്ടം.
സർക്കാർ പെൻഷൻ ഉപയോഗിച്ചാണ് "സിംഗിൾ മദറായ' അമ്മ മര്യാൻ എല്ലെരി ആൽബനീസിനെ വളർത്തിയത്. ഇരുപതാം വയസ്സുമുതൽ ലേബർ പാർടിയുടെ അമരക്കാരനായി. 2007ൽ കെവിൻ റഡ് സർക്കാരിൽ ഗതാഗതമന്ത്രിയുമായിരുന്നു.
തിങ്കളാഴ്‌ച നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ആന്തണി ആൽബനീസ് ജപ്പാനിലെ ടോക്യോയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും കൂടിക്കാഴ്‌ച നടത്തിയേക്കും. 151 അധോസഭയിൽ നിലവിൽ ലേബർ പാർടിക്ക് 72 സീറ്റും ലിബറൽ പാർടി സഖ്യത്തിന് 55 സീറ്റുമാണുള്ളത്. വോട്ടെണ്ണൽ തുടരുന്നതിനാൽ അന്തിമ ഫലം പുറത്തുവരാൻ കുറച്ചുദിവസംകൂടി എടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..