14 July Tuesday

ആംഗല മെർക്കൽ ഉടക്കി; ജി7 ഉച്ചകോടി മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020


വാഷിങ്‌ടൺ
ജൂണിൽ നേതാക്കൾ നേരിട്ട്‌ പങ്കെടുത്ത്‌ ജി7 ഉച്ചകോടി നടത്തണമെന്ന്‌ നിർദേശിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തീരുമാനം മാറ്റി. കോവിഡ്‌ ഭീഷണി തുടരുന്നതിനാൽ നേരിട്ടുള്ള ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന്‌ ജർമൻ ചാൻസലർ ആംഗല മെർക്കൽ വ്യക്തമാക്കിയതിന്‌ പിന്നാലെയാണ്‌ മാറ്റം. അമേരിക്കയിൽ സെപ്‌തംബറിൽ ഉച്ചകോടി നടത്താനാണ്‌ പുതിയ തീരുമാനം.

ഫ്ലോറിഡയിൽനിന്ന്‌ വാഷിങ്‌ടണിലേക്കുള്ള വിമാനയാത്രയിൽ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരോടാണ്‌ ട്രംപ്‌ ഇക്കാര്യം അറിയിച്ചത്‌. സെപ്‌തംബർ 15ന്‌ ആരംഭിക്കേണ്ട യുഎൻ പൊതുസഭാ സമ്മേളനത്തിന്‌ മുമ്പോ ശേഷമോ ഉള്ള വാരാന്ത്യത്തിൽ ഉച്ചകോടി നടത്താം എന്നാണ്‌ പുതിയ നിർദേശം. ജി7 കാലഹരണപ്പെട്ടെന്നും ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നിവയെ ഉൾപ്പെടുത്തി ജി10, അല്ലെങ്കിൽ ജി11 ആയി വികസിപ്പിക്കണമെന്നും ട്രംപ്‌ പറഞ്ഞു.

ചൈനയുടെ ഭാവി എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ ചർച്ച ചെയ്യാൻ തങ്ങളുടെ പരമ്പരാഗത സഖ്യരാഷ്‌ട്രങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്നതിനാണിതെന്ന്‌ വൈറ്റ്‌ഹൗസിലെ സ്‌ട്രാറ്റജിക്‌ കമ്യൂണിക്കേഷൻ ഡയറക്ടർ അലിസ്സ അലെക്‌സാന്ദ്ര ഫാറ പറഞ്ഞു. 2014ൽ റഷ്യയെ ഒഴിവാക്കുന്നതുവരെ അവർ കൂടി ഉൾപ്പെട്ട ജി8 ആയിരുന്നു. ക്രിമിയയെ റഷ്യയോട്‌ ചേർത്തതിന്റെ പേരിലാണ്‌ അവരെ പുറത്താക്കിയത്‌.


പ്രധാന വാർത്തകൾ
 Top